ടാറ്റയും എൽ.ജിയും; ഓഹരി വിപണിയിൽ ഐ.പി.ഒ ഉത്സവം

മുംബൈ: രാജ്യത്തെ പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ) വിപണിയിൽ ഈ മാസം ഉത്സവാഘോഷമാണ്. ഈ വർഷത്തെ ഏറ്റവും വലിയ ഐ.പി.ഒക്ക് തുടക്കം കുറിക്കുന്ന മാസമാണിത്. അഞ്ച് ബില്ല്യൻ ഡോളർ അതായത് 45,000 കോടി രൂപയുടെ ഐ.പി.ഒകളാണ് നിക്ഷേപകരെ കാത്തിരിക്കുന്നത്. ടാറ്റ കാപിറ്റൽ, എൽ.ജി ഇലക്ട്രോണിക്സ്, ഐ.സി.ഐ.സി പ്രുഡൻഷ്യൽ എ.എം.സി, പൈൻ ലാബ്സ്, വിവർക്ക് തുടങ്ങിയ വൻകിട കമ്പനികളടക്കമാണ് വിപണിയിൽ ആദ്യമായി ഓഹരി വിൽക്കുന്നത്. 28,500 കോടി രൂപയാണ് ഐ.പി.ഒകളിലൂടെ ടാറ്റയും എൽ.ജിയും മാത്രം സമാഹരിക്കുക.

ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കും ഓഹരി വിപണിയിലെ കനത്ത ഇടിവിനുമിടയിലാണ് ഐ.പി.ഒകളിൽ നിക്ഷേപകരുടെ താൽപര്യം കുതിച്ചുയരുന്നത്. ലക്ഷക്കണക്കിന് ചെറുകിട നിക്ഷേപകരുടെ താൽപര്യം വർധിച്ചതാണ് ഐ.പി.ഒ വിപണിയുടെ വളർച്ചക്ക് കാരണം. നിലവിൽ മ്യൂച്ച്വൽ ഫണ്ടുകൾക്കും ഇൻഷൂറൻസ് സ്ഥാപനങ്ങൾക്കും അടക്കം എത്ര ഓഹരികൾ വാങ്ങിക്കാനുമുള്ള സാമ്പത്തിക ശേഷിയുണ്ടെന്ന് കമ്പനികളെ ഐ.പി.ഒക്ക് തയാറാക്കുന്ന യുനിക് കൺസൾട്ടകിലെ കെ. രഘുറാം പറഞ്ഞു. എസ്.ഐ.പികളിലൂടെ ചെറുകിട നിക്ഷേപകർ കോടിക്കണക്കിന് രൂപയാണ് ഓരോ മാസവും മ്യൂച്ച്വൽ ഫണ്ടുകൾക്കും മറ്റും നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ വ്യവസായ ഭീമനായ ടാറ്റ ഗ്രൂപ്പ് സ്ഥാപനത്തിന്റെ ഓഹരികൾ സ്വന്തമാക്കാനുള്ള അവസരമാണ് ടാറ്റ കാപിറ്റൽ ഐ.പി.ഒയിലൂടെ നിക്ഷേപകർക്ക് ലഭിക്കുക. ബാങ്കിതര ധനകാര്യ സ്ഥാപനമായ ടാറ്റ കാപിറ്റൽ തിങ്കളാഴ്ചയാണ് വിപണിയിലെത്തുന്നത്. 310 മുതൽ 326 രൂപ വരെയായിരിക്കും വില. ടാറ്റ കാപിറ്റലായിരിക്കും ഈ വർഷത്തെ ഏറ്റവും വലിയ ഐ.പി.ഒ. 15,500 കോടി രൂപയാണ് വിപണിയിൽനിന്ന് സമാഹരിക്കുക.

ദക്ഷിണ കൊറിയൻ കമ്പനിയുടെ സബ്സിഡിയറിയായ എൽ.ജി ഇലക്ട്രോണിക്സിന്റെ 11,600 കോടി രൂപയുടെ ഐ.പി.ഒ ചൊവ്വാ​ഴ്ച തുടങ്ങും. 1,080-1,140 രൂപയായിരിക്കും ഒരു ഓഹരിയുടെ വില.  വ്യത്യസ്ത കമ്പനികൾക്ക് ഒരു കുടക്കീഴിൽ ജോലി ചെയ്യാനുള്ള ഓഫിസ് സൗകര്യം ഒരുക്കുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയായ വിവർക്ക് ഐ.പി.ഒ വെള്ളിയാഴ്ച ​വിപണിയിലെത്തിയിരുന്നു. 3000 കോടി രൂപയാണ് ഈ കമ്പനി സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. 

Tags:    
News Summary - IPO market set for record month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT