മുംബൈ: റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ 500 ശതമാനം താരിഫ് ചുമത്തുമെന്ന യു.എസിന്റെ പുതിയ ഭീഷണി ഇന്ത്യയുടെ ഇറക്കുമതിയെ ബാധിക്കില്ലെന്ന് വിദഗ്ധർ. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യൻ കമ്പനികൾ ഗണ്യമായി കുറച്ചതിനാലാണ് സമീപകാല ഇറക്കുമതിയെ ബാധിക്കാത്തത്. ഡിസംബറിൽ ഒരു ദിവസം 1.2 ദശലക്ഷം ബാരലിൽ കുറവ് എണ്ണയാണ് റഷ്യയിൽനിന്ന് ഇന്ത്യ വാങ്ങിയത്. സമാന തോതിൽ തന്നെയായിരിക്കും ജനുവരിയിലെയും ഇറക്കുമതിയെന്നാണ് സൂചന.
മുൻ വർഷത്തെ അപേക്ഷിച്ച് 2025ൽ ഇന്ത്യ ഇറക്കുമതി ചെയ്ത മൊത്തം എണ്ണയുടെ അളവ് മൂന്ന് ശതമാനം വർധിച്ചിട്ടുണ്ടെങ്കിലും റഷ്യൻ എണ്ണയുടെ അളവ് നാല് ശതമാനം വരെ കുറഞ്ഞിരിക്കുകയാണെന്ന് നാവിക വ്യാപാര ഡാറ്റ ശേഖരിക്കുന്ന കെപ്ലറിന്റെ മുഖ്യ ഗവേഷണ അനലിസ്‍റ്റ് സുമിത് റിതോലിയ പറഞ്ഞു. അതായത് ഇന്ത്യ വാങ്ങുന്ന മൊത്തം അസംസ്കൃത എണ്ണയിൽ റഷ്യയുടെ പങ്ക് 38 ശതമാനത്തിൽനിന്ന് 36 ശതമാനത്തിലേക്ക് ഇടിഞ്ഞു. ഡിസംബറിൽ ഇറക്കുമതി മൂന്ന് വർഷത്തെ ഏറ്റവും കുറഞ്ഞ അളവിലെത്തി. യു.എസ്, യൂറോപ്യൻ ഉപരോധങ്ങളും വിതരണത്തിലെ തടസ്സങ്ങളും വ്യാപാര അനിശ്ചിതാവസ്ഥയുമാണ് കാരണം. ജനുവരിയിലെ റഷ്യൻ ഇറക്കുമതി ഒരു ദിവസം 1.2-1.3 ദശലക്ഷം ബാരലിൽ ഒതുങ്ങുമെന്നാണ് സൂചന.
വീണ്ടും താരിഫ് പ്രഖ്യാപിച്ചാൽ ഇറക്കുമതി തടസ്സപ്പെടുമെന്നതിനേക്കാൾ കൂടുതൽ മറ്റൊരു വിപണിയെ ആശ്രയിക്കേണ്ടി വരുമ്പോൾ ഉയരുന്ന ചെലവായിരിക്കും കമ്പനികൾ നേരിടേണ്ടി വരുന്ന ആഘാതം. വിലക്കുറവിനൊപ്പം ഇൻഷൂറൻസ് ലഭിക്കുകയും ഉപരോധം പിൻവലിക്കുകയും ചെയ്താൽ റഷ്യൻ എണ്ണ വളരെ ആകർഷകമായിരിക്കും. മറിച്ചാണെങ്കിൽ ഇന്ത്യൻ ഓയിൽ കമ്പനികൾ പശ്ചിമേഷ്യ, യു.എസ്, ആഫ്രിക്ക തുടങ്ങിയ വിപണിയിലേക്ക് മാറും. വില കൂടുതലാണെങ്കിലും ഈ മേഖലയിൽനിന്ന് എണ്ണ വാങ്ങുന്നത് വളരെ എളുപ്പമാണെന്നും സുമിത് റിതോലിയ ചൂണ്ടിക്കാട്ടി.
അതേസമയം, നിലവിൽ ഒരു ബാരൽ അസംസ്കൃത എണ്ണക്ക് ഒമ്പത് ഡോളർ വരെ വിലക്കുറവാണ് റഷ്യ നൽകുന്നത്. ആഗോള രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതാവസ്ഥ തുടരുകയാണെങ്കിൽ വില ഇനിയും കുറയുമെന്ന് എണ്ണ സംസ്കരണ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥൻ സൂചന നൽകി. ഇന്ത്യയും ചൈനയും ബ്രസീലുമടക്കമുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ട് 500 ശതമാനം നികുതി നിർദേശിക്കുന്ന ‘റഷ്യൻ ഉപരോധ നിയമം‘ യു.എസ് അടുത്ത ആഴ്ച പാസാക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.