മുംബൈ: ഇറാൻ യുദ്ധത്തിൽ കൂപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണികൾ. ദലാൽ സ്ട്രീറ്റിൽ ഉടലെടുത്ത വിൽപന സമ്മർദമാണ് ഇന്ത്യൻ ഓഹരി വിപണികളെ ബാധിച്ചത്. ബി.എസ്.ഇ സെൻസെക്സ് 2,743 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റിയിൽ 519 പോയിന്റ് നഷ്ടമുണ്ടായി.
എന്നാൽ, പിന്നീട് സെൻസെക്സും നിഫ്റ്റിയും നേരിയ മുന്നേറ്റം കാഴ്ചവെച്ചുവെങ്കിലും നഷ്ടം നികത്താനായിട്ടില്ല. നിലവിൽ സെൻസെക്സ് 1,055 പോയിന്റ് നഷ്ടത്തോടെ 80,231 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 322 പോയിന്റ് നഷ്ടത്തോടെ 24,854 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. ഓഹരി വിപണിയിലെ തകർച്ച മൂലം നിക്ഷേപകർക്ക് 7.8 ലക്ഷം കോടി നഷ്ടമുണ്ടായി. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 463.50 ലക്ഷത്തിൽ നിന്ന് 455.70 ലക്ഷം കോടിയായി കുറഞ്ഞു.
ലാർസൻ&ടുർബോ, റിലയൻസ് ഇൻഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, മഹീന്ദ്ര & മഹീന്ദ്ര, ഭാരതി എയർടെൽ, എച്ച്.ഡി.എഫ്.സി ബാങ്ക്, എറ്റേണൽ, എസ്.ബി.ഐ തുടങ്ങിയ കമ്പനികൾക്കാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്.
സിംഗപ്പൂർ: ഇസ്രായേൽ-യു.എസ് സംയുക്തസേനകളുടെ ഇറാൻ ആക്രമണത്തിന് പിന്നാലെ എണ്ണവില കുതിക്കുന്നു. ഏഴ് ശതമാനം വരെ വർധനവാണ് എണ്ണവിലയിൽ ഉണ്ടായത്. മിഡിൽ ഈസ്റ്റ് മുഴുവൻ യുദ്ധഭീതിയിലായതോടെയാണ് അത് എണ്ണവിപണിയേയും സ്വാധീനിച്ചത്.
ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഉൽയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില 82.37 ഡോളറയി ഉയർന്നു. 78.24 ഡോളറിൽ നിന്നാണ് ബ്രെന്റ് ക്രൂഡിന്റെ വില ജയർന്നത്. 5.38 ഡോളറിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. യു.എസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വില 4.66 ഡോളർ ഉയർന്ന് 75.33 ഡോളറായി ഉയർന്നു.
ഈനിലയിൽ പോവുകയാണെങ്കിൽ ഈ ആഴ്ച തന്നെ ക്രൂഡോയിൽ വില 90 ഡോളറിലേക്ക് എത്തുമെന്നാണ് പ്രവചനങ്ങൾ. അടുത്തയാഴ്ചയോടെ എണ്ണവില 100 ഡോളർ പിന്നിടും. ഇത് ആഗോള സമ്പദ്‍വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാണ്. ഇന്ത്യ ഉൾപ്പടെ എണ്ണ ഇറക്കുമതിയെ വൻ തോതിൽ ആശ്രയിക്കുന്ന രാജ്യങ്ങളെ ഇത് കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടും.
ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടില്ലെങ്കിലും യുദ്ധം തുടങ്ങിയതിന് ശേഷം സുരക്ഷ മുൻനിർത്തി ഇതുവഴി കപ്പലുകൾ വരാൻ മടിക്കുകയാണ്. ഇത് പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. നിരവധി കപ്പലുകളാണ് ഹോർമുസ് വഴിയുള്ള യാത്ര റദ്ദാക്കിയത്. ഹോർമുസ് വഴിയുള്ള യാത്രയുടെ സുരക്ഷക്കായി ഫ്രാൻസ് കൂടുതൽ കപ്പലുകളെ അയച്ചുവെങ്കിലും അതൊന്നും പ്രതിസന്ധി മറികടക്കാൻ പര്യാപ്തമാവില്ലെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.