കൊച്ചി: സ്വർണവിലയിൽ ഇന്നും വീണ്ടും വർധന. കേരളത്തിൽ രണ്ട് നിരക്കിലായിരുന്ന ഇരുവിഭാഗം സ്വർണവ്യാപാര സംഘടനകളും ഇന്നത്തെ വില വർധനവോടെ ഒരേ നിരക്കിലെത്തി.
ബി.ഗോവിന്ദനും ജസ്റ്റിൻ പാലത്രയും നേതൃത്വം നൽകുന്ന എ.കെ.ജി.എസ്.എം.എ ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വർധിപ്പിച്ചത്. കെ.സുരേന്ദ്രൻ, അഡ്വ.എസ്.അബ്ദുൽന്നാസർ എന്നിവർ നേതൃത്വം നൽകുന്ന വിഭാഗം ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർധിപ്പിച്ചു.
ഇതോടെ ഇരുവിഭാഗം ജ്വല്ലറികളിലും ഒരു ഗ്രാം സ്വർണത്തിന്റെ വില 11,495 രൂപയായും പവന് 91,960 രൂപയായും വർധിച്ചു. യു.എസും ചൈനക്കുമിടയിൽ നിലനിൽക്കുന്ന വ്യാപാര യുദ്ധം തന്നെയാണ് സ്വർണവില ഉയരാനുള്ള പ്രധാനകാരണങ്ങളിലൊന്ന്. സ്പോട്ട് ഗോൾഡ് വിലയിൽ 0.6 ശതമാനത്തിന്റെ വർധവാണ് ഉണ്ടായത്. 4,034.14 ഡോളറായാണ് സ്വർണവില ഉയർന്നത്. റെക്കോഡിലെത്തിയതിന് പിന്നാലെ ഇന്ന് ആഗോളവിപണിയിൽ സ്വർണത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
വെള്ളിയാഴ്ച ചൈനക്കുമേൽ യു.എസ് 100 ശതമാനം തീരുവ ചുമത്തിയിരുന്നു. ഇതിന് മറുപടിയായി യു.എസുമായി വ്യാപാരയുദ്ധത്തിൽ ഏർപ്പെടാൻ യാതൊരു മടിയുമില്ലെന്ന് ചൈന വ്യക്തമാക്കുകയും ചെയ്തു. ഇരുവിഭാഗവും നിലപാടിൽ ഉറച്ചുനിൽക്കുന്നത് ആഗോള സമ്പദ്‍വ്യവസ്ഥയിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. നിലവിൽ സ്വർണവില ഉയരാനുള്ള പ്രധാനകാരണങ്ങളിലൊന്ന് ചൈന-യു.എസ് വ്യാപാര യുദ്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.