ഓഹരി വിപണിയിൽ വിദേശികളുടെ കുത്തക നഷ്ടപ്പെട്ടു; ഇനി​ ആഭ്യന്തര നിക്ഷേപകർ നയിക്കും

മുംബൈ: നിക്ഷേപകരുടെ ആവേശവും ആത്മവിശ്വാസവും വർധിച്ചതോടെ ചരിത്രം തിരുത്തി ആഭ്യന്തര ഓഹരി വിപണി. കൂടുതൽ ഓഹരികൾ സ്വന്തമാക്കിയവരുടെ കണക്കിൽ വിദേശികളെ പിന്തള്ളി ആഭ്യന്തര നിക്ഷേപകർ കുതിക്കുന്നു. ഓഹരി ഉടമസ്ഥതയിൽ വിദേശ നിക്ഷേപകരും ആഭ്യന്തര നിക്ഷേപകരും തമ്മിലുള്ള വ്യത്യാസം 25 വർഷത്തിനിടെ ആദ്യമായി ഏറ്റവും ഉയരത്തിലെത്തി.

2023 സാമ്പത്തിക വർഷത്തിന്റെ മാർച്ച് പാദത്തിൽ നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിലെ മൊത്തം ഓഹരികളിൽ മ്യൂച്ച്വൽ ഫണ്ട് കമ്പനികളുടെ നിക്ഷേപം 16.36 ശതമാനവും വിദേശികളുടെത് 18.89 ശതമാനവുമായിരുന്നു. എന്നാൽ, ഈ വർഷം സെപ്റ്റംബർ പാദത്തിൽ ആഭ്യന്തര സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം 18.26 ശതമാനത്തിലേക്ക് ഉയർന്നു. വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 16.71 ശതമാനത്തിലേക്ക് ഇടിയുകയും ചെയ്തു. 2009 ജൂണിൽ ആഭ്യന്തര നിക്ഷേപകർക്ക് 11.39 ശതമാനവും വിദേശികൾക്ക് 13.44 ശതമാനവും ഓഹരി പങ്കാളിത്തമാണുണ്ടായിരുന്നത്. 

13 വർഷത്തിനിടെ ആദ്യമായാണ് വിദേശികളുടെ നിക്ഷേപം ഇത്രയും കുറയുന്നതെന്ന് പ്രൈം ഡാറ്റബേസ് തയാറാക്കിയ റിപ്പോർട്ട് പറയുന്നു. 76,619 കോടി രൂപയുടെ ഓഹരി വിൽപനയാണ് വിദേശ നിക്ഷേപകരുടെ ആധിപത്യം നഷ്ടപ്പെടുത്തിയത്.

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് ഭീഷണിക്ക് പിന്നാലെയുണ്ടായ ആഗോള രാഷ്ട്രീയ സാമ്പത്തിക അനിശ്ചിതാവസ്ഥ കാരണം വിദേശികൾ ഓഹരികൾ കൂട്ടമായി വിൽപന നടത്തുകയായിരുന്നു.

അതേസമയം, ആഭ്യന്തര മ്യൂച്ച്വൽ ഫണ്ട് കമ്പനികൾ വൻ തോതിൽ ഓഹരികൾ വാങ്ങിക്കൂട്ടിയതോടെ നിക്ഷേപ പങ്കാളിത്തം റെക്കോഡിലേക്ക് കുതിച്ചുയർന്നു. മാത്രമല്ല, ചെറുകിട നിക്ഷേപകരുടെ ഓഹരി ഉടമസ്ഥത 7.53 ശതമാനത്തിൽനിന്ന് 7.43 ശതമാനത്തിലേക്ക് ഇടിയുകയും അതിസമ്പന്നരായ നിക്ഷേപകരുടെ ഓഹരി ഉടമസ്ഥത 2.05ൽനിന്ന് 2.09 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു.

കോർപറേറ്റ് ഇന്ത്യ ചെറുകിടവത്കരിക്കപ്പെടുന്നതിന്റെ സൂചനയാണ് നിക്ഷേപത്തിലെ അന്തരമെന്ന് അസിത് സി മേത്ത ഇന്റർമീഡിയറ്റ്സ് ഗവേഷണ മേധാവി സിദ്ധാർത്ഥ് ഭാംറെ പറഞ്ഞു. മ്യൂച്ച്വൽ ഫണ്ടുകളെ പ്രധാനമായും ചില്ലറ നിക്ഷേപകരാണ് നയിക്കുന്നത്. ഓഹരി വിപണിയിൽ മ്യൂച്ച്വൽ ഫണ്ടുകളുടെ പങ്കാളിത്തം സർവകാല റെക്കോഡ് തൊട്ടു. ജൂൺ പാദത്തിൽ 10.56 ശതമാനത്തിൽനിന്ന് 10.9 ശതമാനത്തിലേക്കാണ് ഉയർന്നത്. ഓരോ മാസവും കോടിക്കണക്കിന് രൂപയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിലൂടെ ഓഹരി വിപണിയിലേക്ക് ഒഴുകുന്നത്.

