നിഫ്റ്റി സർവകാല റെക്കോഡിൽ നിക്ഷേപകർ നഷ്ടത്തിലും

ഇന്ത്യൻ ഓഹരി വിപണി സൂചിക വെള്ളിയാഴ്ച സർവകാല റെക്കോഡ് ഭേദിച്ചു. 26,068ലാണ് നിഫ്റ്റി വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. എക്കാലത്തെയും ഉയർന്ന നിലയായ 26,277ൽനിന്ന് 209 പോയന്റ് മാത്രം (ഒരു ശതമാനത്തിൽ താഴെ) അകലെ. എന്നാൽ, നിക്ഷേപകരും വ്യാപാരികളും പോർട്ട്ഫോളിയോ നഷ്ടക്കണക്കാണ് പങ്കുവെക്കുന്നത്. സൂചിക മുന്നേറുമ്പോഴും ഭൂരിഭാഗം ഓഹരികളും വില താഴുകയാണ്.

ഒരു വർഷത്തിലേറെയായി ഇന്ത്യൻ ഓഹരി വിപണി നിക്ഷേപകർക്ക് കാര്യമായ മെച്ചം നൽകിയിട്ടില്ല. മാത്രമല്ല, സാധാരണ നിക്ഷേപകരുടെ പണം ചോർത്തിക്കളയുകയും ആത്മവിശ്വാസം തകർക്കുകയും ചെയ്തു. പലരും നിരാശയായി ഓഹരി ഇടപാടുതന്നെ അവസാനിപ്പിച്ചു. മിഡ്കാപ്, സ്മാൾ കാപ് ഓഹരികളിൽ നിക്ഷേപിച്ചവർക്കാണ് വലിയ നഷ്ടം വന്നത്. ഒരു ദിവസം മുന്നേറ്റം കാഴ്ചവെച്ച കമ്പനിക്ക് അടുത്ത ദിവസം ആ കരുത്ത് നിലനിർത്താൻ കഴിയുന്നില്ല. നല്ല പാദഫലം പുറത്തുവിട്ടതും വലിയ ഓർഡർ ലഭിച്ചതുമായ കമ്പനികളുടെ ഓഹരികൾ പ്രതീക്ഷയോടെ വാങ്ങിവെച്ചവർ നിരാശരാകേണ്ടിവരുന്നു. ചുരുക്കം ചില ഓഹരികൾ മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. ട്രേഡിങ് വളരെ ബുദ്ധിമുട്ടേറിയ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ടെക്നിക്കൽ ചാർട്ടുകളെ വിശ്വസിച്ച് എൻട്രി എടുക്കാൻ കഴിയുന്നില്ല. വിദഗ്ധർ എന്ന് പറയപ്പെടുന്നവരുടെ പോലും പ്രവചനങ്ങൾ തെറ്റിപ്പോകുന്നു.

എന്താണ് സംഭവിക്കുന്നത്? സൂക്ഷ്മമായി നിരീക്ഷിച്ചാൽ സംഗതി മനസ്സിലാകും. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ സൂചിക കൃത്രിമമായി ഉയർത്തുകയാണ്. ഓരോ മാസവും കുമിഞ്ഞുകൂടുന്ന എസ്.ഐ.പി തുക ഉപയോഗിച്ച് നിഫ്റ്റി 50തിലെ വെയ്റ്റേജ് കൂടുതലുള്ള ഓഹരികൾ വാങ്ങിയാണ് അവർ സൂചിക വീഴാതെ കാക്കുന്നത്. 6000ത്തിലധികം കമ്പനികളുള്ള ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 30 മുൻനിര ഓഹരികളെ അടിസ്ഥാനമാക്കിയുള്ള സൂചികയാണ് സെൻസെക്സ്. 2600ലധികം കമ്പനികൾ ലിസ്റ്റ് ചെയ്ത നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 50 മുൻനിര ഓഹരികളെ അടിസ്ഥാനമാക്കിയുള്ള സൂചികയാണ് നിഫ്റ്റി. അതിൽ തന്നെ കമ്പനികളുടെ വെയിറ്റേജിലും വ്യത്യാസമുണ്ട്. വെയിറ്റേജുള്ള കമ്പനി ഓഹരി മുന്നേറിയാൽ സൂചികയിൽ ഇത് പ്രതിഫലിക്കും. ചിലപ്പോൾ സെൻസെക്സും നിഫ്റ്റിയും മുന്നേറിയ ദിവസങ്ങളിൽ ഭൂരിഭാഗം ഓഹരികൾ നഷ്ടത്തിലാകുന്നതിന്റെ കാരണമിതാണ്.

വിപണി വീണാൽ നിക്ഷേപകരുടെ ആത്മവിശ്വാസം തകരുകയും എസ്.ഐ.പി വരവ് കുറയുകയും ചെയ്യും. അത് സംഭവിക്കാതിരിക്കാനാണ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ശ്രമിക്കുന്നത്. അതേസമയം, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കൂട്ട വിൽപന തുടരുകയാണ്. ഇടക്ക് ഒറ്റപ്പെട്ട ദിവസങ്ങളിൽ മാത്രമാണ് അവർ നെറ്റ് ബയേഴ്സ് (വാങ്ങലുകാർ) ആയി മാറുന്നത്. അതിൽ പലതും ബ്ലോക്ക് ഡീലാണ്. ബുൾ റാലി ഈ വർഷം പ്രതീക്ഷിക്കുന്നതിൽ അർഥമില്ല എന്ന് തോന്നുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വാങ്ങലുകാരായി മാറാതെ വിപണിയിൽ സ്ഥിരതയുള്ള മുന്നേറ്റമുണ്ടാകില്ല. അതിന് ഒന്നുകിൽ ആകർഷകമായ നിലവാരത്തിലേക്ക് വിപണി തിരുത്തപ്പെടണം. അല്ലെങ്കിൽ കമ്പനികളുടെ വരുമാനവും ലാഭവും ഗണ്യമായി മുന്നേറണം.

കഴിഞ്ഞ പാദഫലവും പൊതുവിൽ പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടില്ല. ജി.എസ്.ടി വെട്ടിക്കുറച്ചതിന്റെ പ്രതിഫലനം അടുത്ത പാദഫലത്തിൽ പ്രതീക്ഷിക്കാം. അതിന് ഇനിയും ഒന്നര മാസത്തോളം കാത്തിരിക്കണം. അതുവരെ ഇപ്പോഴത്തെ മടുപ്പുളവാക്കുന്ന അവസ്ഥ തുടരാനാണ് സാധ്യത. വിപണി എക്കാലത്തേയും ഉയർന്ന നിലവാരത്തിലെത്തുമ്പോൾ ലാഭമെടുക്കലിന് സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ അടുത്ത ദിവസങ്ങളിൽ ജാഗ്രത വേണം.

Tags:    
News Summary - Indian stock market index broken all-time record on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.