നീരവ് മോദിക്ക് ആറ് പാസ്പോർട്ട്; പുതിയ അന്വേഷണ റിപ്പോർട്ടിന് നീക്കം
ന്യൂഡൽഹി: കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ രത്ന വ്യാപാരി നീരവ് മോദി ചുരുങ്ങിയത് ആറ് ഇന്ത്യൻ പാസ്പോർട്ട് എങ്കിലും കൈവശം വെച്ചതായി അന്വേഷണ ഏജൻസികൾ ആരോപിച്ചു. ഇതു സംബന്ധിച്ച് പുതിയ അന്വേഷണ റിപ്പോർട്ട് തയാറാക്കാൻ ഒരുങ്ങുകയാണ് ഏജൻസി. ഇപ്പോഴുള്ള പാസ്പോർട്ടിൽ രണ്ടെണ്ണം അടുത്തകാലംവരെ നീരവ് ഉപയോഗിച്ചിട്ടുണ്ട്. ഇതിൽ ഒന്നിൽ മുഴുവൻ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊന്നിൽ ആദ്യപേര് മാത്രമാണുള്ളത്.
ഇതിൽ 40 മാസത്തെ യു.കെ വിസയുമുണ്ട്. ഇൗ പാസ്പോർട്ട് ഉപയോഗിച്ചാകും മോദിയുടെ യാത്രയെന്നാണ് അധികൃതർ കരുതുന്നത്. നീരവിെൻറ ആദ്യ പാസ്പോർട്ട് ഇൗ വർഷം ആദ്യം സർക്കാർ റദ്ദാക്കിയിരുന്നു. തുടർന്ന് രണ്ടാമത്തെ പാസ്പോർട്ടും റദ്ദുചെയ്തു.
പാസ്പോർട്ടുകൾ റദ്ദാക്കിയ വിവരം വിദേശകാര്യ മന്ത്രാലയം ഇൻറർപോളിന് കൈമാറിയിട്ടുണ്ട്. എന്നാൽ, യാത്രരേഖകൾ അസാധുവാക്കാനുള്ള സംവിധാനം അന്താരാഷ്ട്ര തലത്തിൽ സമ്പൂർണമായി നിലവിലില്ല എന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മറ്റേതെങ്കിലും രാജ്യത്തിെൻറ പാസ്പോർട്ട് ഉപയോഗിച്ചാണോ നീരവിെൻറ യാത്രയെന്നതും അന്വേഷണത്തിലാണ്.
ഇൻറർപോൾ നീരവിനെതിരെ നോട്ടീസ് പുറപ്പെടുവിക്കുകയും താമസ സ്ഥലം വ്യക്തമാവുകയും ചെയ്താൽ സർക്കാർ അയാളെ വിട്ടുകിട്ടാനുള്ള നീക്കം സജീവമാക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.