മനസ്സമാധാനത്തിന് ആരോഗ്യ ഇൻഷുറൻസ്

ആരോഗ്യമാണ് സമ്പത്ത്. എന്നും ആരോഗ്യമുള്ളവരായിരിക്കുക എന്നതാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ, അപ്രതീക്ഷിതമായി എത്തുന്ന രോഗങ്ങൾ മിക്കവരുടെയും ജീവിതത്തി​​ന്റെ താളംതെറ്റിക്കുന്നതാണ്. ഭാരിച്ച ചികിത്സാ ചെലവാണ് പ്രധാന കാരണം. ഇവിടെയാണ് ആരോഗ്യ ഇൻഷുറൻസി​ന്റെ പ്രസക്തി. സാമ്പത്തിക ഭാരമില്ലാതെ മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനൊപ്പം മനസ്സിന് സമാധാനം നൽകുന്നതുമാണ് ആരോഗ്യ ഇൻഷുറൻസ്. വാഹനങ്ങൾക്ക് മുടങ്ങാതെ ഇൻഷൂറൻസ് എടുക്കുന്ന നമ്മൾ ആരോഗ്യ ഇൻഷൂറൻസിന്റെ കാര്യത്തിൽ അമാന്തം കാണിക്കും. അടിയന്തര ചികിൽസയുടെ ആശുപത്രി ബില്ലടക്കാൻ വീട് വരെ പണയം വെച്ചവർ നിരവധി. ആരോഗ്യ ഇൻഷൂറൻസിനെക്കുറിച്ച് പലർക്കും വേണ്ടത്ര അറിവില്ല എന്നതാണ് സത്യം. പ്രാഥമികമായ കുറച്ച് വിവരങ്ങൾ ഇവിടെ പങ്കുവെക്കാം.

ചികിൽസക്കും ആശുപത്രിവാസത്തിനുമുള്ള ചെലവ് ഇൻഷൂറൻസ് കമ്പനി മുഴുവനായോ ഭാഗികമായോ വഹിക്കുമെന്നതാണ് ഇതിൽ ചേരുന്നതുകൊണ്ടുള്ള പ്രധാന ഗുണം.

ചെറുപ്പത്തിൽതന്നെ ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതാണ് നല്ലത്. പ്രായമേറുന്തോറും ജീവിതശൈലീ രോഗങ്ങൾ പിടിപെടാൻ സാധ്യതയേറെയാണ്. അപ്പോൾ ഇൻഷുറൻസ് എടുക്കുക പ്രയാസകരവും ചെലവേറിയതുമാകും. അതിനാൽ, നേര​ത്തേതന്നെ തുടങ്ങി ഓരോ വർഷവും ചെറിയ തുക മുടക്കി മനസ്സമാധാനം ഉറപ്പുവരുത്തുന്നതാണ് ഉചിതം.

നേരത്തേതന്നെ ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതുകൊണ്ട് പല പ്രയോജനങ്ങളുണ്ട്. മെഡിക്കൽ ചെക്കപ്പ് ആവശ്യമില്ല, ഇൻഷുറൻസ് പോളിസിക്കുള്ള അപേക്ഷ നിരസിക്കാൻ സാധ്യത കുറവ്, എല്ലാ രോഗങ്ങൾക്കും കവറേജ്, എളുപ്പത്തിലുള്ള പോളിസി പുതുക്കൽ എന്നിവയാണ് പ്രധാന മെച്ചങ്ങൾ. പോളിസി എടുക്കുമ്പോൾ ആരോഗ്യനിലയെപ്പറ്റിയുള്ള വിവരങ്ങൾ സത്യസന്ധമായി ഇൻഷുറൻസ് കമ്പനിയെ ധരിപ്പിക്കണം.

ആവശ്യം മനസ്സിലാക്കുക

നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ മെഡിക്കൽ ഇൻഷുറൻസിൽ ചേരുക എന്നതാണ് പ്രധാനം. ഉദാഹരണത്തിന്, നിങ്ങൾക്ക് ആശ്രിതരില്ലെങ്കിൽ വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് വാങ്ങുക, മാതാപിതാക്കൾക്കായി മുതിർന്ന പൗരന്മാർക്കുള്ള പ്ലാൻ തെരഞ്ഞെടുക്കുക, പങ്കാളിയും കുട്ടികളുമുണ്ടെങ്കിൽ ഫാമിലി ഫ്ലോട്ടർ പോളിസി വാങ്ങുക.

കാർ വാങ്ങുമ്പോൾ പല മോഡലുകളും ഫീച്ചറുകളും നോക്കുന്നതുപോലെ, ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ നന്നായി പഠിച്ച് മനസ്സിലാക്കണം. പോളിസി വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങളെക്കുറിച്ചും ഇൻഷുറൻസ് കമ്പനിയെക്കുറിച്ചും അന്വേഷിക്കുന്നത് ഏറ്റവും അനുയോജ്യമായ പ്ലാൻ കണ്ടെത്താൻ സഹായിക്കും.

