മുംബൈ: ആഗോള വിപണിയിലെ ഏറ്റവും വലിയ ശീതളപാനീയ കമ്പനിയായ കൊക്കകോള ഇന്ത്യയിൽ ഐ.പി.ഒക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഹിന്ദുസ്ഥാൻ കൊക്ക-കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് (എച്ച്.സി.സി.ബി) എന്ന കൊക്കകോളയുടെ ഇന്ത്യൻ യൂനിറ്റാണ് പ്രഥമ ഓഹരി വിൽപനക്ക് തയാറെടുക്കുന്നത്. രാജ്യത്തെ പ്രമുഖ ബാങ്കുകളുമായി ഇക്കാര്യം കമ്പനി ചർച്ച ചെയ്തതായാണ് റിപ്പോർട്ട്. എന്നാൽ, ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെന്നും യു.എസിലെ അറ്റ്ലാൻഡ ആസ്ഥാനമായ കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.
ഓഹരി വിൽപനയിലൂടെ ഒരു ബില്ല്യൻ ഡോളർ അതായത് 8,866 കോടി രൂപ സമാഹരിക്കാനാണ് പദ്ധതി. അടുത്ത വർഷം ആദ്യത്തോടെ ഐ.പി.ഒ ഓഹരി വിപണിയിലെത്തും. ഓഹരികളുടെ എണ്ണവും സമയവുമാണ് ഇനി തീരുമാനിക്കാനുള്ളത്. അതേസമയം, ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. പദ്ധതി യാഥാർഥ്യമായാൽ ലോകത്തെ വൻകിട കമ്പനികളിൽ ഒന്നുകൂടി ഇന്ത്യൻ ഓഹരി വിപണിയിൽ വ്യാപാരം ചെയ്തു തുടങ്ങും.
കടുത്ത ആഗോള സാമ്പത്തിക അനിശ്ചിതാവസ്ഥയിലും ഐ.പി.ഒ വിപണി റെക്കോഡ് നേട്ടം സമ്മാനിച്ചതാണ് കൊക്കകോളയെ ആകർഷിച്ചത്. അടുത്ത വർഷം മുകേഷ് അംബാനിയുടെ ജിയോ ഇൻഫോകോം ലിമിറ്റഡ് ഐ.പി.ഒ വരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആഗോള ബ്രാൻഡായ എൽ.ജി ഇലക്ട്രോണിക്സിന്റെ ഐ.പി.ഒ കഴിഞ്ഞ ആഴ്ച വൻ ലാഭത്തിലാണ് ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങിയത്.
1997ലാണ് എച്ച്.സി.സി.ബി ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്. 20 ലക്ഷം ചെറുകിട കച്ചവടക്കാരും 2000 വിതരണക്കാരും 5200 തൊഴിലാളികളുമുണ്ട്. സെപ്റ്റംബറിൽ ഹേമന്ദ് രൂപാനിയെ സി.ഇ.ഒ ആയി എച്ച്.സി.സി.ബി നിയമിച്ചിരുന്നു. പെപ്സികോ, വോഡഫോൺ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികളെ 25 വർഷം നയിച്ച എഫ്.എം.സി.ജി ബിസിനസ് വിദഗ്ധനാണ് രൂപാനി.
ബംഗളൂരു ആസ്ഥാനമായ കമ്പനിക്ക് 12 സംസ്ഥാനങ്ങളിലായി 14 ഫാക്ടറികളാണുള്ളത്. 2023-24 സാമ്പത്തിക വർഷം മൂന്ന് മടങ്ങ് വർധനയോടെ 2,808.31 കോടി രൂപയുടെ ലാഭം നേടിയിരുന്നു. കൊക്കകോള, സ്പ്രൈറ്റ്, മിനിറ്റ് മെയ്ഡ്, തംസ് അപ്, മാസ, കിൻലി, ലിംക, ഫാന്റ, സ്മാർട്ട് വാട്ടർ തുടങ്ങിയവയാണ് ജനപ്രിയ ശീതളപാനീയ ബ്രാൻഡുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.