ട്രാവൽ ഇൻഷുറൻസ് എന്നത് നമ്മൾ ഒരിക്കലും ഉപയോഗിക്കേണ്ടി വരില്ലെന്ന് കരുതി എടുത്തു വെക്കുന്ന ഒന്നാണ്. വിമാന ടിക്കറ്റുകൾക്കൊപ്പം എടുത്തുവെച്ചാലും യാത്രയിൽ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് ഈ ഇൻഷുറൻസിനെ കുറിച്ച് ആലോചിക്കുക . ലഗേജ് നഷ്ടപ്പെടുകയോ, വിമാനം റദ്ദാക്കുകയോ, അടിയന്തര വൈദ്യസഹായം ആവശ്യമുള്ള സാഹചര്യങ്ങൾ ഉണ്ടാകുകയോ ചെയ്യുമ്പോൾ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്ന് ഭൂരിഭാഗം പേരും കരുതുന്നു. എന്നാൽ, പലപ്പോഴും ഇങ്ങനെയുണ്ടാകുന്ന ക്ലെയിമുകൾ ഇൻഷുറൻസ് കമ്പനികൾ നിരസിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യാറുണ്ട്. ഇതിന് പ്രധാന കാരണം പോളിസി ഉടമകൾ ക്ലെയിം ചെയ്യുന്ന സമയത്ത് വരുത്തുന്ന വീഴ്ചകളാണ്. എന്നാൽ കൃത്യമായ തയ്യാറെടുപ്പുകൾ ഉണ്ടെങ്കിൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാം.
വിദേശത്തുവെച്ച് ആശുപത്രിയിൽ പ്രവേശിക്കേണ്ട സാഹചര്യം ഉണ്ടായാൽ, ചികിത്സയ്ക്കാകും മുൻഗണന നൽകുക. എങ്കിലും, എത്രയും വേഗം ഇൻഷുറൻസ് കമ്പനിയെ വിവരം അറിയിക്കുക എന്നത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് മെഡിക്കൽ അടിയന്തര സാഹചര്യങ്ങളിൽ, ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം ഒരുക്കാൻ കമ്പനിക്ക് സാധിക്കും. നാട്ടിൽ തിരിച്ചെത്തിയ ശേഷം മാത്രം ക്ലെയിം ചെയ്യാൻ കാത്തിരിക്കുന്നത് കാര്യങ്ങൾ സങ്കീർണമാക്കും.
ആശുപത്രി ബില്ലുകൾ മാത്രം സൂക്ഷിച്ചാൽ പോരാ, ഇൻഷുറൻസ് കമ്പനികൾ ആവശ്യപ്പെടുന്ന മറ്റ് രേഖകളും പ്രധാനമാണ്. ലഗേജ് വൈകിയാൽ എയർലൈനിൽ നിന്ന് റിപ്പോർട്ട് വാങ്ങുക, പാസ്‌പോർട്ട് മോഷണം പോയാൽ പൊലീസ് കംപ്ലയിന്‍റ് ഫയൽ ചെയ്യുക. കൂടാതെ ഫ്ലൈറ്റ് ഡിലേ സർട്ടിഫിക്കറ്റ്, ബോർഡിങ് പാസ്, ഹോട്ടൽ ഇൻവോയ്‌സുകൾ തുടങ്ങിയവ ക്ലെയിം ലഭിക്കാൻ അത്യാവശ്യമാണ്. രേഖകൾ കൃത്യമല്ലെങ്കിൽ ക്ലെയിം നിരസിക്കപ്പെടുകയോ കാലതാമസം നേരിടുകയോ ചെയ്യാം.
എല്ലാ യാത്രാ പ്രശ്നങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കണമെന്നില്ല. ഓരോ പോളിസിയിലും നിബന്ധനകളും വ്യവസ്ഥകളും ഉണ്ടാകും. യാത്രക്ക് മുൻപ് പോളിസി ഷെഡ്യൂൾ ഒന്ന് വായിക്കുന്നത് അനാവശ്യമായ പ്രതീക്ഷകൾ ഒഴിവാക്കാൻ സഹായിക്കും.
യാത്ര കഴിഞ്ഞാലുടൻ ക്ലെയിം സമർപ്പിക്കാൻ തിടുക്കം കാണിക്കാറുണ്ട്. എന്നാൽ ചെറിയ തെറ്റുകൾ പോലും ക്ലെയിം വൈകുന്നതിന് കാരണമാകാം. യാത്രാ തീയതികളിലെ തെറ്റുകൾ, രേഖകളുടെ കുറവ്, തെറ്റായ വിവരങ്ങൾ എന്നിവ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് കൂടുതൽ ചോദ്യങ്ങൾ ക്ഷണിച്ചുവരുത്തും. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് വിവരങ്ങൾ ഒന്നുകൂടി പരിശോധിക്കാൻ സമയം കണ്ടെത്തുക.
രേഖകൾ അപ്‌ലോഡ് ചെയ്തു എന്നത് കൊണ്ട് മാത്രം ജോലി അവസാനിക്കുന്നില്ല. ഇൻഷുറൻസ് കമ്പനികൾ കൂടുതൽ രേഖകളോ വിശദീകരണങ്ങളോ ചോദിച്ചേക്കാം. ഇമെയിലുകൾക്കോ ഫോൺ കോളുകൾക്കോ കൃത്യമായി മറുപടി നൽകിയില്ലെങ്കിൽ ക്ലെയിം നടപടികൾ വൈകും.
യാത്ര പ്ലാൻ ചെയ്യുന്നത് പോലെ തന്നെ പ്രധാനമാണ് ഇൻഷുറൻസ് ക്ലെയിമിനായുള്ള രേഖകൾ തയ്യാറാക്കുന്നതും. കൃത്യസമയത്ത് വിവരം അറിയിക്കുക, പ്രധാന രേഖകൾ സൂക്ഷിക്കുക, യാത്രക്ക് മുൻപ് പോളിസി വ്യവസ്ഥകൾ വായിക്കുക എന്നീ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയൊരു സാമ്പത്തിക സമ്മർദ്ദത്തിൽ നിന്ന് രക്ഷനേടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.