പോളിസി കവറേജ്

ഒരു പോളിസിയിൽ വർഷം പരമാവധി ലഭിക്കുന്ന തുകയാണ് ഇത്. ഉയർന്ന കവറേജ് നൽകുന്ന പോളിസികളാണ് ഉത്തമം. എന്നാൽ, വളരെ ഉയർന്ന കവറേജ് തെരഞ്ഞെടുത്താൽ പ്രീമിയവും അതിനനുസരിച്ച് കൂട​ുമെന്ന് മറക്കരുത്. ഗർഭധാരണം, പ്രസവം, അപകടമൂലമല്ലാത്ത കോസ്മെറ്റിക് ദന്തൽ/കാഴ്ച ചികിത്സകൾ, മാനസിക അസുഖങ്ങൾ, ജന്മനാലുള്ള വൈകല്യങ്ങൾ, വന്ധ്യത എന്നിവ ഇൻഷുറൻസ് പരിധിയിൽനിന്ന് ഒഴിവാക്കിയിരിക്കുന്നു. സ്വയം വരുത്തിവെക്കുന്നവക്കും ചികിത്സ ചെലവുകൾ ലഭ്യമല്ല. ഉദാഹരണം: പുകവലി, മദ്യപാനം, മയക്കുമരുന്ന്, ആത്മഹത്യാ ശ്രമം, ആക്രമണം. (ഗർഭധാരണവും പ്രസവവും ചില പോളിസികളിൽ ലഭ്യമാണ്.)

ആശുപത്രിവാസം

നിലവിലുള്ള മിക്ക പോളിസികളിലും 24 മണിക്കൂറെങ്കിലും കിടത്തി ചികിത്സ ആവശ്യമാണ്. ചില പുതിയ പോളിസികളിൽ രണ്ട് മണിക്കൂറിൽ അധികമുള്ള ആശുപത്രി പ്രവേശന ചെലവുകളും പരിഗണിക്കുന്നുണ്ട്. രോഗനിർണയ പരിശോധനകൾ മാത്രമാണ് നടക്കുന്നതെങ്കിൽ ​ക്ലെയിം ലഭിക്കില്ല. ഇപ്പോൾ പല കമ്പനികളും 24 മണിക്കൂർ ആശുപത്രിവാസം ആവശ്യമില്ലാത്ത ചികിത്സക്കും ഇൻഷുറൻസ് സംരക്ഷണം നൽകുന്നുണ്ട്. പോളിസികൾ വാങ്ങുന്നതിന് മുമ്പ് ഏതൊക്കെ ചികിത്സകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് മനസ്സിലാക്കണം.

സം ഇൻഷ്വേർഡ്

പോളിസി കാലയളവിൽ സം ഇൻഷ്വേർഡ് തുകയാണ് പരമാവധി ​ക്ലെയിമായി ലഭിക്കുക. രണ്ട് ലക്ഷം രൂപയാണ് കവറേജ് എങ്കിൽ ആശുപത്രിയിൽ മൂന്ന് ലക്ഷം രൂപ ചെലവായാലും പരമാവധി രണ്ട് ലക്ഷം രൂപയേ കിട്ടൂ.

മുറിവാടക പരിധി

മിക്ക പോളിസികളിലും ആശുപത്രി മുറിവാടക കവറേജ് തുകയുടെ നിശ്ചിത ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്. മുറിവാടകയിൽ നഴ്സിങ് ചാർജ് ഉൾപ്പെടെയുള്ള അനുബന്ധ ചെലവുകളും അടങ്ങും. മുറിവാടക നിശ്ചിത പരിധിയിൽ അധികമായാൽ ​ക്ലെയിം തുകയിൽ ആനുപാതികമായ കുറവുണ്ടാകും.

കാത്തിരിപ്പ് കാലയളവ്

പോളിസി എടുക്കുന്നയാൾക്ക് നേരത്തേതന്നെ അസുഖമുണ്ടെങ്കിൽ അതിന് ഉടൻതന്നെ ഇൻഷുറൻസ് കവറേജ് ലഭിക്കില്ല. ഇത്തരം അസുഖങ്ങൾക്ക് കമ്പനികൾ ഒരു കാത്തിരിപ്പ് സമയം നിശ്ചയിക്കും. രണ്ട് വർഷമോ നാല് വർഷമോ ആകാമിത്. എല്ലാ ​പോളിസികളിലും ആദ്യ 30 ദിവസം അപകടംമൂലമുള്ള ചികിത്സക്കേ കവറേജ് കിട്ടുകയുള്ളൂ.

