സ്വർണ പണയത്തിൻമേൽ വായ്പയെന്ന പരസ്യം പലയിടത്തും നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ, സ്വർണം മാത്രമല്ല വെള്ളി പണയംവെച്ചും ഇനി വായ്പയെടുക്കാം. ഇതിനുള്ള മാർഗനിർദേശങ്ങൾ ആർ.ബി.ഐ പുറത്തിറക്കി. 2026 ഏപ്രിൽ ഒന്ന് മുതലായിരിക്കും പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരികയെന്നും ആർ.ബി.ഐ ഉത്തരവിൽ വ്യക്തമാക്കുന്നു.
കൊമേഴ്സ്യൽ ബാങ്ക്, അർബൻ, റൂറൽ സഹകരണബാങ്കുകൾ, എൻ.ബി.എഫ്.സി, ഹൗസിങ് ഫിനാൻസ് കമ്പനികൾ എന്നിവക്കാണ് വെള്ളി പണയമായി എടുത്ത് വായ്പ നൽകാൻ അവകാശം. വെള്ളി ഈടായി സ്വീകരിച്ച് വായ്പ നൽകുമ്പോൾ പണയംവെച്ച വസ്തുവിന്റെ ഉടമസ്ഥാവകാശത്തിൽ ഉൾപ്പടെ കൃത്യമായ പരിശോധന വേണമെന്ന് ആർ.ബി.ഐ നിർദേശിക്കുന്നുണ്ട്.
പരമാവധി എത്രത്തോളം വെള്ളി ഈടായി സ്വീകരിച്ച് വായ്പ നൽകാമെന്നും ആർ.ബി.ഐയുടെ ഉത്തരവിലുണ്ട്. 10 കിലോ ഗ്രാം വെള്ളി വരെ ഈടായി സ്വീകരിച്ച് വായ്പ നൽകാമെന്നാണ് ആർ.ബി.ഐ അറിയിച്ചിരിക്കുന്നത്. വെള്ളി ആഭരണങ്ങൾക്കാണ് ഈ പരിധി. വെള്ളി കോയിനുകളാണെങ്കിൽ വായ്പ നൽകുന്നതിന് വേണ്ടി എടുക്കുന്ന തൂക്കം പരമാവധി 500 ഗ്രാം കവിയരുതെന്ന് നിബന്ധനയുണ്ട്.
രണ്ടരലക്ഷം രൂപക്ക് താഴേയാണ് വായ്പയെങ്കിൽ പണയംവെച്ച ആഭരണങ്ങൾക്ക് വിപണി വിലയുടെ 85 ശതമാനം വരെ വായ്പയായി നൽകാം. രണ്ടര ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിലാണ് വായ്പയെങ്കിൽ വിപണി വിലയുടെ 80 ശതമാനം വായ്പയായി നൽകാമെന്നും അഞ്ച് ലക്ഷത്തിന് മുകളിലാണ് വായ്പയെങ്കിൽ വിപണി വിലയുടെ 75 ശതമാനം മാത്രമേ വായ്പയായി നൽകാവുവെന്നും ആർ.ബി.ഐ വ്യക്തമാക്കുന്നു. ലോഹഭാഗങ്ങൾക്ക് മാത്രമേ വായ്പ നൽകാവുവെന്നും അതിൽ പതിപ്പിച്ചിരിക്കുന്ന വില കൂടിയ കല്ലുകൾ വായ്പക്കായി പരിഗണിക്കരുതെന്നും ആർ.ബി.ഐ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.