മുംബൈ: പശ്ചിമേഷ്യൻ പ്രതിസന്ധിയും ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകളും പടരുന്നതിനിടെ ഓഹരിവിപണിയിൽ വീണ്ടും വിൽപ്പന സമ്മർദ്ദം. വ്യാപാരം ആരംഭിച്ചതിന് പിന്നാലെ സെൻസെക്സ് 700 പോയന്റ് ഇടിഞ്ഞു. രാവിലെ 9.39ഓടെ സെൻസെക്സ് 683.87 പോയന്റ് ഇടിഞ്ഞ് 75,331.41 ലെത്തി. നിഫ്റ്റി 189.65 പോയന്റ് ഇടിഞ്ഞ് 23,626.20 ത്തിലുമാണ് വ്യാപാരം.
ക്രൂഡ് ഓയിൽ വിലയിലെ വർധന, രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്, ഭൗമരാഷ്ട്രീയ ആശങ്കകൾ എന്നിവയാണ് വിപണിക്ക് തിരിച്ചടിയായത്. യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കായ 95.58ലെത്തിയിരുന്നു. ഇത് പണപ്പെരുപ്പം, ഇന്ത്യയുടെ ഇറക്കുമതി ബിൽ, വിദേശ ഫണ്ടിന്റെ ഒഴുക്ക് എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ രൂക്ഷമാക്കി.
യു.എസ് -ഇറാൻ യുദ്ധത്തെ തുടർന്നുള്ള ആശങ്കകൾ വർധിക്കുന്നതും ക്രൂഡ് ഓയിൽ വിലയിലെ കുത്തനെയുള്ള വർധനവും വിപണിയെ ദുർബലമാക്കി. ഇന്ത്യ അസംസ്കൃത എണ്ണ ആവശ്യകതയുടെ 85 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതിന്റെ ആഘാതവും ആഭ്യന്തര വിപണിയെ തളർത്തുന്നുണ്ട്.
ഐ.ടി ഓഹരികളാണ് വിപണിയിൽ കനത്ത നഷ്ടം നേരിടുന്നത്. നിഫ്റ്റി ഐ.ടി സൂചികകൾ മൂന്നുശതമാനത്തോളം ഇടിഞ്ഞു. ഇൻഫോസിസ്, ടി.സി.എസ് ഓഹരികൾ മൂന്നുശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. കോഫോർജ്, പെർസിസ്റ്റന്റ് സിസ്റ്റംസ്, എൽ.ടി.ഐ മൈൻഡ്ട്രീ, ടെക് മഹീന്ദ്ര എന്നിവയുടെ ഓഹരികളും കുത്തനെ ഇടിഞ്ഞു. ആഗോള സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്ന ആശങ്കയാണ് ഐ.ടി ഓഹരികൾക്ക് തിരിച്ചടിയായത്. ബാങ്കിങ്, ധനകാര്യ ഓഹരികളും സമ്മർദ്ദം നേരിടുന്നുണ്ട്. ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്സിസ് ബാങ്ക്, എസ്.ബി.ഐ ലൈഫ് എന്നിവ താഴ്ന്ന നിലയിലാണ് വ്യാപാരം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെലവുചുരുക്കൽ ഉപദേശം വിപണിയെ ബാധിച്ചിട്ടുണ്ടെന്ന് വിദഗ്ധർ പറഞ്ഞു. അസംസ്കൃത എണ്ണയുടെ വിലയെയും പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെയും ആശ്രയിച്ചായിരിക്കും ഇനി വിപണിയുടെ ദിശയെന്നും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.