പോളിസിയെടുത്തതിന് ശേഷം വരുന്ന അസുഖങ്ങളിൽ ആദ്യ രണ്ട് വർഷം ഒഴിവാക്കിയ അസുഖങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കണം. തിമിരം, ഗ്ലുക്കോമ, തൈറോയിഡ്, ഇ.എൻ.ടി സംബന്ധമായ അസുഖങ്ങൾ, ഫിസ്റ്റുല, പൈൽസ്​, ഹെർണിയ, സൈനസൈറ്റിസ്​, ഹൈഡ്രോസീൻ, സ്റ്റോൺ, വെരിക്കോസ് വെയിൻ, അൾസർ, ഗർഭാശയ അസുഖങ്ങൾ, മുഴകൾ, സ്തനരോഗങ്ങൾ​, ബോൺ ജോയന്റ് അസുഖങ്ങളും തേയ്മാനങ്ങളും അവയവമാറ്റ ശസ്​ത്രക്രിയ തുടങ്ങിയവ ഇതിൽപെടും.

കാഷ് ലെസ് നെറ്റ്‍വർക്ക്

പോളിസി എടുത്തയാൾക്ക് ആശുപത്രിയിൽ പണം അടക്കാതെ ചികിത്സ നേടാനുള്ള സംവിധാനമാണിത്. ഇൻഷുറൻസ് കമ്പനി ലിസ്റ്റ് ചെയ്ത ആശുപത്രികളിൽ കിടത്തി ചികിത്സിക്കുമ്പോൾ അർഹതപ്പെട്ട ക്ലെയിം തുക കമ്പനി ആശുപത്രികൾക്ക് നൽകുന്നു. പോളിസിയെടുക്കുമ്പോൾ കാഷ് ലെസ് നെറ്റ്‍വർക്കിൽ ഏറ്റവും അടുത്തുള്ള മികച്ച ആശുപത്രികൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം.

തിരിച്ചുകിട്ടുന്ന തുക

ഇതിൽ നിങ്ങൾക്ക് ഇഷ്ടമുള്ളതോ സൗകര്യപ്രദമായതോ ആയ ഏത് ആശുപത്രിയിലും ചികിത്സതേടാം. ഇതിനായി ഇൻഷുറൻസ് കമ്പനിയുടെ നെറ്റ്‌വർക്ക് ആശുപത്രിയിൽതന്നെ പോകണമെന്നില്ല. ചികിത്സയുടെ ചെലവ് ആദ്യം സ്വയം വഹിക്കണമെന്നുമാത്രം. ചികിത്സ പൂർത്തിയായാൽ ആശുപത്രി ബില്ലുകളും പരിശോധന റിപ്പോർട്ടുകളും മറ്റ് രേഖകളും സഹിതം റീഇംബേഴ്സ്മെന്റ് ക്ലെയിം സമർപ്പിക്കണം. ഇൻഷുറൻസ് കമ്പനി ഇത് പരിശോധിച്ച ശേഷം തുക അനുവദിക്ക​ും.

ഇതര ചികിത്സകൾ

ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി (ആയുഷ്) തുടങ്ങിയ അലോപ്പതി ഇതര ചികിത്സകൾക്ക് ഇപ്പോൾ പല ഇൻഷുറൻസ് കമ്പനികളും പോളിസി അനുവദിക്കുന്നുണ്ട്. പോളിസിയിൽ ഇതര ചികിത്സാ വിഭാഗങ്ങൾ ഉൾപ്പെടുന്നുണ്ടോയെന്ന് ഉറപ്പാക്കണം.

ആശുപത്രി വാസത്തിന് മുമ്പും ശേഷവും

ആശുപത്രി വാസത്തിന് നിശ്ചിത ദിവസങ്ങൾക്ക് മുമ്പും ശേഷവും നടത്തിയ പരിശോധനകൾ, ചികിത്സ തുടങ്ങിയവയെല്ലാം ഇൻഷുറൻസ് കവറേജിൽ ഉൾപ്പെടുന്നു. വ്യത്യസ്‌ത ഇൻഷുറൻസ് കമ്പനികൾക്ക് വ്യത്യസ്‌ത നിബന്ധനകളും വ്യവസ്ഥകളുമാണുള്ളത്. നിങ്ങളുടെ പോളിസി ഈ കവറേജ് നൽകുന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പാക്കണം.

നികുതി ആനുകൂല്യം

ആരോഗ്യ ഇൻഷുറൻസിൽ അടച്ച പ്രീമിയത്തിന് ആദായനികുതി നിയമത്തിലെ സെക്ഷൻ 80ഡി പ്രകാരം നികുതിയിളവ് ലഭിക്കും.

Tags:    
News Summary - Health insurance for peace of mind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.