ജൂലായ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയവളവിൽ 1.02 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിദേശികൾ വിറ്റൊഴിവാക്കിയത്. അതേസമയം, ഇതേകാലയളവിൽ ആഭ്യന്തര വിപണിയിലെ മ്യൂച്ച്വൽ ഫണ്ട് കമ്പനിൾ 2.21 ലക്ഷം കോടി രൂപയുടെ ഓഹരികൾ വാങ്ങുകയാണുണ്ടായത്.

നിക്ഷേപകർ കൂടിയതോടെ മൂല്യം പരിഗണിക്കാതെ ആഭ്യന്തര വിപണിയിലെ ഓഹരികൾ വാങ്ങാൻ മ്യൂച്ച്വൽ ഫണ്ടുകൾ നിർബന്ധിതരായിരിക്കുകയാണ്. എന്നാൽ, വിദേശികൾക്ക് മറ്റു രാജ്യങ്ങളിലെ ആകർഷകമായ വിപണികളിലേക്ക് ഫണ്ട് മാറ്റാനുള്ള അ‌വസരമുണ്ടെന്ന് ഭാംറെ പറഞ്ഞു.

ഓഹരികളുടെ വില അ‌മിതമായി ഉയർന്നുനിൽക്കുന്നതാണ് ആഗോള നിക്ഷേപകരെ ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് പിന്തിരിപ്പിക്കുന്നത്. വിപണിയിൽ ശക്തമായ തിരുത്തലുണ്ടായാൽ ചെറുകിട നിക്ഷേപകർ ഓഹരികൾ വിറ്റൊഴിവാക്കുകയും വിദേശികൾ തിരിച്ചുവരികയും ചെയ്യുമെന്ന് ഭാംറെ പ്രതീക്ഷ പ്രകടിപ്പിച്ചു.

വിദേശികൾ യു.എസ്, ​ചൈന, തായ്വാൻ, ദക്ഷിണ കൊറിയ തുടങ്ങിയ ഓഹരി വിപണികളിലാണ് ഈ വർഷം നിക്ഷേപം നടത്തിയതെന്ന് ഐ.ഐ.എഫ്.എൽ കാപിറ്റൽ സർവിസസ് ലിമിറ്റഡിന്റെ ​സീനിയർ ​വൈസ് പ്രസിഡന്റ് ശ്രീരാം വേലായുധൻ പറഞ്ഞു.

2020 മുതൽ വിദേശ നിക്ഷേപകർ ആഭ്യന്തര വിപണിയിൽ ഓഹരികൾ വിൽക്കുന്നുണ്ട്. 2023 ജൂണിന് ശേഷമാണ് വിൽപന ശക്തമായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2020 ഡിസംബറിൽ ആഭ്യന്തര വിപണിയിൽ 21.21 ശതമാനം ഓഹരികളുടെ ഉടമകളായിരുന്നു വിദേശികൾ. പക്ഷെ, 2023 ജൂൺ ആയ​പ്പോൾ ഉടമസ്ഥത 18.96 ശതമാനമായി കുറഞ്ഞു.

സെക്കൻഡറി വിപണിയിലെ ഓഹരികൾ വിൽക്കുകയാണെങ്കിലും ​പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ) യിൽ വിദേശികൾ വൻ തുകയുടെ നിക്ഷേപം നടത്തുന്നുണ്ടെന്ന് വേലായുധൻ പറഞ്ഞു.

ജൂലായിൽ 14,247 കോടി രൂപയുടെ ഓഹരികളാണ് ഐ.പി.ഒകളിൽ നിക്ഷേപിച്ചത്. ഒക്ടോബറിൽ 10,708 കോടിയും നിക്ഷേപിച്ചു. സെക്കൻഡറി വിപണിയെക്കാൾ കൂടുതൽ പണം ഐ.പി.ഒകളിൽ നിക്ഷേപിച്ച തുടർച്ചയായ നാലാമത്തെ മാസമാണ് ഒക്ടോബർ.

മുമ്പ് വിദേശികളുടെ ചെറിയൊരു വിൽപന ഓഹരി വിപണിയിൽ വൻ ഇടിവിന് ഇടയാക്കിയിരുന്നതായി ​പ്രൈം ഡാറ്റബേസ് ഗ്രൂപ്പിന്റെ ഡയറക്ടർ പ്രണവ് ഹാൽഡിയ ചൂണ്ടിക്കാട്ടി. ആഭ്യന്തര നിക്ഷേപകരുടെ പിന്തുണയുള്ളതിനാൽ ഇനി അ‌ത്തരം ഇടിവുകൾക്ക് സാധ്യതയില്ലെന്നും അ‌ദ്ദേഹം വ്യക്തമാക്കി. 

Tags:    
News Summary - DII ownership hits all-time high, FPIs continue to trail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT