ആവേശം പുക മാത്രം; ലിസ്റ്റ് ചെയ്ത പകുതി ഐ.പി.ഒകളും നഷ്ടത്തിൽ

മുംബൈ: പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ) ക്ക് ഏറ്റവും ആവേശം നിറഞ്ഞ വർഷമാണ് 2025. വിദേശികൾക്കൊപ്പം ​ആഭ്യന്തര വിപണിയിലെ ചെറുകിട നിക്ഷേപകരും പങ്കാളികളായതോടെ ഐ.പി.ഒ വിപണി റെക്കോഡ് കുറിച്ചു. എന്നാൽ, കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണ് ഐ.പി.ഒകളുടെ പ്രകടനം നൽകുന്ന സൂചന. ഈ വർഷം ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങിയ കമ്പനികളിൽ പകുതിയോളം നഷ്ടത്തിലാണ്. അതായത് ഐ.പി.ഒ വിലയ്ക്ക് താഴെയാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഐ.പി.ഒകൾ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം തുടങ്ങുമ്പോൾ നിക്ഷേപകർക്കുണ്ടാകുന്ന ആവേശം അധികം വൈകാതെ കെട്ടടങ്ങുകയാണ്.

103 കമ്പനികളാണ് ഈ വർഷം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടത്. ഇതിൽ 69 ഓഹരികളും ഐ.പി.ഒ വിലയ്ക്ക് മുകളിൽ വ്യാപാരം തുടങ്ങി. 33 ഓഹരികൾ ​​നഷ്ടത്തിലും. ലാഭത്തിൽ ലിസ്റ്റ് ചെയ്ത പല ഓഹരികളും നിക്ഷേപകർ കൈയൊഴിഞ്ഞതോടെ നഷ്ടത്തിലായി. ഡിസംബർ 26 വരെയുള്ള കണക്ക് പ്രകാരം 54 ഓഹരികൾ ഐ.പി.ഒ വിലയ്ക്ക് മുകളിലും 47 ഓഹരികൾ താഴെയുമാണുള്ളത്.

പല വലിയ ഐ‌.പി‌ഒകളും തുടക്കത്തിൽ ശക്തമായ ആവേശം പ്രകടിപ്പിച്ചെങ്കിലും ലിസ്റ്റിങ്ങിന് ശേഷം ഓഹരി വില നിലനിർത്തുന്നതിൽ പരാജയപ്പെട്ടതായി വാല്യൂഷൻ ബ്രാൻഡിങ് ഉപദേശക സ്ഥാപനമായ ട്രാൻസ്‌സെൻഡത്തിന്റെ പാർട്ണറായ ദേവ് ചന്ദ്രശേഖർ പറഞ്ഞു. വളർച്ചക്ക് കൂടുതൽ ഫണ്ടില്ലെങ്കിൽ ഉയർന്ന വാല്യൂവേഷൻ നിലനിർത്താൻ കമ്പനിക്ക് പ്രവർത്തനം മെച്ചപ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യധാര ഐ.പി.ഒകൾ 1.75 ലക്ഷം കോടി രൂപയാണ് നിക്ഷേപകരിൽനിന്ന് സമാഹരിച്ചത്. സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് വിഭാഗത്തിൽ 267 ചെറുകിട കമ്പനികൾ 11,429 കോടി രൂപയും കണ്ടെത്തി. 1000 കോടി രൂപയുടെ താഴെയുള്ളവയാണ് ഏറ്റവും നഷ്ടം സമ്മാനിച്ച 10 ഐ.പി.ഒകൾ. പല ഓഹരികളുടെ വിലയും 30 മുതൽ 50 ശതമാനം വരെ നഷ്ടത്തിലേക്ക് ഇടിഞ്ഞു. 129 രൂപയായിരുന്ന ഗ്ലോട്ടിസ് ഓഹരി വില 52.78 ശതമാനവും ജെം ആരോമാറ്റിക്സ് വില 48.34 ശതമാനവും വി.എം.എസ് ടി.എം.ടി 46.25 ശതമാനവും കുറഞ്ഞു.

1000 കോടി രൂപക്ക് മുകളിലുള്ള ആറ് ഐ.പി.ഒകളാണ് ഏറ്റവും മികച്ച മുന്നേറ്റം നടത്തിയത്. മീഷോ ഓഹരി വിലയിൽനിന്ന് 78 ശതമാനവും ഗ്രോ ഓഹരി വില 65 ശതമാനവും ഉയർന്ന നിലയിലാണ്. ഏറ്റവും വലിയ ഐ‌.പി.‌ഒകൾ ലിസ്റ്റിങ് നേട്ടം കൈവരിച്ചെങ്കിലും അവയുടെ തുടർന്നുള്ള പ്രകടനം ​നിരാശകരാമായിരുന്നു. ടാറ്റ ക്യാപിറ്റൽ, എച്ച്.ഡി.ബി ഫിനാൻഷ്യൽ സർവിസസ്, എൽ.ജി ഇലക്ട്രോണിക്സ് ഇന്ത്യ, ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ അസറ്റ് മാനേജ്മെന്റ് തുടങ്ങിയ ഓഹരികൾ ലിസ്റ്റിങ് ലാഭം നൽകിയിരുന്നു. എന്നാൽ, പിന്നീട് ഈ ഓഹരികൾ നിക്ഷേപകർ കൂട്ടമായി വിറ്റൊഴിവാക്കി.

വിപണി ഗുണനിലവാരവും അമിത പ്രചാരണവും തമ്മിൽ വേർതിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നതായി മുംബൈ ആസ്ഥാനമായ ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് ഉപദേശക സ്ഥാപനത്തിന്റെ മേധാവി ഗണേഷ് ജഗദീഷൻ അഭിപ്രായപ്പെട്ടു. ‘‘ആകർഷകമായ ലിസ്റ്റിങ് നേട്ടങ്ങൾക്കപ്പുറം ബിസിനസിന്റെ അടിസ്ഥാനകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ചില്ലറ നിക്ഷേപകർ പഠിക്കണം. പ്രത്യേകിച്ച്, കമ്പനികൾക്ക് വളരാനുള്ള മൂലധനത്തിന്റെ പലിശ നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ’’ -ഗണേഷ് ജഗദീഷൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - caution, around fifty percent newly listed IPOs are below offer price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT