ഓഹരി വിപണിയിൽ വൻ തട്ടിപ്പ്; കമ്പനി ഉടമകൾ കവർന്നത് കോടികൾ

മുംബൈ: ഓഹരി വിപണിയിൽ വീണ്ടും വൻ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തി സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). പ്രഥമ ഓഹരി വിൽപനയിലൂടെ നിക്ഷേപകരിൽനിന്ന് സമാഹരിച്ച 100 കോടിയിലേറെ രൂപ കമ്പനികളുടെ പ്രമോട്ടർമാർ കവർന്നതായാണ് തെളിഞ്ഞത്. ചെറുകിട കമ്പനികളാണ് ഫണ്ട് പ്രമോട്ടറുടെതടക്കം മറ്റു പല കമ്പനികളിലേക്കും മാറ്റിയത്. 20 ചെറുകിട കമ്പനികളുടെ (സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസ്-എസ്.എം.ഇ) ഐ.പി.ഒകൾ സംബന്ധിച്ച് സെബി നടത്തുന്ന അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ. ഫസ്റ്റ് ഓവർസീസ് കാപിറ്റൽ ലിമിറ്റഡ് എന്ന ബാങ്ക് കൈകാര്യം ചെയ്ത ഐ.പി.ഒകളിലാണ് തട്ടിപ്പ് നടന്നത്. ​കഴിഞ്ഞ മാസം ബാങ്കിന് 20 ലക്ഷം രൂപ പിഴ ചുമത്തിയ സെബി, ഓഹരി വിപണിയിൽ ഇടപെടുന്നതിന് രണ്ട് വർഷത്തെ വിലക്കും ഏർപ്പെടുത്തിയിരുന്നു.

സമീറ അഗ്രോ ആൻഡ് ഇൻഫ്രാ, അമനയ വെഞ്ചേസ്, ക്യൂ.എം.എസ് മെഡിക്കൽ അലൈഡ് സർവിസസ്, ഇറ്റാലിയൻ എഡിബിൾസ്, ഗ്രാഫിസ്ആഡ്സ്, ഇലക്ട്രോ ഫോഴ്സ് (ഇന്ത്യ), ശ്രീ ഒ.എസ്.എഫ്.എം ഇ-മൊബിലിറ്റി, വരാനിയം ക്ലൗഡ് തുടങ്ങിയ കമ്പനികളുടെ ഐ.പി.ഒ ഫണ്ടാണ് ദുരുപയോഗം ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രമോട്ടറുടെ മറ്റു കമ്പനികളിലേക്കും വ്യാജ സ്ഥാപനങ്ങളുടെ പേരിലേക്കും ഐ.പി.ഒ ഫണ്ട് മാറ്റിയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും സെബി ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഉടൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബാങ്ക് സ്റ്റേറ്റ്മെന്റ് അടക്കമുള്ള സുപ്രധാന രേഖകളുടെ ഫോറൻസിക് പരിശോധ നടത്തിയാണ് തട്ടിപ്പ് കണ്ടെത്തിയത്. ബിസിനസ് വികസിപ്പിക്കാനെന്ന പേരിൽ നി​ക്ഷേപകരിൽനിന്ന് ​സമാഹരിച്ച തുകയാണ് ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങി ദിവസങ്ങൾക്കകം വെട്ടിച്ചത്. 20 കമ്പനികൾ മൂന്ന് മാസത്തിനിടെ 560 കോടിയോളം രൂപയാണ് ഐ.പി.ഒകളിൽനിന്ന് സമാഹരിച്ചിരുന്നത്. രണ്ട് കോടി മുതൽ 80 കോടി വരെയായിരുന്നു ഈ കമ്പനികളുടെ ഐ.പി.ഒ തുക. അന്വേഷണം പൂർത്തിയാകുന്നതോടെ മാത്രമേ വെട്ടിച്ച തുകയുടെ യഥാർഥ കണക്ക് പുറത്തുവരൂ. കവർന്നത് 100 കോടി രൂപയേക്കാൾ കൂടുതലാകുമെന്നാണ് സെബി വൃത്തങ്ങൾ നൽകുന്ന സൂചന. നേരത്തെ ചില ചട്ടലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഫസ്റ്റ് ഓവർസീസ് കാപിറ്റൽ ലിമിറ്റഡിനെതിരെ നടപടി സ്വീകരിച്ചത്. എന്നാൽ, നിലവിൽ, ഐ.പി.ഒ തുക ദുരുപയോഗം ചെയ്തതിനെ കുറിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബാങ്കും കമ്പനികളുടെ മാനേജ്മെന്റുകളും ചേർന്നാണ് തട്ടിപ്പ് നടത്തിയത്.

നേ​രത്തെ നിർമാൺ അഗ്രി ജെനറ്റിക്സ്, സിനോപ്ടിക്സ് ടെക്​നോളജീസ് തുടങ്ങിയ എസ്.എം.ഇകൾ ഐ.പി.ഒയിലൂടെ സമാഹരിച്ച തുക ദുരുപയോഗം ചെയ്തതായി കണ്ടെത്തിയതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്. നിർമാൺ അഗ്രി 18.89 കോടി രൂപ അതായത് ഐ.പി.ഒയിലൂടെ സമാഹരിച്ച തുകയുടെ 93 ശതമാനവും പ്രമോട്ടർമാർ കീശയിലാക്കി. സിനോപ്ടിക്സ് പ്രമോട്ടർമാർ 19 കോടി രൂപയാണ് കവർന്നത്. ഫസ്റ്റ് ഓവർസീസ് കാപിറ്റൽ ലിമിറ്റഡ് കൈകാര്യം ചെയ്ത സെൽ പോയന്റ് (ഇന്ത്യ), ഓൺ ഡോർ കോൺസെപ്റ്റ്, ഡ്യുകോൾ ഓർഗാനിക്സ് ആൻഡ് കളർസ്, ഇഷാൻ ഇന്റർനാഷനൽ തുടങ്ങിയ കമ്പനികളുടെ ഐ.പി.ഒകളിൽ സമാനമായ തട്ടിപ്പ് നടന്നിട്ടുണ്ടേയെന്നും സെബി പരിശോധിക്കുന്നുണ്ട്.

Tags:    
News Summary - SEBI detects fund scam in SME IPOs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT