മുംബൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) രംഗത്ത് അധികം ഓഹരികൾ ഇല്ലാത്ത വിപണിയാണ് ഇന്ത്യയുടെത്. യു.എസിൽ എൻവിഡിയ പോലുള്ള ഓഹരി വൻ നേട്ടം സമ്മാനിച്ചപ്പോൾ നോക്കി നിൽക്കാനെ ഇന്ത്യയിലെ നിക്ഷേപികർക്ക് കഴിഞ്ഞുള്ളൂ. അതേസമയം, എ.ഐ ഭീതിയിൽ നമ്മുടെ സ്വന്തം ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) ഓഹരികൾ കൂപ്പുകുത്തുകയും ചെയ്തു. ഇതിൽനിന്നെല്ലാം മാറി ഇന്ത്യയുടെ എ.ഐ സ്വപ്നങ്ങളുടെ ചിറകിലേറി നിശബ്ദമായി പറക്കുകയാണ് ഒരു ഹാർഡ്‌വെയർ കമ്പനി ഓഹരി.
നെറ്റ്‌വെബ് ടെക്നോളജീസ് എന്ന സ്മോൾ ക്യാപ് ഓഹരിയാണ് രണ്ടര വർഷം കൊണ്ട് നിക്ഷേപകർക്ക് കൈനിറയെ നേട്ടം സമ്മാനിച്ചത്. 2023 ജൂലൈയിലാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. അതിന് ശേഷം കമ്പനിയുടെ വിപണി മൂലധനം 600 ശതമാനം ഉയർന്നു. 500 രൂപയായിരുന്നു അന്ന് ഒരു ഓഹരി വില. വെള്ളിയാഴ്ച 3636.50 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. അതായത് 650 ശതമാനം റിട്ടേൺ. ദലാൽ സ്ട്രീറ്റിലെ ഏറ്റവും മികച്ച റിട്ടേൺ നൽകിയ ടെക്നോളജി സ്റ്റോക്കുകളിൽ ഒന്നായി നെറ്റ്‌വെബ് ടെക്നോളജീസ് മാറി. ശക്തമായ വരുമാന വളർച്ച, എ.ഐ അനുബന്ധ വരുമാനത്തിലെ കുത്തനെയുള്ള വർധന, ശക്തമായ ഓർഡർ ബുക്ക്, എ.ഐ അടിസ്ഥാന സൗകര്യ മേഖലയിലെ ഓഹരികളോടുള്ള പ്രിയം എന്നിവയാണ് കുതിപ്പിന് ഇന്ധനം പകർന്നത്.
ഹൈ പെർഫോമൻസുള്ള കമ്പ്യൂട്ടിങ് സംവിധാനങ്ങൾ രൂപകൽപന ചെയ്ത് നിർമിക്കുന്ന കമ്പനിയാണ് നെറ്റ്‌വെബ് ടെക്നോളജീസ്. ഇലക്ട്രോണിക്സ് ഘടകങ്ങൾ കൂട്ടിച്ചേർത്ത് ഉത്പന്നങ്ങൾ നിർമിക്കുന്ന പരമ്പരാഗത കമ്പനിയല്ല. മറിച്ച് സൂപ്പർ കമ്പ്യൂട്ടറുകൾ, എ.ഐ സിസ്റ്റങ്ങൾ, സ്വകാര്യ ക്ലൗഡ്, സ്റ്റോറേജ് സംവിധാനങ്ങൾ, എന്റർപ്രൈസ് ഡാറ്റാ സെന്ററുകൾ തുടങ്ങിയവക്ക് ഹാർഡ്വെയറുകളും സോഫ്റ്റ്വെയറുകളും നൽകുന്നവരാണ്. ‘ടൈറോൺ’ എന്ന ബ്രാൻഡിൽ ഹൈ പെർഫോമൻസുള്ള കമ്പ്യൂട്ടിങ് സിസ്റ്റങ്ങൾ വിൽക്കുന്നത് നെറ്റ്വെബാണ്. കമ്പനിക്ക് വരുമാനത്തിന്റെ 35 ശതമാനത്തിലധികം നേടിക്കൊടുക്കുന്നത് ഈ ഉത്പന്നമാണ്.
രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ സൂപ്പർ കമ്പ്യൂട്ടിങ് യാത്രയിൽ നെറ്റ്വെബുണ്ട്. 2004 ൽ ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി ‘കാബ്രു’ എന്ന സൂപ്പർ കമ്പ്യൂട്ടർ നിർമിച്ചു. അതിന് ശേഷം അവർ രാജ്യത്തിനായി 21 സൂപ്പർ കമ്പ്യൂട്ടറുകൾ പുറത്തിറക്കി. ഇവയിൽ മൂന്നെണ്ണം ആഗോളതലത്തിൽ മികച്ച 500 സൂപ്പർ കമ്പ്യൂട്ടർ റാങ്കിങ്ങിൽ 14 തവണ ഇടംപിടിച്ചിരുന്നു. ആഗോളതലത്തിൽ 75-ാം സ്ഥാനത്തുള്ള ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടറായ ഐരാവതും നെറ്റ്‌വെബ് തന്നെയാണ് നൽകിയത്.
എ.ഐ സിസ്റ്റംസ് വിഭാഗം കമ്പനിയുടെ പ്രധാന വളർച്ചാ എഞ്ചിനായി മാറിയിരിക്കുന്നുവെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. 2026 സാമ്പത്തിക വർഷത്തെ മൂന്നാം പാദ വരുമാനത്തിന്റെ 64 ശതമാനവും 2026 സാമ്പത്തിക വർഷത്തെ ഒമ്പത് മാസത്തെ വരുമാനത്തിന്റെ 48 ശതമാനവും ലഭിച്ചത് എ.ഐ സിസ്റ്റങ്ങൾ വിൽപനയിലൂടെയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വൻ വളർച്ചയാണിത്. 2024 സാമ്പത്തിക വർഷം എ.ഐ വരുമാനം വെറും 11 ശതമാനവും 2025 സാമ്പത്തിക വർഷം ഏകദേശം 15 ശതമാനവും മാത്രമായിരുന്നു.
2026 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ സർവകാല റെക്കോഡ് വരുമാനമാണ് കമ്പനിക്ക് ലഭിച്ചത്. വരുമാനം 805 കോടി രൂപയായി ഉയർന്നു. മുൻ വർഷത്തെ മൂന്നാം പാദത്തെ അപേക്ഷിച്ച് 141 ശതമാനത്തിന്റെയും 2026 സാമ്പത്തിക വർഷത്തിന്റെ 2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തെ അപേക്ഷിച്ച് 165 ശതമാനത്തിന്റെയും വർധനവുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.