എൽ.ഐ.സി പോളിസിയുടെ പ്രീമിയം സമയത്ത് അടക്കാൻ കഴിയാതെ വിഷമിക്കുന്നവർക്ക് ആശ്വാസമായി ഇ.പി.എഫ്.ഒ. യോഗ്യതയുള്ള അംഗങ്ങൾക്ക് അവരുടെ ഇ.പി.എഫ് അക്കൗണ്ടിൽ നിന്ന് നേരിട്ട് എൽ.ഐ.സി പ്രീമിയം അടക്കാൻ സാധിക്കും. ഇതിലൂടെ താൽക്കാലിക സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഇൻഷുറൻസ് പോളിസികൾ നിലച്ചുപോകുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.
ഇ.പി.എഫ് പദ്ധതിയുടെ ഖണ്ഡിക 68(ഡി.ഡി) പ്രകാരമാണ് ഈ സൗകര്യം അനുവദിച്ചിരിക്കുന്നത്. പുതിയ എൽ.ഐ.സി പോളിസി എടുക്കുമ്പോഴും, തുടർന്ന് വരുന്ന വാർഷിക പ്രീമിയം അടക്കുന്നതിനും അംഗങ്ങൾക്ക് ഈ സംവിധാനം ഉപയോഗിക്കാം. സാമ്പത്തിക ബുദ്ധിമുട്ടുള്ള സമയങ്ങളിൽ പോളിസി ഉടമകൾക്ക് ഇത് ഒരു സുരക്ഷാ കവചം പോലെയാണ്.
പ്രീമിയം അടക്കാൻ ആവശ്യമായ തുക മാത്രമേ പി.എഫ് അക്കൗണ്ടിൽ നിന്ന് പിൻവലിക്കാൻ കഴിയൂ. ഈ തുക പി.എഫ് ബാലൻസിൽ നിന്ന് നേരിട്ട് കുറയുന്നതിനാൽ, അത് വിരമിക്കൽ സമ്പാദ്യത്തെ ബാധിക്കും. ഒരു സാമ്പത്തിക വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഈ സൗകര്യം ഉപയോഗിക്കാൻ അനുമതി. അടക്കേണ്ട പ്രീമിയത്തിനേക്കാൾ കൂടുതൽ തുക പിൻവലിക്കാൻ സാധിക്കില്ല.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയങ്ങളിൽ എൽ.ഐ.സി പ്രീമിയം പി.എഫ് അക്കൗണ്ടിൽ നിന്ന് അടക്കാനുള്ള ഈ അവസരം ഏറെ സഹായകരമാണ്.
എന്നാൽ, ഇത് സ്ഥിരം ശീലമാക്കാതെ അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കുന്നതാണ് ഉചിതം. അങ്ങനെ ചെയ്താൽ ഇൻഷുറൻസ് സംരക്ഷണവും വിരമിക്കൽ സുരക്ഷയും ഒരുപോലെ നിലനിർത്താൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.