യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കിൽ. പശ്ചിമേഷ്യൻ സംഘർഷവും യുദ്ധവും കാരണമാണ് ഒന്നര മാസത്തിനിടെ രൂപയുടെ മൂല്യം ഇടിഞ്ഞത്. ആഗോള വിപണിയിലെ അനിശ്ചിതത്വവും ക്രൂഡ് ഓയിൽ വിലവർധനവും ഇന്ത്യൻ രൂപക്ക് കനത്ത പ്രഹരമേൽപ്പിച്ചിരുന്നു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് വ്യാപകമായി പണം പിൻലിക്കുന്നതും രൂപയുടെ തകർച്ചക്ക് കാരണമായിട്ടുണ്ട്. നിലവിൽ ഡോളർ ഒന്നിന് 92.30 ആണ് രൂപയുടെ മൂല്യം.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നത് തുടരുകയാണ്. ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ ലഭിക്കുന്ന രൂപ ഡോളറാക്കി മാറ്റുന്നത് ആഭ്യന്തര കറൻസിയുടെ മൂല്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൂടാതെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപം രൂപയിൽ നിന്നും ഡോളറിലേക്ക് മാറ്റുന്നതും വ്യാപകമായിട്ടുണ്ട്.
രൂപയിലുണ്ടായ ഇടിവ് എണ്ണ വില വർധിക്കാനും കാരണമായിട്ടുണ്ട്. കൂടാതെ രാജ്യത്തെ ഇറക്കുമതി ചെലവ് വർധിക്കാനും കാരണമാവും. ഇന്ത്യയുടെ ഊർജ്ജ ആവശ്യത്തിന്റെ 80 ശതമാനത്തിലധികവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ എണ്ണവില വർധിക്കുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് കൂട്ടുകയും ഡോളറിനായുള്ള ആവശ്യം വർധിപ്പിക്കുകയും ചെയ്യും.
എണ്ണ വിലയിലെ വർധന തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ രൂപയുടെ മൂല്യം ഇനിയും കുറയാൻ സാധ്യതയുണ്ട്. എണ്ണവില 100 ന് മുകളിൽ തുടർന്നാൽ രൂപയുടെ മൂല്യം വരും ദിവസങ്ങളിൽ 93ൽ എത്തുമെന്നാണ് വിലയിരുത്തുന്നത്. മിഡിൽ ഈസ്റ്റ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡോയിൽ വില കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡിന്റെ വിലയിൽ ഒമ്പത് ശതമാനത്തിന്റെ വർധനയുണ്ടായി. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 116 ഡോളർ കടന്നു. ഏഷ്യൻ വിപണിയിൽ ബ്രെന്റ് ക്രൂഡ് വില 25.1 ശതമാനം വർധനയാണുണ്ടായത്. 2023ന് ശേഷം ഇത്രയും വലിയ വില വർധനവുണ്ടാവുന്നത് ഇതാദ്യമായാണ്.
കൂടാതെ ഇന്ത്യൻ ഓഹരി വിപണികളും കൂപ്പുകുത്തിയത് വലിയ തിരിച്ചടിയാണ്. തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോൾ നിഫ്റ്റി സപ്പോർട്ട് പോയിന്‍റായ 24,000ൽ താഴെയെത്തിയപ്പോൾ സെൻസെക്സ് 2,000 പോയിന്റിനും താഴെയുമായി. എണ്ണവില ഉയർന്നതിനെ തുടർന്നാണ് ഓഹരി വിപണി തകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.