മുംബൈ: ഓഹരി വിപണിയിൽ കനത്ത തിരിച്ചടി നേരിട്ട് രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ മീഷോ. രണ്ട് മാസത്തിനിടെ ഓഹരി വില 40 ശതമാനം ഇടിഞ്ഞു. വിപണിയിൽ വ്യാപാരം തുടങ്ങി ഏഴ് ദിവസത്തിനുള്ളിൽ 129 ശതമാനം റിട്ടേൺ സമ്മാനിച്ച ഓഹരിയാണ് കൂട്ടവിൽപനക്ക് ഇരയായത്.
ഡിസംബർ 10നാണ് മീഷോ ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങിയത്. ഡിസംബർ സാമ്പത്തിക പാദത്തിൽ നഷ്ടം കുത്തനെ ഉയർന്നതിന് പിന്നാലെ നിക്ഷേപകർ ഓഹരികൾ വിറ്റൊഴിവാക്കുകയായിരുന്നു. നിലവിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത വിലയുടെ താഴെയാണ് മീഷോ വ്യാപാരം ചെയ്യപ്പെടുന്നത്. 105–111 രൂപയായിരുന്നു മീഷോയുടെ ഐ.പി.ഒ (പ്രഥമ ഓഹരി വിൽപന) വില. എന്നാൽ, നിക്ഷേപകർ വൻ തോതിൽ വാങ്ങിക്കൂട്ടിയതോടെ 46 ശതമാനം ഉയർന്ന് 162 രൂപയിലാണ് വിപണിയിൽ വ്യാപാരം തുടങ്ങിയത്. പിന്നീട് 216.35 രൂപ വരെ ഓഹരി വില ഉയർന്നെങ്കിലും വിൽപന സമ്മർദം നേരിട്ടു. വെള്ളിയാഴ്ച മീഷോ ഓഹരിക്ക് 153 രൂപയാണ് വില. കഴിഞ്ഞ ആഴ്ച മാത്രം 12 ശതമാനം ഇടിവാണ് ഓഹരി വിലയിലുണ്ടായത്.
ഡിസംബർ പാദത്തിലെ നഷ്ടം ഏകദേശം 13 മടങ്ങ് വർധിച്ച് 491 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 37 കോടി രൂപയായിരുന്നു നഷ്ടം. കമ്പനിയുടെ സുസ്ഥിര വളർച്ചയെക്കുറിച്ചുള്ള ആശങ്കയാണ് നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഡിസംബർ പാദത്തിൽ കമ്പനി 2674 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. ഈ വർഷം ഡിസംബർ പാദത്തിൽ വരുമാനം 32 ശതമാനം വർധിച്ച് 3518 കോടി രൂപയായി. ഡൽഹി ഐ.ഐ.ടി ബിരുദധാരികളായ വിദിത് ആത്രേയും സഞ്ജീവ് ബാൻവാളും 2015 ഡിസംബറിൽ തുടങ്ങിയ സ്റ്റാർ അപ്പാണ് മീഷോ. സമൂഹ മാധ്യമങ്ങൾ പ്രചാരണ ഉപാധിയാക്കി ഉത്പന്നങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപന നടത്തിയ മീഷോ വളരെ കുറഞ്ഞ കാലത്തിനുള്ളിൽ ജനപ്രിയ ഇ-കൊമേഴ്സ് വെബ്സൈറ്റായി മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.