കൊച്ചിയെ പ്രണയിച്ച് റിയല്‍ എസ്റ്റേറ്റ് മേഖല

രാജ്യത്തുതന്നെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ഇഷ്ട കേന്ദ്രമായി മാറുകയാണ് കൊച്ചി. ദേശീയതലത്തിലും മിഡില്‍ ഈസ്റ്റിലുമുള്ള പ്രമുഖ ബില്‍ഡര്‍മാര്‍ കൊച്ചിയിലേക്ക് കണ്ണുവെച്ച വര്‍ഷമാണ് റിയല്‍ എസ്റ്റേറ്റ് രംഗത്ത് കടന്നുപോയത്. 2016ല്‍ മാത്രം കൊച്ചിയില്‍ ആറ് ലക്ഷം ചതുരശ്രയടി ഓഫിസ് സ്പേസ് വിറ്റുപോയതായാണ് കണക്ക്. കൊച്ചിയുടെ ഉപഗ്രഹനഗരമെന്ന് വിശേഷിപ്പിക്കാവുന്ന കാക്കനാട്ടും വന്‍തോതില്‍ ഓഫിസ് സ്പേസ് വിറ്റുപോയി. 

വിമാനത്താവളവുമായുള്ള അടുപ്പം, സ്മാര്‍ട് സിറ്റി, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയവയാണ് കൊച്ചിയിലേക്ക് കോര്‍പറേറ്റ് ഭീമന്മാരെ ആകര്‍ഷിക്കുന്നത്. ഇവരുടെ വരവ് ഓഫിസ് സ്ഥലത്തിന് ആവശ്യകത വര്‍ധിക്കാന്‍ കാരണമാവുകയും ചെയ്തു. സ്വന്തമായി വാങ്ങല്‍, വാടക തുടങ്ങിയവക്കുള്ള ആവശ്യകതയിലും സ്ഥിരമായ വര്‍ധനയാണ് കൊച്ചിയില്‍ രേഖപ്പെടുത്തിയത്. അടുത്ത മൂന്നുവര്‍ഷത്തിനിടെ, 30 ലക്ഷം ചതുരശ്രയടി ഓഫിസ് സ്ഥലത്തിനുള്ള ആവശ്യകതയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഐ.ടി രംഗത്തിന്‍െറ വികസനം കൂടി പരിഗണിച്ചാണ് ഈ കണക്കുകൂട്ടല്‍. 

രാജ്യത്തുതന്നെ ഏറ്റവുമധികം വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന നഗരങ്ങളില്‍ ഒന്ന് എന്ന നിലക്കാണ് കൊച്ചി റിയല്‍ എസ്റ്റേറ്റ് നിക്ഷേപകരുടെ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കി നടപ്പാക്കുന്ന 20 സ്മാര്‍ട് നഗരപദ്ധതികളില്‍ ഒന്ന് കൊച്ചിയിലാണ്. ഏതാനും വര്‍ഷത്തിനിടെ ഈ പദ്ധതിയില്‍പെടുത്തിതന്നെ ആയിരക്കണക്കിന് കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം കൊച്ചിയില്‍ നടക്കും. 
കൊച്ചി മെട്രോ, സ്മാര്‍ട്സിറ്റി പദ്ധതി തുടങ്ങിയവ കൂടിയായതോടെ ഐ.ടി മേഖലയില്‍നിന്ന് ഉള്‍പ്പെടെ പ്രമുഖ കോര്‍പറേറ്റ് കമ്പനികള്‍ തങ്ങളുടെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റിത്തുടങ്ങിയിട്ടുമുണ്ട്. മെട്രോറെയില്‍ പോലുള്ള അടിസ്ഥാന സൗകര്യ വികസനം കൊച്ചിയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കുതിപ്പിനും കാരണമാകുന്നുണ്ട്. രാജ്യത്തെ രണ്ടാംനിര നഗരങ്ങളില്‍ മുഖ്യസ്ഥാനവും കൊച്ചിക്ക് കൈവന്നിട്ടുണ്ട്. 

മുന്‍നിര നഗരങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വിദഗ്ധ തൊഴിലാളികളുടെ ലഭ്യത, പ്രവര്‍ത്തനച്ചെലവില്‍ 50 ശതമാനംവരെ കുറവ്, മിതമായ വാടക എന്നിവയും കോര്‍പറേറ്റ് കമ്പനികളെ കൊച്ചിയിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ രണ്ടുതരത്തിലുള്ള വളര്‍ച്ചക്കാണ് ഇപ്പോള്‍ കൊച്ചി സാക്ഷ്യം വഹിക്കുന്നത്. മുഖ്യം, പാര്‍പ്പിട മേഖലതന്നെ. രാജ്യത്തെ പ്രമുഖ ബില്‍ഡര്‍മാരെല്ലാം കൊച്ചിയില്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് നടപ്പാക്കികൊണ്ടിരിക്കുകയാണ്. നിരവധി പദ്ധതികള്‍ പൂര്‍ത്തിയാക്കിയവര്‍ നഗരപരിധയില്‍ വീണ്ടും സ്ഥലം കണ്ടത്തെി പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നുമുണ്ട്. 

