മുംബൈ: പുതിയ തലമുറ ടെക്നോളജി ഇ-കൊമേഴ്സ് സ്റ്റാർട്ട് അപ് മീഷോയുടെ പ്രഥമ ഓഹരി വിൽപനക്ക് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതി. 7000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിടുന്ന ഐ.പി.ഒ ഡിസംബറിൽ വിപണിയിലെത്തുമെന്നാണ് സൂചന. ജൂലായിലാണ് മീഷോ സെബിക്ക് ഐ.പി.ഒ അപേക്ഷ സമർപ്പിച്ചത്.
സ്റ്റാർട്ട്അപ്പുകൾക്ക് ഐ.പി.ഒ വിപണിയിൽ വൻ സ്വീകാര്യത ലഭിക്കാൻ തുടങ്ങിയതോടെയാണ് മീഷോയും ഓഹരി വിൽപനക്ക് ഒരുങ്ങുന്നത്. ലെൻസ്കാർട്ട്, ഗ്രോ തുടങ്ങിയ സ്റ്റാർട്ട് അപ്പുകളും ഐ.പി.ഒക്ക് തയാറെടുക്കുന്നുണ്ട്.
88,770 കോടിയോളം രൂപയുടെ മൂല്യമുള്ള കമ്പനിയാണ് മീഷോ. മൊത്തം ഓഹരികളിൽ പത്ത് ശതമാനത്തോളമാണ് കമ്പനികൾ സാധാരണ ഐ.പി.ഒയിലൂടെ വിൽക്കാറുള്ളത്. ഉടമകളായ വിദിത് ആത്രേ, സഞ്ജീവ് ബാൺവാൾ എന്നിവർക്കൊപ്പം പീക് എക്സ്‍വി പാർട്ണേഴ്സ്, എലിവേഷൻ കാപിറ്റൽ, വെൻച്വർ ഹൈവേ, വൈ കോംപിനേറ്റർ തുടങ്ങിയ നിക്ഷേപ കമ്പനികളും ഐ.പി.ഒയിലൂടെ ഓഹരികൾ വിൽക്കും.
കുറഞ്ഞ കാലത്തിനുള്ളിൽ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായി വളർന്ന കമ്പനിയാണ് മീഷോ. 2031 സാമ്പത്തിക വർഷത്തോടെ ശരാശരി 26 ശതമാനം വാർഷിക വളർച്ച നേടുമെന്നാണ് സി.എൽ.എസ്.എ റിപ്പോർട്ട് പറയുന്നത്. അതേസമയം, കമ്പനിക്ക് ഇതുവരെ ലാഭം നേടാൻ കഴിഞ്ഞിട്ടില്ലെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 289 കോടി രൂപയുടെ നഷ്ടം നേരിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.