നിക്ഷേപകർക്ക് ബംപർ; മൂലധനത്തിൽ കൊറിയൻ മുതലാളിയെ മറികടന്ന് എൽ.ജി

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങിയ എൽ.ജി ഇലക്ട്രോണിക്സ് ഇന്ത്യ നിക്ഷേപകർക്ക് ഒറ്റ ദിവസം സമ്മാനിച്ചത് കൈനിറയെ റിട്ടേൺ. പ്രഥമ ഓഹരി വിൽപനയിലെ (ഐ.പി.ഒ) വി​ലയേക്കാൾ 50 ശതമാനം ഉയർന്ന ലാഭത്തിലാണ് എൽ.ജി ഓഹരി നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്തത്. അതായത് ഐ.പി.ഒയിലൂടെ ഓഹരി സ്വന്തമാക്കിയ ചെറുകിട നിക്ഷേപകർക്ക് ഉൾപ്പെടെ 50 ശതമാനം റിട്ടേൺ ലഭിച്ചു.

1140 രൂപക്കാണ് ഐ.പി.ഒയിലൂടെ കമ്പനി ഓഹരി വിറ്റത്. എന്നാൽ, 1710 രൂപക്ക് വിപണിയിൽ വ്യാപാരം തുടങ്ങിയ ഓഹരി ചെറുകിട നിക്ഷേപകർക്ക് 7000 രൂപയിലേറെ ലാഭം നൽകി.

പ്രതീക്ഷിച്ചതിനേക്കാൾ മികച്ച ലാഭമാണ് എൽ.ജി ഐ.പി.ഒ നൽകിയതെന്ന് ഏഞ്ചൽ വണിലെ ഓഹരി വിദഗ്ധനായ വഖാർ ജാവേദ് ഖാൻ പറഞ്ഞു. അതേസമയം, ഐ.പി.ഒ അലോട്ട്മെന്റ് ലഭിച്ച നിക്ഷേപകർ ഓഹരി വിറ്റ് ലാഭമെടുക്കാനും വില ഇടിയുമ്പോൾ പുതിയ നിക്ഷേപകർ ഓഹരി വാങ്ങാനും സാധ്യത​യുണ്ടെന്ന് യെസ് സെക്യൂരിറ്റീസിലെ കൺസ്യൂമർ ഡ്യൂറബ്ൾസ്, ഇൻസ്റ്റിറ്റ്യൂഷനൽ ഇക്വിറ്റീസ് റിസർച്ച് വൈസ് പ്രസിഡന്റ് ആകാശ് ഫാഡിയ അഭിപ്രായപ്പെട്ടു.

ഈ അടുത്ത കാലത്ത് ഇത്രയും മികച്ച ലാഭത്തിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന 10,000 കോടി രൂപയുടെ മുകളിലുള്ള ഏക ഐ.പി.ഒ ആണ് എൽ.ജി. മാത്രമല്ല, വിപണി മൂലധനത്തിൽ കൊറിയയിലെ സ്വന്തം മുതലാളിയെ എൽ.ജി ഇന്ത്യ മറികടന്നു. മൂലധനത്തിൽ പാരന്റ് കമ്പനിയെ പിന്നിലാക്കുന്ന മൂന്നാമത്തെ കമ്പനിയാണിത്.

1,14,223 കോടി രൂപയാണ് എൽ.ജി ഇലക്ട്രോണിക്സ് ഇന്ത്യയുടെ മൊത്തം വിപണി മൂലധനം. അതായത് 12.8 ബില്ല്യൻ ഡോളർ. എന്നാൽ, ഉടമകളായ ​കൊറിയയിലെ എൽ.ജി ഇലക്ട്രോണിക്സ് ​ഐഎൻസിയുടെ വിപണി മൂലധനം 9.3 ബില്ല്യൻ ഡോളർ മാത്രമാണ്.

പാരന്റ് കമ്പനികളെ അതായത് ഉടമസ്ഥ കമ്പനിയെ വിപണി മൂലധനത്തിൽ രണ്ട് പ്രമുഖ സ്ഥാപനങ്ങളാണ് ഇന്ത്യയിൽ മറികടന്നിട്ടുള്ളത്. മാരുതി സുസുകിയും ഷാഫ്‍ലർ ഇന്ത്യയും. ജപ്പാനിലെ സുസുകി മോട്ടോർ കോർപറേഷന്റെ വിപണി മൂലധനം 2,49,986 കോടി രൂപയാണെങ്കിൽ ഇന്ത്യയിലെ മാരുതി സുസുകിയുടെ മൂലധനം 5,11,069 കോടി രൂപയാണ്. ജർമൻ കമ്പനിയായ ഷാഫ്‍ലർ എ.ജിയുടെ മൂലധനം 59,680 കോടി രൂപയും ഷാഫ്‍ലർ ഇന്ത്യയുടെത് 61,931 കോടിയുമാണ്. 

Tags:    
News Summary - LG india IPO listing gives 50 percent return

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT