10,956 കോടിയുടെ ഐ.ടി ഓഹരി വിറ്റ്​ വിദേശികൾ

മുംബൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ആശങ്കകൾക്കിടെ ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) ഓഹരികളിൽനിന്ന് വൻതുകയുടെ നിക്ഷേപം പിൻവലിച്ച് വിദേശികൾ. ഫെബ്രുവരി ആദ്യ പകുതിയിൽ 10,956 കോടി രൂപയുടെ ഐ.ടി ഓഹരികളാണ് വിറ്റൊഴിവാക്കിയത്. ഈ വിൽപനയോടെ ഐ.ടി മേഖലയിൽ വിദേശികളുടെ മൊത്തം നിക്ഷേപം 4.49 ലക്ഷം കോടി രൂപയായി കുറഞ്ഞു. നാല് വർഷത്തെ ഏറ്റവും കുറഞ്ഞ നിക്ഷേപമാണിത്. ജനുവരി അവസാനം 5.34 ലക്ഷം കോടി രൂപയായിരുന്നു മൊത്തം നിക്ഷേപം. ഇതിൽ 16 ശതമാനത്തിന്റെ ഇടിവാണുണ്ടായതെന്ന് എൻ.എസ്.ഡി.എൽ ഡാറ്റ പറയുന്നു. കഴിഞ്ഞ വർഷം ജനുവരി മുതൽ വിദേശികൾ ഐ.ടി ഓഹരികൾ വിൽക്കുന്നുണ്ട്. 74,698 കോടി രൂപയുടെ ഓഹരി കഴിഞ്ഞ വർഷം വിറ്റെന്നാണ് കണക്ക്. ഓരോ കമ്പനിയുടെയും എത്ര ഓഹരികൾ വിദേശികൾ വിൽപന നടത്തിയെന്ന വിശദാംശങ്ങൾ മാർച്ച് സാമ്പത്തിക പാദത്തിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ വർഷം തുടക്കത്തിൽ വിദേശികൾക്ക് ​ഐ.ടി കമ്പനികളിൽ 7.3 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ടായിരുന്നു. തുടർച്ചയായ വിൽപന കാരണം വിദേശികളുടെ ഓഹരി പങ്കാളിത്തം 38 ശതമാനം കുറഞ്ഞു. ഫെബ്രുവരിയിൽ ഇൻഫോസിസ് ഓഹരി വില 16.5 ശതമാനവും ടി.സി.എസ് 14 ശതമാനവും എച്ച്‌.സി.എൽ ടെക്‌നോളജീസ് 14.2 ശതമാനവും ടെക് മഹീന്ദ്ര 12 ശതമാനവും പെർസിസ്റ്റന്റ് സിസ്റ്റംസും വിപ്രോയും 10 ശതമാനം വീതവും ഇടിഞ്ഞു. ഫെബ്രുവരി മുതൽ നിഫ്റ്റി ഐ.ടി സൂചികയിൽ 14 ശതമാനത്തിന്റെ നഷ്ടമാണുണ്ടായത്.

അതേസമയം, 10 വൻകിട ഐ.ടി ഓഹരികളിലെ മ്യൂച്വൽ ഫണ്ടുകളുടെ മൊത്തം നിക്ഷേപവും ഗണ്യമായി കുറഞ്ഞു. ഫെബ്രുവരി 13 ഓടെ 3.04 ലക്ഷം കോടി രൂപയായാണ് കുറഞ്ഞത്. ജനുവരി അവസാനം 3.56 ലക്ഷം കോടി രൂപയായിരുന്നു മൊത്തം നിക്ഷേപം. 50,000 കോടി രൂപയുടെ നിക്ഷേപം മ്യൂച്ച്വൽ ഫണ്ടുകൾ പിൻവലിച്ചെന്നാണ് സൂചന.

ഐ.ടിയിൽ താൽപര്യം കുറഞ്ഞെങ്കിലും മറ്റ് പല മേഖലകളിലെയും ഓഹരികൾ വിദേശികൾ വാങ്ങിക്കൂട്ടിയതായാണ് കണക്കുകൾ പറയുന്നത്. ഫെബ്രുവരി ആദ്യ പകുതിയിൽ കാപിറ്റൽ ഗുഡ്സ് ഓഹരികളിൽ 8,032 കോടി രൂപ നിക്ഷേപിച്ചു. ജനുവരിയിൽ 2,761 കോടി രൂപ നിക്ഷേപിച്ചിരുന്നു. അതുപോലെ സാമ്പത്തിക സേവനം, എണ്ണ, വാതക മേഖല​യിൽ യഥാക്രമം 6,175 കോടി രൂപയുടെയും 4,678 കോടി രൂപയുടെയും നിക്ഷേപം നടത്തി. ജനുവരിയിൽ സാമ്പത്തിക സേവന മേഖലയിലെ 8,592 കോടി രൂപയുടെ ഓഹരികളും എണ്ണ, വാതക രംഗത്തെ 940 കോടി രൂപയുടെ ഓഹരികളും വിറ്റതിന് ശേഷമാണ് ഫെബ്രുവരി ആദ്യ പകുതിയിൽ യുടേൺ അടിച്ചത്. 

Tags:    
News Summary - Foreign investors sold over Rs 10,956 crore in IT stocks in February

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT