മുംബൈ: പുതിയ തലമുറ ഓഹരി ബ്രോർക്കറേജ് കമ്പനിയായ ഗ്രോ പ്രഥമ ഓഹരി വിൽപനക്ക് (ഐ.പി.ഒ) ഒരുങ്ങുന്നതായി റിപ്പോർട്ട്. നവംബർ ആദ്യ ആഴ്ച ഐ.പി.ഒ വിപണിയിലെത്തുമെന്ന് ഇകണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. ബംഗളൂരു ആസ്ഥാനമായ കമ്പനി ഓഹരി വിൽപനയിലൂടെ 7000 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദല്ലക്ക് വൻ നിക്ഷേപമുള്ള കമ്പനിയാണ് ഗ്രോ. ഒക്ടോബർ അവസാനത്തോടെ ഓഹരി വില അദ്ദേഹം പ്രഖ്യാപിക്കുമെന്നാണ് സൂചന. രാജ്യത്തെ 26.27 ശതമാനം ചെറുകിട വ്യാപാരികളും ഓഹരി നിക്ഷേപവും വ്യാപാരവും നടത്തുന്ന കമ്പനിയാണ് ഗ്രോ.
ഗ്രോയുടെ ഉടമകളായ ബില്ല്യൻബ്രെയിൻസ് ഗാരേജ് വെഞ്ചേർസിന് എട്ട് ബില്ല്യൻ ഡോളർ അതായത് 70,400 കോടി രൂപയുടെ മൂല്യമുണ്ടെന്നാണ് വിവരം. രാജ്യത്തെ ഐ.പി.ഒ വിപണിയിൽ നിക്ഷേപം കുതിച്ചുയർന്നതിന്റെ പശ്ചാത്തലത്തിലാണ് ഗ്രോയുടെ വരവ്. ഒക്ടോബറിൽ ടാറ്റ കാപിറ്റൽ, എൽ.ജി ഇലക്ട്രോണിക്സ് തുടങ്ങിയ വൻകിട കമ്പനികളുടെ ഐ.പി.ഒകൾ നിക്ഷേപകരുടെ ഹൃദയം കവർന്നിരുന്നു.
അതേസമയം, ഫ്യൂച്ചേർസ് ആൻഡ് ഒപ്ഷൻസ് വ്യാപാരത്തിൽ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നതിനെ തുടർന്ന് ഗ്രോയുടെ ലാഭത്തിൽ വൻ ഇടിവ് നേരിടുമെന്ന മുന്നറിയിപ്പുണ്ട്. ജൂൺ പാദത്തിൽ ഗ്രോയുടെ വരുമാനം 9.6 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വർഷത്തെ 1000 കോടി രൂപയിൽനിന്ന് 904 കോടി രൂപയിലേക്കാണ് ഈ വർഷം ഇടിഞ്ഞത്. എന്നാൽ, നികുതി കഴിഞ്ഞുള്ള ലാഭത്തിൽ 12 ശതമാനം വളർച്ചയാണുണ്ടായത്. ജൂൺ വരെയുള്ള നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ കണക്ക് പ്രകാരം 1.26 കോടി ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.