സംസ്ഥാനങ്ങളോട് ആർ.ബി.ഐ ഗവർണർ: ഇന്ധന വാറ്റ് കുറക്കൂ

ന്യൂഡൽഹി: പെട്രോളിനും ഡീസലിനും സംസ്ഥാനങ്ങൾ ചുമത്തുന്ന മൂല്യവർധിത നികുതി (വാറ്റ്) കുറക്കണമെന്ന കേന്ദ്രസർക്കാർ നിലപാടിനെ പിന്തുണച്ച് റിസർവ് ബാങ്ക്.

ഇന്ധന വാറ്റ് കുറക്കുന്നത് പണപ്പെരുപ്പം കുറക്കുമെന്നും ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി. പണപ്പെരുപ്പം എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിച്ചുകൊണ്ട് എണ്ണവില മാനംമുട്ടിയപ്പോൾ മുഖം രക്ഷിക്കാനെന്നവണ്ണം കേന്ദ്ര സർക്കാർ പെട്രോൾ ലിറ്ററിന് എട്ടു രൂപയും ഡീസലിന് ആറു രൂപയും എക്സൈസ് നികുതി കുറച്ചിരുന്നു.

തങ്ങൾ ചെയ്തപോലെ നികുതി കുറക്കാൻ സംസ്ഥാനങ്ങളും തയാറാകണമെന്ന് അന്ന് കേന്ദ്രം ആഹ്വാനം ചെയ്തിരുന്നുവെങ്കിലും ആരും തയാറായില്ല. എക്സൈസ് നികുതി കുറച്ചശേഷം നഗരപ്രദേശങ്ങളിലെ വീടുകളിൽ അടിയന്തര സർവേ നടത്തിയിരുന്നുവെന്നും പണപ്പെരുപ്പ നിലയിൽ കുറവുണ്ടായതായി ഇതിൽ കണ്ടെത്തിയെന്നും ആർ.ബി.ഐ ഗവർണർ അവകാശപ്പെട്ടു. ''അതുകൊണ്ടുതന്നെ സംസ്ഥാന വാറ്റ് കൂടി കുറച്ചാൽ പണപ്പെരുപ്പ സമ്മർദം കുറയ്ക്കാൻ തീർച്ചയായും സാധിക്കും'' -അദ്ദേഹം കൂട്ടിച്ചേർത്തു.

മേയ് 21ന് എക്സൈസ് നികുതി കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തവെ, വാറ്റ് കുറക്കാൻ ധനമന്ത്രി നിർമല സീതാരാമൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം, കഴിഞ്ഞ ഏപ്രിലിൽ പ്രധാനമന്ത്രിയും നടത്തിയിരുന്നു.

Tags:    
News Summary - RBI governor urges states to reduce fuel VAT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.