റെക്കോഡ് കീഴടക്കി വില; സ്വർണം വാങ്ങുന്നവർ ജാഗ്രതൈ!

മുംബൈ: സ്വർണ വില ഓരോ ദിവസവും പുതിയ റെക്കോഡ് കുറിച്ചാണ് മുന്നേറുന്നത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കം കുറിച്ച താരിഫ് യുദ്ധവും ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയുമാണ് വില വർധിപ്പിക്കുന്നത്. റിസർവ് ബാങ്ക് സ്വർണത്തിന്റെ കരുതൽ ശേഖരം വർധിപ്പിച്ചതും കുതിപ്പിന് ഇന്ധനം പകരുന്നുണ്ട്.

ഏറ്റവും സുരക്ഷിതമായ നിക്ഷേപമായാണ് സ്വർണം കണക്കാക്കപ്പെടുന്നത്. സ്വർണത്തിൽ നിക്ഷേപിച്ചവർക്ക് ഒരു വർഷത്തിനിടെ ലഭിച്ചത് 54 ശതമാനം ലാഭമാണ്. പുതിയ റെക്കോർഡ് തൊട്ടിട്ടും ഇപ്പോഴും സ്വർണത്തിൽ നിക്ഷേപിക്കാൻ ഒരുങ്ങുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് വിപണിയിലെ വിദഗ്ധർ.

സ്വർണത്തിൽ പുതുതായി നിക്ഷേപിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് ക​മ്മോഡിറ്റി വ്യാപാര രംഗത്തെ വിദഗ്ധരുടെ നിർദേശം. അതായത്, സ്വർണ വില ഇത്രയും മുന്നേറിയ സാഹചര്യത്തിൽ ചെറുകിട നിക്ഷേപകർക്ക് സ്വർണം വിറ്റ് ലാഭമെടുക്കാം. മാത്രമല്ല, റെക്കോർഡ് കുറിച്ചതിനാൽ വിലയിൽ ഇടിവുണ്ടാകാൻ സാധ്യതയുണ്ട്. പുതുതായി സ്വർണം വാങ്ങുന്നവർ അൽപംകൂടി കാത്തിരിക്കുകയും ​വേണം.

യു.എസ് താരിഫ് പ്രഖ്യാപനങ്ങളും അന്താരാഷ്ട്ര വിപണിയിൽ ഡോളറിന്റെ ഡിമാൻഡ് കുറയുന്നതുമാണ് വില കൂടാൻ കാരണമെങ്കിലും വരും മാസങ്ങളിൽ നിക്ഷേപകർ സ്വർണം വിറ്റ് ലാഭമെടുക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന് ഗിഫ്റ്റ് സിറ്റി ഐ.എഫ്.എസ്.സിയിലെ കമ്മോഡിറ്റി, കറൻസി ഡയറക്ടറായ നവീൻ മഥൂർ പറഞ്ഞു. അതേസമയം, ദീർഘകാല നിക്ഷേപം ലക്ഷ്യമിടുന്നവർക്ക് സ്വർണം ഇപ്പോഴും വാങ്ങാം. പുതുതായി സ്വർണം വാങ്ങുന്നവർ ജാഗ്രത പാലിക്കണം. അടുത്ത ആറ് മാസത്തിനുള്ളിൽ വില ഇടിഞ്ഞ ശേഷം വാങ്ങുന്നതായിരിക്കും ഉചിതമെന്നും അദ്ദേഹം ഉപദേശിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിന് 7100 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. ഒരു പവൻ സ്വർണത്തിന് 56800 രൂപയും വിലയുണ്ടായിരുന്നു. ഒരു വർഷത്തിന് ശേഷം ഇന്ന് ഒരു പവൻ സ്വർണ വില 87,040 രൂപ തൊട്ടു. ഒരു ഗ്രാം സ്വർണ വില 10,880 രൂപയുമായും ഉയർന്നു. അതായത് ഒരു വർഷത്തിനിടെ 54 ശതമാനം വർധനവാണ് സ്വർണ വിലയിലുണ്ടായത്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ മാത്രം നിക്ഷേപകർക്ക് സ്വർണം 24 ശതമാനം നേട്ടം നൽകി.

രൂപയെയും ഓഹരി വിപണിയെയും ഏറെ പിന്നിലാക്കിയാണ് സ്വർണത്തിന്റെ റാലി. രൂപ ഇതേകാലയളവിൽ ഡോളറുമായുള്ള വിനിമയത്തിൽ രൂപ ആറ് ശതമാനം ഇടിവ് നേരിട്ടപ്പോൾ, സുപ്രധാന ഓഹരി സൂചികയായ നിഫ്റ്റി നാല് ശതമാനം നഷ്ടമാണ് സമ്മാനിച്ചത്.

Tags:    
News Summary - Gold price rally brings big gains, but sparks calls for caution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT