മുംബൈ: നിക്ഷേപകർക്ക് നിരാശയും ഉപഭോക്താക്കൾക്ക് ആശ്വാസവും നൽകി സ്വർണ വില. വൻ ഇടിവിന് ശേഷം ഞായറാഴ്ച സ്വർണ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സ്വർണത്തിന് 11,995 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന്റെ വില 95,960 രൂപയിലും തുടരുകയാണ്. 24 കാരറ്റ് സ്വർണത്തിന് 13,086 രൂപയും 18 കാരറ്റിന് 9814 രൂപയുമാണ് കേരളത്തിലെ വില.
അതുപോലെ രാജ്യത്തെ പല നഗരങ്ങളിൽ വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു കിലോ വെള്ളിക്ക് 1,72,000 രൂപ നൽകണം. അതേസമയം, കേരളത്തിലെ വിപണിയിൽ ഒരു കിലോ വെള്ളിക്ക് 1,90,000 രൂപയാണ് വില.
അഞ്ചു ദിവസത്തെ ദീപാവലി ആഘോഷത്തിന് തുടക്കം കുറിച്ച ധന്തേരാസ് ദിവസം സ്വർണത്തിന് വൻ ഡിമാൻഡാണ് രേഖപ്പെടുത്തിയത്. സ്വർണം വാങ്ങാൻ ഏറ്റവും ശുഭകരമായ ദിവസമാണ് ധന്തേരാസ് എന്നാണ് വടക്കേ ഇന്ത്യക്കാരുടെ വിശ്വാസം. സുരക്ഷിത നിക്ഷേപമെന്ന നിലക്ക് സ്വർണാഭരണം വാങ്ങുന്നവർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് വിലക്കയറ്റത്തിലുണ്ടായ ട്വിസ്റ്റ്.
രണ്ട് മാസത്തെ കുതിപ്പിന് ശേഷം സ്വർണ വില ശനിയാഴ്ച കനത്ത ഇടിവ് നേരിട്ടിരുന്നു. 1400 രൂപയുടെ ഇടിവാണുണ്ടായത്. ഒരു ലക്ഷം കടക്കാൻ വെറും 2640 രൂപ മാത്രം ബാക്കിനിൽക്കെയാണ് സ്വർണ വില കൂപ്പുകുത്തിയത്.
ചൈനക്കെതിരെ ഉയർന്ന താരിഫ് തുടരില്ലെന്നും യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചർച്ച നടത്തുമെന്നുമുള്ള സൂചനകളായിരുന്നു വിലയിടിവിന് കാരണം. എന്നാൽ, എട്ട് ആഴ്ചത്തെ വിലക്കയറ്റത്തിന് ശേഷം നിക്ഷേപകർ സ്വർണം വിറ്റ് ലാഭമെടുത്തതാണ് വിലയിടിവിന് ഇടയാക്കിയതെന്നാണ് വിദഗ്ധർ പറയുന്നത്. അടുത്ത ആഴ്ച ആഗോള രാഷ്ട്രീയ സാമ്പത്തിക രംഗത്തുണ്ടാകുന്ന മാറ്റങ്ങൾ സ്വർണ വിലയിൽ കാര്യമായ മാറ്റം വരുത്തുമെന്നതിനാൽ വളരെ നിർണായകമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.