തൃശൂർ: ഏറെ വൈകി ബി.എസ്.എൻ.എൽ അവതരിപ്പിച്ച 4ജി സേവനം മോശമെന്ന് പൊതുമേഖല സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതിയും. സേവനം മോശമായതോടെ ബി.എസ്.എൻ.എൽ ഉപേക്ഷിച്ച് ജിയോ, എയർടെൽ എന്നീ സ്വകാര്യ കമ്പനികളിലേക്ക് ചേക്കേറുന്നവരുടെ എണ്ണം വീണ്ടും കൂടി. നവംബറിൽ 8.7 ലക്ഷം മൊബൈൽ വരിക്കാർ ബി.എസ്.എൻ.എല്ലിന് നഷ്ടപ്പെട്ടപ്പോൾ ജനുവരിയിൽ ഇത് 11.8 ലക്ഷമായി ഉയർന്നു. ബി.എസ്.എൻ.എല്ലിന്റെ നിലനിൽപിനെത്തന്നെ ബാധിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ.
ഇതാദ്യമായി ബി.എസ്.എൻ.എൽ ലാഭം രേഖപ്പെടുത്തിയെന്ന് പറയുമ്പോഴാണ് മറുവശത്ത് സേവനം വീണ്ടും മോശമാകുന്നത്. ജിയോ, എയർടെൽ, വി.ഐ എന്നിവക്ക് 4ജി, 5ജി വികസിപ്പിക്കാൻ വിദേശ സാങ്കേതിക പങ്കാളിത്തം തേടാൻ അനുമതി നൽകിയപ്പോൾ ബി.എസ്.എൻ.എൽ ‘ആത്മനിർഭർ ഭാരതി’ൽ സ്വദേശി കമ്പനികളെ മാത്രം ആശ്രയിക്കണമെന്ന് കേന്ദ്രസർക്കാർ ശാഠ്യം പിടിച്ചതാണ് കമ്പനിയെ ഏറെ പിന്നിലാക്കിയത്.
മൂന്ന് സ്വകാര്യ കമ്പനികളും 5ജിയിൽ എത്തിയപ്പോൾ ബി.എസ്.എൻ.എല്ലിനുവേണ്ടി ഒരു ലക്ഷം 4ജി ടവറുകൾ സ്ഥാപിക്കുന്ന ജോലിയാണ് ടി.സി.എസ് ഏറ്റെടുത്തത്. ഇതിൽ 60,000 ടവർ പ്രവർത്തനക്ഷമമായെന്ന് ബി.എസ്.എൻ.എൽ പറയുന്നു. ഇവ സ്ഥാപിച്ച പ്രദേശങ്ങളിൽനിന്നാണ് മോശം സേവനം സംബന്ധിച്ച് കൂട്ടപരാതിയും കണക്ഷൻ ഉപേക്ഷിച്ച് സ്വകാര്യ കമ്പനികളിലേക്ക് മാറലും സംഭവിക്കുന്നത്.
ഡേറ്റ വേഗം പോരെന്നായിരുന്നു 4ജി വരുന്നതുവരെ ബി.എസ്.എൻ.എല്ലിനെപ്പറ്റി പരാതി. 4ജി സ്ഥാപിച്ച സ്ഥലങ്ങളിലാകട്ടെ വോയ്സ് കാൾ തന്നെ പ്രശ്നത്തിലായെന്നാണ് ആക്ഷേപം. വോയ്സ് കാൾ കിട്ടാതിരിക്കുന്നതും കിട്ടിയാലും സംസാരിച്ചുതുടങ്ങുന്നതോടെ വിച്ഛേദിക്കപ്പെടുന്നതുമാണ് പരാതികളിൽ പ്രധാനം. ഈ സാഹചര്യത്തിൽ ടി.സി.എസിനോട് സാങ്കേതിക സംവിധാനം മെച്ചപ്പെടുത്തി സേവനമികവിന് നിർദേശം നൽകണമെന്നും ആവശ്യമെങ്കിൽ വിദേശ സാങ്കേതിക പങ്കാളിത്തം തേടണമെന്നുമാണ് പാർലമെന്ററി സമിതി ബി.എസ്.എൻ.എല്ലിനോട് നിർദേശിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.