സ്വർണവും വെള്ളിയും വിട്ടേക്കൂ, ഇനി കോപ്പർ ഇ.ടി.എഫിൽ നിക്ഷേപിക്കാം

മുംബൈ: എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ (ഇ.ടി.എഫ്) നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. അധികം വൈകാതെ കോപ്പർ ഇ.ടി.എഫുകളിലും ഇനി നിക്ഷേപിക്കാൻ അവസരം ലഭിക്കും. സ്വർണത്തിനും വെള്ളിക്കും പുറമെ മറ്റു ലോഹങ്ങളുടെയും ഇ.ടി.എഫുകൾ തുടങ്ങാനുള്ള പദ്ധതിയിലാണ് മ്യൂച്ച്വൽ ഫണ്ട് കമ്പനികളും കമ്മോഡിറ്റി എക്സ്ചേഞ്ചുകളും. ഇതു സംബന്ധിച്ച ചർച്ചകൾക്ക് തുടക്കം കുറിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. സ്വർണത്തിനും വെള്ളിക്കും പുറമെ പുതിയ ഇ.ടി.എഫ് തുടങ്ങണമെങ്കിൽ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെ അനുമതി വേണം.

രാജ്യത്തെ മ്യൂച്ച്വൽ ഫണ്ട് കമ്പനികളുടെ അസോസിയേഷൻ (ആംഫി) നേരത്തെ ഇക്കാര്യത്തിൽ സെബിയുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, പിന്നീട് നടപടികളൊന്നുമുണ്ടായില്ല. ഗോൾഡ്, സിൽവർ ഇ.ടി.എഫുകളിൽ നിക്ഷേപകരുടെ താൽപര്യം വർധിച്ച സാഹചര്യത്തിലാണ് പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥ കാരണം സ്വർണത്തിന്റെയും വെള്ളിയുടെയും വില സർവകാല റെക്കോഡിലേക്ക് ഉയർന്നതാണ് ഗോൾഡ്, സിൽവർ ഇ.ടി.എഫുകളിൽ ഡിമാൻഡ് ശക്തമാകാൻ ഇടയാക്കിയത്.

മുൻ വർഷത്തെ അപേക്ഷിച്ച് 11,226 കോടി രൂപയിൽനിന്ന് 2025ൽ ഗോൾഡ് ഇ.ടി.എഫുകളിലെ ​​നിക്ഷേപം 42,690 കോടി രൂപയിലേക്ക് ഉയർന്നിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എം.സി.എക്സ്) സ്വർണ വില 89 ശതമാനവും വെള്ളി വില 201 ശതമാനവും കോപ്പർ വില 51 ശതമാനവും വർധിച്ചു. 2025 ഡിസംബർ അവസാനത്തോടെ ഇന്ത്യയിലെ മൊത്തം ഇ.ടി.എഫ് നിക്ഷേപം ഏകദേശം 10.9 ലക്ഷം കോടി രൂപയാണ്. ഇതിൽ 18 ശതമാനം സ്വർണം, വെള്ളി എന്നിവയിലാണെന്നാണ് ആംഫി പറയുന്നത്. ബാക്കി ഇ.ടി.എഫ് നിക്ഷേപം ഓഹരികളിലും കടപ്പത്രങ്ങളിലുമാണ്.

അതേസമയം, രാജ്യത്തെ നിയമങ്ങൾ പ്രകാരം സ്വർണം, വെള്ളി എന്നിവ ഒഴികെയുള്ള കമ്മോഡിറ്റി ഇ.ടി.എഫുകൾ തുടങ്ങുന്നത് ബുദ്ധിമുട്ടാകുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കാരണം പുതിയ ഇ.ടി.എഫുകൾ തുടങ്ങുമ്പോൾ ഭൗതിക രൂപത്തിലുള്ള കോപ്പർ സംഭരിക്കേണ്ടതുണ്ടെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ അസറ്റ് മാനേജ്മെന്റ് കമ്പനികൾ നിക്ഷേപകരിൽനിന്ന് ലഭിച്ച ആസ്തികൾക്ക് തുല്യമായ മൂല്യമുള്ള ഭൗതിക സ്വർണമോ വെള്ളിയോ സൂക്ഷിക്കുന്നുണ്ട്. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും മൂല്യം ഉയർന്നതിനാൽ സംഭരി​ക്കുന്ന ലോഹത്തിന്റെ അളവ് കുറവാണ്. എന്നാൽ, സ്വർണത്തെയും വെള്ളിയെയും അപേക്ഷിച്ച് മൂല്യം കുറഞ്ഞ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന കോപ്പർ സംഭരിക്കാൻ കൂടുതൽ സൗകര്യങ്ങൾ ആവശ്യമായി വരും. ഭൗതിക രൂപത്തിലുള്ള കോപ്പർ സംഭരിക്കാൻ ചേലവേറും എന്നതിന് പുറമെ പ്രായോഗിക വെല്ലുവിളിയും ഉയർത്തുന്നുണ്ടെന്ന് ആനന്ദ് രതി ഷെയർ, സ്റ്റോക്ക് ബ്രോക്കേഴ്‌സ് ലിമിറ്റഡിലെ കമ്മോഡിറ്റി, കറൻസികൾ ഡയറക്ടർ നവീൻ മാത്തൂർ പറഞ്ഞു. 

Tags:    
News Summary - Mutual funds and commodity exchanges plan Copper ETF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT