മുംബൈ: ഓഹരി നിക്ഷേപകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടാറ്റ കാപിറ്റൽ ഐ.പി.ഒ ഈ വർഷം ഒക്ടോബർ ആദ്യം വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. സെപ്റ്റംബറിൽ തുടങ്ങേണ്ട പ്രാഥമിക ഓഹരി വിൽപനയാണ് ഒക്ടോബറിലേക്ക് നീണ്ടത്. ബാങ്ക് ഇതര സാമ്പത്തിക സ്ഥാപനമായ ടാറ്റ മോട്ടോർസ് ഫിനാൻസ് കമ്പനി ടാറ്റ കാപിറ്റലിൽ ലയിപ്പിക്കുന്നതിലുണ്ടായ കാലതാമസമാണ് ഐ.പി.ഒ വൈകാൻ കാരണം.
16,500-17,500 കോടി രൂപയുടെ ഐ.പി.ഒയുമായാണ് ടാറ്റ കാപിറ്റൽ വരുന്നത്. സാമ്പത്തിക മേഖലയിലെ ഏറ്റവും വലിയ ഐ.പി.ഒ ആയിരിക്കും ടാറ്റ കാപിറ്റലിന്റെത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കിതര സ്ഥാപനമായ ടാറ്റ കാപിറ്റൽ അടുത്ത മൂന്ന് വർഷത്തെ പദ്ധതികൾ മുന്നിൽ കണ്ടാണ് ഇത്രയും തുക സമാഹരിക്കുന്നതെന്നാണ് വിവരം. മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം 2.2 ലക്ഷം കോടി രൂപയുടെ അസറ്റ് അണ്ടർ മാനേജ്മെന്റാണ് ഈ കമ്പനിക്കുള്ളത്. മൂന്ന് വർഷത്തിനിടെ ശരാശരി 28 ശതമാനത്തിന്റെ വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്.
ഉടമകളായ ടാറ്റ സൺസിന് 92.83 ശതമാനം ഓഹരികളാണ് ടാറ്റ കാപിറ്റലിലുള്ളത്. ഐ.പി.ഒയിലൂടെ 47.58 കോടി ഓഹരികളാണ് വിൽക്കുന്നത്. 2023 നവംബറിൽ ടാറ്റ ടെക്നോളജീസ് ലിമിറ്റഡ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ശേഷം ആദ്യമായാണ് ടാറ്റ ഗ്രൂപ്പിൽനിന്ന് മറ്റൊരു കമ്പനി ഐ.പി.ഒയുമായി എത്തുന്നത്. വിപണിയിൽ ലിസ്റ്റ് ചെയ്ത ശേഷം നിക്ഷേപകർക്ക് 100 ശതമാനത്തിലേറെ നേട്ടം സമ്മാനിച്ച ഓഹരിയാണ് ടാറ്റ ടെക്നോളജീസ് ലിമിറ്റഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.