മുംബൈ: രാജ്യത്തെ വിപണിയിൽ റെക്കോഡ് വിൽപന നടത്തി വിദേശ നിക്ഷേപകർ. ഈ വർഷം ഡിസംബർ 26 വരെയുള്ള കാലയളവിൽ 94,976 കോടി രൂപയാണ് വിദേശികൾ കീശയിലാക്കിയത്. കഴിഞ്ഞ വർഷം 1,65,769 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നത്. ഇന്ത്യ-യു.എസ് വ്യാപാര കരാർ വൈകുന്നതും രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതും ഓഹരികളുടെ മൂല്യം അമിതമായി ഉയർന്നതുമാണ് വിദേശികളുടെ കൂട്ടവിൽപനയിലേക്ക് നയിച്ചത്. കഴിഞ്ഞ വർഷം 1,52,775 കോടി രൂപയുടെ കടപ്പത്രങ്ങൾ വാങ്ങിയിരുന്ന വിദേശികൾ ഈ വർഷം 59,390 കോടി രൂപ മാത്രമാണ് നിക്ഷേപിച്ചത്.
പ്രഥമ ഓഹരി വിൽപനയിൽ (ഐ.പി.ഒ) 73,583 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെങ്കിലും വിദേശ നിക്ഷേപകരുടെ ഈ വർഷത്തെ മൊത്തം ഓഹരി വിൽപന 1,58,407 കോടി രൂപയാണെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവിസസ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാർ പറഞ്ഞു. ഇന്ത്യയിൽ നിക്ഷേപം തുടങ്ങിയ ശേഷം ആദ്യമായാണ് വിദേശികൾ ഒരു വർഷം ഇത്രയേറെ തുകയുടെ ഓഹരികൾ വിൽപന നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മാർച്ച് (32,981 കോടി), മേയ് (30,950 കോടി) മാസങ്ങളിലാണ് വിദേശികൾ ഏറ്റവും കൂടുതൽ ഓഹരികൾ വാങ്ങിയത്. എന്നാൽ, പിന്നീട് കൂട്ടവിൽപനയാണ് വിപണി കണ്ടത്. ആഗസ്റ്റിൽ 20,505 കോടി രൂപയും സെപ്റ്റംബറിൽ 12,539 കോടി രൂപയും വിദേശികൾ കീശയിലാക്കി. ജനുവരിയിലാണ് ഏറ്റവും അധികം ഓഹരികൾ വിറ്റഴിച്ചത്. 77,211 കോടി രൂപയുടെ വിൽപന. ഡിസംബറിൽ ഇതുവരെ 29,494 കോടി രൂപയുടെ വിൽപന നടത്തിയതായാണ് എൻ.എസ്.ഡി.എൽ കണക്ക്.
യു.എസ് വ്യാപാര കരാറിലെ അനിശ്ചിതാവസ്ഥയും രൂപയുടെ മൂല്യത്തകർച്ചയുമാണ് ഓഹരി വിപണിയിൽ നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെടാൻ കാരണമെന്ന് ബില്ല്യൻസ് സ്ഥാപകനും സി.ഐ.ഒയുമായ അഭിഷേക് ഗോയങ്ക പറഞ്ഞു. ഡോളറുമായുള്ള വിനിമയത്തിൽ മൂല്യം കൂപ്പുകുത്തിയ ഇന്ത്യൻ രൂപ ഏഷ്യയിലെ ഏറ്റവും മോശം കറൻസിയായി മാറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർഷത്തെ മോശം പ്രകടനത്തിന് ശേഷം ഇന്ത്യൻ ഓഹരികൾ ആകർഷകമാകുമെന്നും എന്നാൽ, രൂപയുടെ മൂല്യം ഇടിയുന്നത് വിദേശ നിക്ഷേപകരെ അസ്വസ്ഥരാക്കുമെന്നും ഗോയങ്ക മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.