പ്രകൃതിയുടെ മനോഹരമായ വിസ്മയങ്ങളിൽ ഒന്നാണ് താമരപ്പൂക്കൾ. കേവലം കാഴ്ചക്ക് മാത്രമല്ല, ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്ത്രനിർമാണത്തിനും ഈ പൂക്കൾ വഴിയൊരുക്കുന്നു. താമരത്തണ്ടുകളിൽ നിന്ന് അതിലോലമായ നാരുകൾ കൈകൊണ്ട് വേർതിരിച്ചെടുത്ത് നെയ്തെടുക്കുന്ന 'ലോട്ടസ് സിൽക്ക്' ഫാഷൻ ലോകത്തെ വിപ്ലവമാണ്. പൂർണമായും പ്രകൃതിദത്തവും പരിസ്ഥിതി സൗഹൃദവുമായ അപൂർവ തുണിത്തരം, മനുഷ്യന്റെ കഠിനാധ്വാനത്തിന്റെയും പ്രകൃതിയോടുള്ള ആദരവിന്റെയും പ്രതീകമാണിത്. ആഡംബരവും സുസ്ഥിരതയും ഒരുപോലെ ചേരുന്നതാണ് ലോട്ടസ് സിൽക്ക്.
ഛത്തീസ്‌ഗഢ് റായ്പൂർ കൃഷിയിടത്തിലെ താമരകൾ ഭംഗിക്കായി മാത്രമല്ല, വസ്ത്ര നിർമാണത്തിനുകൂടിയാണ്. ഏക്കറുകൾ വരുന്ന പാടശേഖരങ്ങളിലും തടാകങ്ങളിലും താമര കൃഷി വ്യാപകമാണ്. അത് ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ മാർഗം കൂടിയാണ്. 50-60 ഏക്കറോളമാണ് താമര കൃഷി. ഈ താമരത്തണ്ടുകളിൽ നിന്നാണ് നൂൽ ഉൽപാദിപ്പിക്കുന്നത്. തണ്ടിൽ നിന്ന് നൂൽ എടുത്ത് തുണി നെയ്യുന്നത് അപൂർവവും കഠിനാധ്വാനവുമുള്ള പ്രക്രിയയാണ്. തടാകങ്ങളിൽ നിന്ന് വിളവെടുത്ത താമരയുടെ തണ്ടുകൾ കഴുകി വൃത്തിയാക്കിയ ശേഷം നൂലുകളായി വേർതിരിക്കും. തണ്ടുകൾ ഒടിച്ചെടുക്കുമ്പോൾ ലഭിക്കുന്ന നേർത്ത പശപോലെയുള്ള നാരുകൾ കൈകൊണ്ട് വലിച്ചുനീട്ടി തടി പലകയിൽ വെച്ച് ഉരുട്ടി നൂലാക്കും.
വേർതിരിച്ചെടുക്കുന്ന നാരുകൾ ഉണക്കിയ ശേഷം ചർക്ക ഉപയോഗിച്ച് നൂൽക്കട്ടകളാക്കും. ഈ നൂലുകൾ പരമ്പരാഗത കൈത്തറിയിൽ നെയ്തെടുത്താണ് ലോട്ടസ് സിൽക്ക് തുണികളാക്കുന്നത്. ഒരു മീറ്റർ തുണി നിർമിക്കാൻ ഏകദേശം 35,000 മുതൽ 40,000 വരെ താമരത്തണ്ടുകളാണ് ആവശ്യമുള്ളത്. ഒരു നെയ്ത്തുകാരന് ഒരു ദിവസം പരമാവധി 100 ഗ്രാം നൂലാണ് നിർമിക്കാൻ സാധിക്കുക. രാസവസ്തുക്കൾ ഇല്ലാത്തതും പരിസ്ഥിതി സൗഹൃദവുമാണ് ലോട്ടസ് സിൽക്ക്.
റായ്പൂരിലെ ഗ്രാമീണ മേഖലകളിലാണ് താമര കൃഷിയുള്ളത്. ഹാത്കേശ്വർ, ആരാംഗ്, ബലോഡ ബസാർ തുടങ്ങിയ പ്രദേശത്തെ കുളങ്ങളിൽ കൃഷി ചെയ്യുന്നു. ഇന്ത്യയിൽ ആദ്യമായി ലോട്ടസ് സിൽക്ക് നിർമാണം വിജയകരമായി തുടങ്ങിയത് മണിപ്പൂരിലാണ്. വടക്കുകിഴക്കൻ ഇന്ത്യയിൽ ഏറ്റവും വലിയ ശുദ്ധജല തടാകമായ ലോക്തക് തടാകത്തിൽ വളരുന്ന താമരകളിൽ നിന്നാണ് ബിജയശാന്തി തോങ്‌ബ്രാം എന്ന യുവസംരംഭക ലോട്ടസ് സിൽക്കിന്റെ നിർമാണം ആരംഭിച്ചത്. ആഗോളതലത്തിൽ മ്യാൻമർ, കംബോഡിയ, വിയറ്റ്നാം എന്നിവിടങ്ങളിലും താമര കൃഷി ചെയ്യുന്നുണ്ട്.
ലോകത്തിൽ ഏറ്റവും വിലപ്പിടിപ്പുള്ള അപൂർവം പ്രകൃതിദത്ത തുണിത്തരങ്ങളിൽ ഒന്നാണ് ലോട്ടസ് സിൽക്ക്. പരുത്തിയേക്കാൾ വായുസഞ്ചാരമുള്ളതും സാധാരണ സിൽക്ക് പോലെ മൃദുവായതുമാണ്. കാലാവസ്ഥക്ക് അനുസരിച്ച് ശരീരത്തിന് ചൂടും തണുപ്പും ലഭിക്കും. ചർമത്തിലുണ്ടാക്കുന്ന അലർജികളെ പ്രതിരോധിക്കാനും സാധിക്കും. വസ്ത്രങ്ങളിൽ താമരപ്പൂവിന്റെ നേർത്ത സുഗന്ധമുണ്ടാവും. ഇന്ത്യയിൽ ബ്രാൻഡുകൾക്ക് അനുസരിച്ച് ഒരു മീറ്ററിന് 1,500 മുതൽ 15,000 രൂപ വരെ വിലയുണ്ട്. ഒരു കിലോഗ്രാം ലോട്ടസ് സിൽക്ക് നൂലിന് അന്താരാഷ്ട്ര വിപണിയിൽ 40,000 മുതൽ 2,50,000 രൂപ വരെയാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.