ഉപരോധത്തിന് ഒരു മാസത്തെ സമയ പരിധി മാത്രം; റഷ്യൻ എണ്ണ വിടാതെ ഇന്ത്യ

മുംബൈ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യൻ എണ്ണക്കമ്പനികൾക്കെതിരെ പ്രഖ്യാപിച്ച ഉപരോധം നിലവിൽ വരാൻ ഇനി ഒരു മാസം മാത്രം ബാക്കി. റഷ്യയുടെ ഏറ്റവും വലിയ റോസ്​നെഫ്റ്റ്, ലുകോയിൽ എണ്ണക്കമ്പനികളുടെ മേൽ വിദേശ ആസ്തികൾ നിയന്ത്രിക്കുന്ന യു.എസിന്റെ ഓഫിസ് നടപ്പാക്കുന്ന ഉപരോധം നവംബർ 21നാണ് നിലവിൽ വരിക. ഇന്ത്യയിലേക്ക്  70 ശതമാനത്തിലേറെയും എണ്ണ വിതരണം ചെയ്യുന്നത് റോസ്​നെഫ്റ്റും ലുകോയിലുമാണ്. ഉപരോധം പ്രതിരോധിക്കാൻ എണ്ണ ഇറക്കുമതിക്ക് ഒരു മാസത്തിനുള്ളിൽ മറ്റു റഷ്യൻ കമ്പനികളുമായി പുതിയ കരാറുകളിൽ ഏ​ർപ്പെടാൻ സാധ്യതയുണ്ടെന്ന് മേഖലയിലെ വിദഗ്ധർ സൂചന നൽകി.

നിലവിൽ റഷ്യയിൽനിന്ന് ദിവസം 1.7 ദശലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇതിലും ഭൂരിഭാഗവും സ്വന്തമാക്കുന്നത് റിലയൻസ് ഇൻഡസ്ട്രീസ്, നയാര എനർജി തുടങ്ങിയ കമ്പനികളാണ്. പൊതുമേഖല കമ്പനികളായ ഐ.ഒ.സി.എലും ബി.പി.സി.എലും എച്ച്.പി.സി.എലും വളരെ കുറച്ചു മാത്രമേ റഷ്യൻ എണ്ണ വാങ്ങുന്നുള്ളൂ. റോസ്​നെഫ്റ്റിൽനിന്നും ലുകോയിൽനിന്നും നേരിട്ട് എണ്ണ വാങ്ങുന്നത് നവംബർ 21 വരെ തുടരാ​നെ സാധ്യതയുള്ളൂവെന്ന് നാവിക വ്യാപാരം നിരീക്ഷിക്കുന്ന കെപ്‍ളർ കമ്പനിയുടെ മുഖ്യ റിസർച്ച് അനലിസ്റ്റ് സുമിത് റിതോലിയ പറഞ്ഞു.

അതേസമയം, റഷ്യയുടെ മൊത്തം എണ്ണയുടെ 57 ശതമാനം ഉത്പാദിപ്പിക്കുന്നത് റോസ്​നെഫ്റ്റും ലുകോയിലുമാണെങ്കിലും ബാക്കി 43 ശതമാനം മറ്റു കമ്പനികളുടെ സംഭാവനയാണ്. മറ്റു കമ്പനികളെ ഉപരോധം ബാധിക്കാത്തതിനാൽ ഇന്ത്യൻ കമ്പനികൾക്ക് എണ്ണ ഇറക്കുമതി ചെയ്യാൻ കഴിയും. ഇന്ത്യൻ കമ്പനികൾക്കെതിരെ ഉപരോധം പ്രഖ്യാപിക്കു​കയോ കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്യാത്ത സാഹചര്യത്തിൽ റഷ്യൻ എണ്ണയുടെ ഇറക്കുമതി അവസാനിക്കില്ലെന്ന് ജി.ടി.ആർ.ഐ സ്ഥാപകൻ അജയ് ശ്രീവാസ്തവ പറഞ്ഞു.

Tags:    
News Summary - Russian crude flow to remain until November

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.