പ്രതീകാത്മക ചിത്രം

ഇന്ത്യ-യു.എസ് വ്യാപാര കരാർ: താരിഫ് നിരക്കുകൾ വെട്ടികുറച്ചതോടെ നേട്ടമുണ്ടാക്കാനൊരുങ്ങി ഇന്ത്യൻ വാഹന വ്യവസായം

ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംയുക്തമായി പ്രഖ്യാപിച്ച പുതിയ വ്യാപാര കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യൻ വാഹന വ്യവസായ മേഖല. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് യു.എസ് ചുമത്തിയിരുന്ന 50 ശതമാനം നികുതി 18 ശതമാനമായി കുറച്ചതാണ് കരാറിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം.

നികുതി ഇളവിന് പകരമായി യു.എസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ കൂടുതൽ വിപണി സൗകര്യം ഒരുക്കുകയും വ്യാപാര തടസ്സങ്ങൾ നീക്കുകയും ചെയ്യുന്നതോടൊപ്പം റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കും. അമേരിക്കൻ വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാകുന്നതോടെ ഇന്ത്യയുടെ ഓട്ടോമൊബൈൽ മേഖലയ്ക്ക് ആഗോളതലത്തിൽ വലിയ വളർച്ചാ സാധ്യതകളാണ് തെളിയുന്നത്.

നികുതി നിരക്ക് 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചത് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് സി.ഇ.ഒ ഡോ. അനീഷ് ഷാ പറഞ്ഞു. ഇന്ത്യയുടെ വാഹന വിപണിയിലെ വളർച്ചക്ക് ഈ കരാർ കരുത്തേകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കാൻ ഈ തീരുമാനം സഹായിക്കുമെന്ന് ടി.വി.എസ് മോട്ടോർ കമ്പനി ചെയർമാൻ സുദർശൻ വേണു പറഞ്ഞു. വികസിത് ഭാരതം 2047 എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിലേക്കുള്ള വലിയ ചുവടുവെപ്പാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യൻ വാഹന വ്യവസായത്തെ സംബന്ധിച്ചിടത്തോളം അമേരിക്ക വെറുമൊരു വിപണി മാത്രമല്ല. മറിച്ച് ഇലക്ട്രിക് മൊബിലിറ്റി രംഗത്തെ സാങ്കേതിക വസ്തുക്കളുടെ കൈമാറ്റം, വാഹന ഭാഗങ്ങളുടെ (Auto components) വൻതോതിലുള്ള കയറ്റുമതി, ആധുനിക നിർമ്മാണ മേഖലയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കൽ തുടങ്ങിയ മേഖലകളിൽ വലിയ സഹകരണത്തിന് ഈ കരാർ വഴിയൊരുക്കും. വ്യാപാര തർക്കങ്ങൾ പരിഹരിക്കപ്പെടുന്നതോടെ ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ ആഗോള വിതരണ ശൃംഖലയുടെ (Global Supply Chain) ഭാഗമാകാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - India-US trade deal: Indian auto industry poised to benefit from tariff cuts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.