മുംബൈ: പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ) ക്ക് വീണ്ടും അപേക്ഷ നൽകി ഹോസ്പിറ്റാലിറ്റി ബ്രാൻഡ് ഒയോയുടെ മാതൃകമ്പനിയായ പ്രിസം. കോൺഫിഡൻഷ്യൽ റൂട്ടിലൂടെയാണ് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡിന് (സെബി) അപേക്ഷ സമർപ്പിച്ചത്. ഇതു മൂന്നാം തവണയാണ് ഒയോ ഐ.പി.ഒക്ക് അപേക്ഷ നൽകുന്നത്.
ഐ.പി.ഒയിലൂടെ 6,650 കോടി സമാഹരിക്കാനാണ് കമ്പനിയുടെ പ്ലാൻ. 72,000 കോടി രൂപ മൂല്യമുള്ള കമ്പനിയാണ് ഒയോ. ഫണ്ട് സമാഹരിക്കാൻ ഡിസംബറിൽ കമ്പനിക്ക് ഓഹരി ഉടമകളുടെ അനുമതി ലഭിച്ചിരുന്നു.
നിലവിലെ പദ്ധതി പ്രകാരം ഓയോയുടെ പ്രമോട്ടർമാരോ ആദ്യകാല നിക്ഷേപകരോ ഓഹരി വിൽക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ക്വിക്ക് കൊമേഴ്സ് കമ്പനിയായ സെപ്റ്റോയും ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ടും ഡിജിറ്റൽ സാമ്പത്തിക സേവന സ്ഥാപനമായ ഫോൺപേയും ഈ വർഷം ഐ.പി.ഒക്ക് തയാറെടുക്കുന്നതിനിടെയാണ് ഒയോയുടെ നീക്കം.
ഓഹരി വിപണിയിൽനിന്ന് ഫണ്ട് സമാഹരിക്കാൻ 197 കമ്പനികൾക്കാണ് സെബി അനുമതി നൽകിയത്. ഏകദേശം 31 ബില്ല്യൻ ഡോളർ അതായത് 2.79 ലക്ഷം കോടി രൂപയാണ് കമ്പനികൾ ഈ വർഷം സമാഹരിക്കുക. നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചും റിലയൻസ് ജിയോ ഇൻഫോകോമും മണിപാൽ ഹെൽത് എന്റർപ്രൈസസും എസ്.ബി.ഐ ഫണ്ട്സ് മാനേജ്മെന്റും ഐ.പി.ഒക്ക് താൽപര്യം പ്രകടിപ്പിച്ചിരുന്നു.
2021ലാണ് ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങാൻ ഒയോ ആദ്യ പദ്ധതിയിട്ടത്. അന്ന് സമർപ്പിച്ച അപേക്ഷ സെബി തിരിച്ചയക്കുകയായിരുന്നു. 2024ൽ സമർപ്പിച്ച അപേക്ഷ ഒയോ സ്വയം പിൻവലിക്കുകയും ചെയ്തു. വിപണിയിലെ അനിശ്ചിതാവസ്ഥയും കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തതാണ് ഐ.പി.ഒ വൈകാൻ ഇടയാക്കിയത്.
കഴിഞ്ഞ വർഷം 103 മുൻനിര കമ്പനികൾ ചേർന്ന് 1.75 ലക്ഷം കോടി രൂപയാണ് ഐ.പി.ഒയിലൂടെ സമാഹരിച്ചത്. ഇന്ത്യയുടെ ഐ.പി.ഒ വിപണിക്ക് രണ്ട് വർഷത്തിനിടെ വ്യക്തമായ മാറ്റമുണ്ടായതായി അവൻഡസ് കാപിറ്റൽ തലവനും മാനേജിങ് ഡയറക്ടറുമായ ഗൗരവ് സൂദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.