ന്യൂഡൽഹി: ഇന്ത്യൻ ഹോട്ടൽ വ്യവസായരംഗത്തെ അതികായൻ പൃഥ്വീരാജ് സിങ് ഒബ്റോയ് (94) നിര്യാതനായി. ഒബ്റോയ് ഗ്രൂപ് ചെയർമാൻ എമിരറ്റസ് ആയ അദ്ദേഹം ‘ബികി’ എന്നാണ് അറിയപ്പെട്ടിരുന്നത്. 32 ഹോട്ടലുകൾ ഉൾപ്പെടുന്ന വിശാലമായ ശൃംഖല പടത്തുയർത്തിയാണ് അദ്ദേഹം വിടപറയുന്നത്.
ഒബ്റോയ് ഗ്രൂപ് സ്ഥാപകനായ റായ് ബഹാദൂർ മോഹൻ സിങ് ഒബ്റോയിയുടെ മകനായി 1929 ഫെബ്രുവരി മൂന്നിന് ജനിച്ച പി.ആർ.എസ് ഒബ്റോയ് ട്രൈഡന്റ് ഹോട്ടൽ ശൃംഖല പടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. ഒബ്റോയ്, ട്രൈഡന്റ് ഹോട്ടൽ ശൃംഖലകളുടെ ഹോൾഡിങ് കമ്പനിയായ ഇ.ഐ.എച്ച് അസോസിയേറ്റഡ് ഹോട്ടൽസ് ലിമിറ്റഡ് ചെയർമാനായി 1988ൽ ചുമതലയേറ്റു. അനാരോഗ്യത്തെത്തുടർന്ന് കഴിഞ്ഞ വർഷം മേയിലാണ് കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാൻ, ഡയറക്ടർ പദവികളൊഴിഞ്ഞത്. 2008ൽ രാജ്യം രണ്ടാമത്തെ ഉന്നത ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചു. 2010ൽ ഹോട്ടൽസ് മാഗസിൻ ഏർപ്പെടുത്തിയ കോർപറേറ്റ് ഹോട്ടലിയർ ഓഫ് ദി വേൾഡ് പുരസ്കാരത്തിനും അർഹനായി.
ഇന്ത്യൻ ഹോട്ടൽ വ്യവസായത്തിന്റെ മുഖച്ഛായ മാറ്റിയെഴുതിയ പ്രതിഭയെന്നാണ് ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യൻ ഹോട്ടൽ വ്യവസായത്തെ ആഗോള ഭൂപടത്തിൽ എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. വിലാസ്, ഒബ്റോയ്, ട്രൈഡന്റ് എന്നിവയാണ് ഗ്രൂപ്പിന് കീഴിലുള്ള പ്രശസ്ത ബ്രാൻഡുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.