വാണിജ്യരംഗത്തും നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നേറുകയാണ്. ഐ.ടിയും അനുബന്ധമേഖലയിലുമാണ് ഏറ്റവുമധികം നിര്‍മാണ പുരോഗതിയുള്ളത്. ഇതുകൂടാതെ വന്‍കിട ഷോപ്പിങ് മാളുകള്‍, നിര്‍മാണ വ്യവസായം, രാസ വ്യവസായം തുടങ്ങിയ മേഖലകളിലും വന്‍ പദ്ധതികള്‍ പുരോഗമിക്കുന്നുണ്ട്. വിനോദസഞ്ചാര രംഗത്തും പദ്ധതികളുണ്ട്. 

നഗരത്തില്‍ ഇപ്പോള്‍തന്നെ ഒരുകോടി ചതുരശ്രയടി ഓഫിസ് സ്പേസ് ഉള്ളതായാണ് വിലയിരുത്തല്‍. കെ.പി.എം.ജി, ഐ.സി.ഐ.സി.ഐ, സീറോക്സ്, യു.എസ്.ടി ഗ്ളോബല്‍, ടി.സി.എസ്, വിപ്രോ, സി.ടി.എസ് തുടങ്ങിയ കോര്‍പറേറ്റുകള്‍ കൊച്ചിയില്‍ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. 
ഐ.ടി മേഖല, പ്രത്യേക സാമ്പത്തികമേഖല എന്നിവിടങ്ങളില്‍ പ്രതിമാസം ചതുരശ്രയടിക്ക് 35 മുതല്‍ 42 രൂപവരെ വാടകക്ക് ഓഫിസ് സ്ഥലം ലഭ്യമാണെന്നതും കോര്‍പറേറ്റ് കമ്പനികളെ കൊച്ചിയിലേക്ക് ആകര്‍ഷിക്കുന്നു. മറ്റ് ദക്ഷിണേന്ത്യന്‍ നഗരങ്ങളെ അപേക്ഷിച്ച് വാണിജ്യ വാടക കൊച്ചിയില്‍ കുറവാണെന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍നിന്നുള്ളവര്‍ വിശദീകരിക്കുന്നു. 

മാളുകളും മറ്റുമായി 30 ലക്ഷം ചതുരശ്രയടി വാണിജ്യ സ്ഥലവും ഈ നഗരത്തില്‍ ലഭ്യമാണ്. ഇതുകൂടാതെ, 15ലധികം വന്‍കിട ഹോട്ടലുകള്‍ ഉള്‍പ്പെടെ ഹോസ്പിറ്റാലിറ്റി സൗകര്യം, 40ല്‍പരം പ്രമുഖ ആശുപത്രികള്‍ ഉള്‍ക്കൊള്ളുന്ന ആരോഗ്യരംഗത്തിന്‍െറ സാന്നിധ്യം എന്നിവയും കൊച്ചിയുടെ റിയല്‍ എസ്റ്റേറ്റ് രംഗത്തിന് പ്രാധാന്യം വര്‍ധിപ്പിക്കുന്നു. 

വാണിജ്യരംഗത്ത് ഏറ്റവുമധികം ആവശ്യകത വന്നുകൊണ്ടിരിക്കുന്നത് എം.ജി റോഡ്, മറൈന്‍ ഡ്രൈവ് എന്നിവ കേന്ദ്രീകരിച്ചാണ്. ബര്‍ഗര്‍ കിങ്, കെ.എഫ്.സി, ഡോമിനോസ്, മക്ഡൊണാള്‍ഡ്, ആരോ, ലൂയിസ് ഫിലിപ്പ്, മോച്ചി, ഫൈ്ളയിങ് മെഷിന്‍, വാന്‍ ഹ്യൂസന്‍, ബിബ തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍റുകള്‍, പ്രമുഖ ജ്വല്ലറികള്‍, വസ്ത്ര വ്യാപാരശാലകള്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടെ സാന്നിധ്യമുറപ്പിക്കുന്നതിന് മത്സരിക്കുന്നതും റിയല്‍ എസ്റ്റേറ്റ് രംഗത്തിന് ഗുണകരമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതനുസരിച്ച് പ്രമുഖ  ബിസിനസ് കേന്ദ്രങ്ങളില്‍ വാടകയും കുതിച്ചുയരുന്നുണ്ട്. എം.ജി റോഡ് കൂടാതെ കലൂര്‍, കടവന്ത്ര, വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി എന്നിവയും റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖര്‍ക്ക് അതീവ താല്‍പര്യമുള്ള മേഖലയായി മാറിയിട്ടുണ്ട്. 

(വിവരങ്ങള്‍ക്ക് കടപ്പാട്:
റാം ചന്ദ്നാനി,
സി.ബി.ആര്‍.ഇ 
സൗത്ത് ഏഷ്യ).

Tags:    
News Summary - real estate sector boom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.