മുംബൈ: താരിഫ് ആശങ്കകൾ നീങ്ങുന്നെന്ന പ്രതീക്ഷക്കിടെ ഗോൾഡ്, സിൽവർ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇ.ടി.എഫ്) തകർന്നു. വ്യാഴാഴ്ച സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിൽ വൻ ഇടിവുണ്ടായതിന് പിന്നാലെയാണ് ഇ.ടി.എഫുകൾ ശക്തമായ വിൽപന സമ്മർദം നേരിട്ടത്. ടാറ്റ സിൽവർ ഇ.ടി.എഫ് 21 ശതമാനവും ബിർല സൺ ലൈഫ് ഗോൾഡ് ഇ.ടി.എഫ് 12 ശതമാനവും ഇടിഞ്ഞു. ഇ.ടി.എഫ് തുടങ്ങണമോ തുടരണമോയെന്ന നിക്ഷേപകരുടെ ആശയക്കുഴപ്പം മാറ്റാൻ ചില നിർദേശങ്ങൾ പങ്കുവെച്ചിരിക്കുകയാണ് വിദഗ്ധർ.
ഗ്രീൻലാൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെ പിന്തുണക്കാത്ത യുറോപ്യൻ രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള നീക്കത്തിൽനിന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറിയതോടെയാണ് സ്വർണത്തിന്റെയും വെള്ളിയുടെയും വില കുറഞ്ഞത്. നാറ്റോ സെക്രട്ടറി മാർക്ക് റൂട്ടയുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെ പ്രശ്നം പരിഹരിക്കുന്നതിനുള്ള രൂപരേഖയായിട്ടുണ്ടെന്നും ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്നും അദ്ദേഹം സ്വന്തം സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കുകയായിരുന്നു.
സ്വർണത്തിന്റെയും വെള്ളിയുടെയും മൂല്യത്തിലുണ്ടായ മാറ്റമല്ല, മറിച്ച് ആഗോള രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ നിക്ഷേപകർ കൂട്ടവിൽപന നടത്തിയതാണ് ഇ.ടി.എഫുകളിൽ വൻ ഇടിവ് നേരിടാൻ കാരണമെന്ന് വി.ടി മാർക്കറ്റിന്റെ എ.പി.എ.സി സീനിയർ മാർക്കറ്റ് അനലിസ്റ്റ് ജസ്റ്റിൻ ഖൂ പറഞ്ഞു. നേരത്തെ, സൈനിക ശക്തി ഉപയോഗിച്ച് ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വർണം, വെള്ളി വില സർവകാല റെക്കോഡിലേക്ക് കുതിച്ചുയർന്നത്. പിന്നാലെ, യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ താരിഫ് ചുമത്തുമെന്ന ഭീഷണിയും വന്നതോടെ നിക്ഷേപകർ സുരക്ഷിത ആസ്തിയായ സ്വർണവും വെള്ളിയും വാങ്ങിക്കൂട്ടുകയായിരുന്നു. എന്നാൽ, സ്വർണത്തിന്റെയും വെള്ളിയുടെയും വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിൽ എത്തിയതോടെ നിക്ഷേപകർ ലാഭമെടുത്ത് ഓഹരികളിലേക്ക് മാറുകയാണുണ്ടായതെന്നും ജസ്റ്റിൻ ഖൂ പറഞ്ഞു.
ഇനി എന്തു ചെയ്യും?
ഇ.ടി.എഫുകളിലുണ്ടായ ഇടിവ് നിക്ഷേപിക്കാനുള്ള അവസരമാണെന്ന് പറയുന്നവരും വില അമിതമായി ഉയർന്നതിനാൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകുന്നവരും തമ്മിൽ വിപണിയിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന് ആനന്ദ് രതി ഷെയർ ആൻഡ് സ്റ്റോക്ക് ബ്രോക്കേർസ് അസോസിയേറ്റ് ഡയറക്ടർ തൻവി കാഞ്ചൻ പറഞ്ഞു. എന്നാൽ, സോളാർ പാനൽ, ഇലക്ട്രിക് വാഹനങ്ങൾ, എഐ അടിസ്ഥാന സൗകര്യം തുടങ്ങിയ വ്യവസായ മേഖലയിൽനിന്നുള്ള ഡിമാൻഡ് ശക്തമായതിനാൽ നിക്ഷേപത്തിന് വെള്ളി ഇപ്പോഴും ആകർഷകമാണ്. പശ്ചിമേഷ്യ, യുക്രെയ്ൻ യുദ്ധങ്ങളും യു.എസ്-ചൈന വ്യാപാര തർക്കവും താരിഫ് ഭീഷണികളും അടക്കമുള്ള ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയിൽ സ്വർണവും വെള്ളിയുമാണ് സുരക്ഷിതമായ നിക്ഷേപം. അതേസമയം, കഴിഞ്ഞ വർഷം റെക്കോഡ് ലാഭം സമ്മാനിച്ചതിനാൽ എല്ലാ തുകയും ഒരുമിച്ച് നിക്ഷേപിക്കുന്നതിന് പകരം ഘട്ടംഘട്ടമായി ഇ.ടി.എഫ് വാങ്ങിക്കൂട്ടണമെന്ന് അവർ നിർദേശിച്ചു. വെള്ളി വിലയിൽ കനത്ത ഇടിവ് നേരിടുകയാണെങ്കിൽ കൂടുതൽ വാങ്ങാനുള്ള അവസരം ഈ തന്ത്രത്തിലൂടെ ലഭിക്കുമെന്നും കാഞ്ചൻ വ്യക്തമാക്കി.
വില സർവകാല റെക്കോഡ് റാലി നടത്തിയതിനാലും നിക്ഷേപകർ ലാഭമെടുത്തതിനാലുമാണ് ഗോൾഡ്, സിൽവർ ഇ.ടി.എഫുകളിൽ ഇടിവുണ്ടായതെന്ന് വിഭവങ്ങൾ അനുകുലകരയുടെ സ്ഥാപകനും മാനേജിങ് ഡയറക്റ്ററുമായ സിദ്ധാർത്ഥ് മൗര്യ പറഞ്ഞു. ഡിമാൻഡിനൊപ്പം വിപണിയിൽ ക്ഷാമം നേരിടുന്നത് സ്വർണത്തിനും വെള്ളിക്കും ഗുണം ചെയ്യുമെങ്കിലും ഹ്രസ്വകാലത്തേക്ക് സുരക്ഷിത ലോഹങ്ങളുടെ വിലയിൽ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് നിലവിലെ ഇടിവ് നൽകുന്ന സൂചനയെന്നും മൗര്യ വ്യക്തമാക്കി.
ആഗോള അനിശ്ചിതാവസ്ഥയും വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ വാങ്ങിക്കൂട്ടുന്നതും പലിശ നിരക്ക് കുറഞ്ഞതും കാരണം സ്വർണം സുരക്ഷിതമായ നിക്ഷേപമായി തുടരുമെന്ന് ബൊനാൻസയിലെ സീനിയർ കമ്മോഡിറ്റി റിസർച്ച് അനലിസ്റ്റ് നിർപേന്ദ്ര യാദവ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.