മുംബൈ: തുടർച്ചയായ ആറാം ദിവസവും ഓഹരി വിപണിയിൽ ഇടിവ്. പ്രധാന സൂചികകളായ നിഫ്റ്റി-50 124 പോയന്റും സെൻസെക്സ് 376 പോയന്റുമാണ് ഇടിഞ്ഞത്. എച്ച് വൺ ബി വിസ ഫീസ് കുത്തനെ ഉയർത്തിയതിന് പിന്നാലെ ഫാർമസി ഉത്പന്നങ്ങൾക്ക് കനത്ത താരിഫ് ചുമത്തിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിയാണ് വെള്ളിയാഴ്ചത്തെ കൂട്ടവിൽപനക്ക് കാരണം. ഫാർമ കമ്പനികളുടെ ഓഹരികളാണ് ഏറ്റവും കനത്ത നഷ്ടം നേരിട്ടത്. ഐ.ടി, ഹെൽത് കെയർ തുടങ്ങിയ ഓഹരികളും നിക്ഷേപകർ വിറ്റഴിച്ചു. സൺ ഫാർമ രണ്ട് ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. ഓഹരി വിൽപന ശക്തമായതോടെ നിഫ്റ്റി 24,767.95 എന്ന പോയന്റിന് താഴെ എത്തി.
വിദേശ നിക്ഷേപകരുടെ കൂട്ട ഓഹരി വിൽപനയാണ് ഓഹരി വിപണിയുടെ തുടർച്ചയായ ഇടിവിന് കാരണം.
കഴിഞ്ഞ ദിവസം 5,097.51 കോടി രൂപയുടെ ഓഹരിയാണ് വിദേശികൾ വിറ്റത്. ആറ് മാസത്തിനിടെ വിപണി ആദ്യമായാണ് തുടർച്ചയായി വിൽപന സമ്മർദം നേരിടുന്നത്. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ 3.2 ലക്ഷം കോടി രൂപയുടെ വിപണി മൂലധനം ഇടിവിൽ നഷ്ടപ്പെട്ടെന്നാണ് കണക്ക്. ആറ് ദിവസത്തിനിടെ മാത്രം വിദേശ നിക്ഷേപകർ ഒരു ലക്ഷത്തോളം കോടി രൂപയുടെ ഓഹരി വിറ്റു. എച്ച്‍വൺ ബി വിസ ഫീസ് കുത്തനെ ഉയർത്തിയതോടെയാണ് വിദേശ നിക്ഷേപകരുടെ വിൽപന വർധിച്ചത്. ട്രംപ് പുതിയ താരിഫ് പ്രഖ്യാപിച്ചതിനാൽ ഫാർമസ്യൂട്ടിക്കൽ കമ്പനി ഓഹരികളും വരും ദിവസങ്ങളിൽ വിദേശികൾ കൈയൊഴിയുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.