കൂട്ടവിൽപനക്കിടയിലും വിദേശികൾ വാങ്ങിക്കൂട്ടിയത് രണ്ട് മേഖലയിലെ ഓഹരികൾ

മുംബൈ: ജനുവരിയിൽ ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകർ നടത്തിയത് കനത്ത വിൽപന. വിദേശികളുടെ നിലപാട് മാറിയതോടെ മിക്ക മേഖലകളിലെയും ഓഹരികൾ കൂട്ടവിൽപന സമ്മർദം നേരിട്ടു. കഴിഞ്ഞ മാസം മാത്രം 35962 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിവാക്കിയെന്നാണ് കണക്കുകൾ പറയുന്നത്. ഇതോടെ ആഗസ്റ്റ് മുതൽ വിദേശികളുടെ വിൽപന 106,606 കോടി രൂപ കടന്നു. ഇന്ത്യൻ കയറ്റുമതിക്ക് 50 ശതമാനം അധിക താരിഫ് നിലനിൽക്കെ വീണ്ടും 25 ശതമാനംകൂടി താരിഫ് ചുമത്തുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയാണ് വിദേശ നിക്ഷേപകരുടെ ആത്മവി​ശ്വാസം കെടുത്തിയത്. ആഭ്യന്തര നിക്ഷേപകർ വൻ തോതിൽ വാങ്ങിക്കൂട്ടിയില്ലായിരുന്നെങ്കിൽ ഇന്ത്യൻ ഓഹരി വിപണി കനത്ത തകർച്ച നേരിടുമായിരുന്നു.

എങ്കിലും മെറ്റൽ, കാപിറ്റൽ ഗുഡ്സ് ഓഹരികളിൽ വിദേശികൾ വൻ നിക്ഷേപം നടത്തിയെന്നാണ് റിപ്പോർട്ട്. ജനുവരി ആദ്യ പകുതിയിൽ 2689 കോടി രൂപയുടെ മെറ്റൽ ഓഹരികളാണ് വാങ്ങിയത്. എൻ.എസ്.ഡി.എൽ കണക്ക് പ്രകാരം രണ്ടാം പകുതിയിൽ 8837 കോടി രൂപയും നിക്ഷേപിച്ചു. മാത്രമല്ല, ജനുവരി ആദ്യം 326 കോടി രൂപയുടെയും പിന്നാലെ 2435 കോടി രൂപയുടെയും കാപിറ്റൽ ഗുഡ്സ് ഓഹരികൾ വാങ്ങിക്കൂട്ടി. വിദേശ നിക്ഷേപകരുടെ താൽപര്യം വർധിച്ചതോടെ മെറ്റൽ ഓഹരികളിൽ വൻ മുന്നേറ്റമാണുണ്ടായത്. യു.എസ് ഡോളറിന്റെ മൂല്യം ഇടിഞ്ഞതും മെറ്റൽ ഡിമാന്റ് ഉയർന്നതും ഓഹരികളിലേക്ക് നിക്ഷേപം ഒഴുകാൻ കാരണം.

ഇതിനു വിപരീതമായി മറ്റ് മിക്ക മേഖലകളിലും കനത്ത വിൽപനയാണുണ്ടായത്. ജനുവരി രണ്ടാം പകുതിയിൽ സാമ്പത്തിക സേവന ഓഹരികളിൽനിന്ന് വിദേശികൾ 5402 കോടി രൂപയുടെ നിക്ഷേപം പിൻവലിച്ചു. ആദ്യ പകുതിയിൽ 3190 കോടി രൂപ വിറ്റഴിച്ചിരുന്നു. അതുപോലെ ആരോഗ്യ മേഖലയിലെ ഓഹരികളിൽനിന്ന് 6162 കോടി രൂപയുടെ നിക്ഷേപം നഷ്ടപ്പെട്ടു.

ഉപഭോക്തൃ സേവനങ്ങൾ, ടെലികോം, ഓട്ടോമൊബൈൽസ് എന്നിവയുൾപ്പെടെയുള്ള മറ്റ് മേഖലകളിലെ ഓഹരികളിലും വിൽപന ശക്തമായിരുന്നു. ഉപഭോക്തൃ സേവന മേഖലയിലെ 5513 കോടി രൂപയുടെ ഓഹരികളും ടെലികോം വി​ഭാഗത്തിലെ 4777 കോടി രൂപയുടെ ഓഹരികളും ഓട്ടോമൊബൈൽ സെക്ടറിലെ 3594 കോടി രൂപയുടെ ഓഹരികളും വിദേശികൾ വിറ്റൊഴിവാക്കി.

കൺസ്യൂമർ ഡ്യൂറബിൾസ്, റിയാൽറ്റി, വൈദ്യുതി ​മേഖലകളിലെ ഓഹരികളും വിദേശ നിക്ഷേപകരുടെ കൂട്ടവിൽപനക്ക് ഇരയായി. റിയാൽറ്റി സെക്ടറിൽനിന്ന് 2,456 കോടി രൂപയും വൈദ്യുതി മേഖലയിലെ ഓഹരികളിൽനിന്ന് 2,226 കോടി രൂപയും കൺസ്യൂമർ ഡ്യൂറബിൾസ് ഓഹരികളിൽനിന്ന് 1,712 കോടി രൂപയും പിൻവലിച്ചതായാണ് കണക്ക്. 

Tags:    
News Summary - foreign investors bought metals and capital goods amid selloff in January

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT