ആഭരണം ആർക്കും വേണ്ട; സ്വർണം വാങ്ങിക്കൂട്ടിയവർക്ക് മറ്റൊരു ലക്ഷ്യം

മുംബൈ: സ്വർണ വില കുതിച്ചുയർന്നതോടെ ഡിമാൻഡ് കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സെപ്റ്റംബർ പാദത്തിൽ 16 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താവായ ഇന്ത്യക്ക് വിലക്കയറ്റം തിരിച്ചടി സമ്മാനിച്ചെന്നാണ് സൂചന. ഇത്തവണ 209.4 ടൺ സ്വർണമാണ് ഇന്ത്യക്കാർ വാങ്ങിയത്. കഴിഞ്ഞ വർഷം 248.3 ടൺ സ്വർണമായിരുന്നു. സ്വർണം വാങ്ങുന്നത് കുറഞ്ഞെങ്കിലും 23 ശതമാനം അധികം തുകയാണ് ചെലവഴിച്ചത്. അതായത് കഴിഞ്ഞ വർഷത്തെ 1.65 ലക്ഷം കോടി രൂപക്ക് പകരം ഇത്തവണ 2.03 ലക്ഷം കോടി രൂപ നൽകേണ്ടി വന്നു.

വേൾഡ് ഗോൾഡ് കൗൺസിലാണ് (ഡബ്ല്യു.ജി.സി) ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ആഭരണങ്ങളുടെ വിൽപനയിലാണ് ഏറ്റവും കൂടുതൽ ഇടിവ് നേരിട്ടത്. 171.6 ടണിൽനിന്ന് 117.7 ടണിലേക്ക് കൂപ്പുകുത്തി. 31 ശതമാനത്തിന്റെ കുറവുണ്ടായി. മാറ്റ് കുറഞ്ഞതും കാരറ്റ് കുറഞ്ഞതുമായ സ്വർണാഭരണങ്ങൾ ട്രെൻഡായെങ്കിലും ഉപഭോക്താക്കൾ പലരും ഷോപ്പിങ് മാറ്റിവെച്ചു. വില താങ്ങാൻ കഴിയാതെ വന്നതോടെയാണ് സ്വർണം വാങ്ങുന്നത് ഉപഭോക്താക്കൾ വേണ്ടെന്ന് വെച്ചത്.

അതേസമയം, വിലക്കയറ്റം മറ്റൊരു വിഭാഗം സ്വർണ മോഹികൾക്ക് ആവേശ പകർന്നതായാണ് കണക്കുകൾ പറയുന്നത്. വൻ ലാഭം നേടാമെന്ന് കരുതിയവർ തിരക്കിട്ട് വാങ്ങിക്കൂട്ടിയതോടെ സ്വർണ നിക്ഷേപത്തിൽ 74 ശതമാനത്തിന്റെ വർധനവുണ്ടായി. 88,970 കോടി രൂപയാണ് ഇന്ത്യക്കാർ കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം സ്വർണത്തിൽ നിക്ഷേപിച്ചത്. ആഭരണങ്ങൾക്ക് പകരം ആസ്തിയെന്ന നിലക്ക് ദീർഘകാല നിക്ഷേപമാണ് പലരുടെയും ലക്ഷ്യം. സ്വർണനാണയങ്ങളുടെയും ബാറുകളുടെയും ഡിമാൻഡിൽ 20 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. വില കൂടിയിട്ടും സ്വർണം വാങ്ങിക്കൂട്ടിയത് ദീർഘകാല നിക്ഷേപത്തിലൂടെ വൻ നേട്ടം സ്വന്തമാക്കാനുള്ള ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപര്യമാണ് കാണിക്കുന്നതെന്ന് ഡബ്ല്യു.ജി.സി ഇന്ത്യ റീജനൽ സി.ഇ.ഒ സച്ചിൻ ജെയിൻ പറഞ്ഞു.

ഇറക്കുമതി തീരുവയും ജി.എസ്.ടിയും കൂടാതെ സ്വർണത്തിന്റെ ശരാശരി ത്രൈമാസ വില കഴിഞ്ഞ വർഷത്തെ 66,614.1 രൂപയിൽനിന്ന് ഇത്തവണ 97,074.9 എന്ന നിരക്കിലേക്ക് ഉയർന്നതാണ് മഞ്ഞ ലോഹത്തിന്റെ തിളക്കം നഷ്ടപ്പെടുത്തിയത്. രാജ്യത്ത് സ്വർണത്തിന്റെ ഡിമാൻഡ് മാർച്ച് പാദത്തിൽ 600-700 ടണായി കുറയുമെന്നാണ് ഡബ്ല്യു.ജി.സി മുന്നറിയിപ്പ്.

അതേസമയം, മൂന്ന് ആഴ്ചക്കിടെ സ്വർണ വിലയിൽ നേരിയ ഇടിവുണ്ടായത് ഉത്സവ, വിവാഹ സീസൺ ആഘോഷിക്കുന്നവർക്ക് ഏറെ ആശ്വാസമാണ് നൽകുന്നത്. നവംബർ മുതൽ മാർച്ച് വരെ രാജ്യത്ത് വിവാഹ സീസണാണ്. ഒരു പവന് സർവകാല റെ​ക്കോഡ് വിലയായ 97,360 രൂപയിൽനിന്ന് ഏഴ് ശതമാനം കുറവിലാണ് ​സ്വർണം വ്യാപാരം ചെയ്യപ്പെടുന്നത്.  

Tags:    
News Summary - Gold demand falls in Sept. qtr but value rises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT