പേടിഎം പേയ്മെന്റ്സ് ബാങ്കിനെതിരായ നടപടി; ആരെയൊക്കെ ബാധിക്കും? നിങ്ങളുടെ പണം സുരക്ഷിതമോ?

ന്യൂഡൽഹി: ബാങ്കിന്റെയും നിക്ഷേപകരുടെയും താല്‍പര്യങ്ങള്‍ക്ക് ദോഷകരമായ രീതിയിലാണ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെന്ന് ചൂണ്ടിക്കാട്ടി പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു. ബാങ്ക് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഹൈ​കോടതിയെ സമീപിക്കുകയും ചെയ്യും. അതോടെ വണ്‍97 കമ്മ്യൂണിക്കേഷന്‍സും വിജയ് ശേഖര്‍ ശര്‍മയും ചേര്‍ന്ന് സ്ഥാപിച്ച പേയ്മെന്റ് ബാങ്ക് ഇനി ആസ്തികൾ വിറ്റ് പണമാക്കി, കടങ്ങളും ബാധ്യതകളും തീർത്ത് പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരും. പേ​ടിഎം പേയ്മെന്റ് ബാങ്ക് അടച്ചുപൂട്ടുന്നതോടെ തങ്ങളുടെ പേടിഎം വാലറ്റ്, യു.പി.ഐ അക്കൗണ്ട് എന്നിവക്ക് എന്ത് സംഭവിക്കുമെന്ന ആശങ്കയിലാണ് ഉപയോക്താക്കൾ. 

ആർ.ബി.ഐ പറഞ്ഞതെന്ത്​?

പേയ്‌മെന്റ് ബാങ്ക് ലൈസൻസിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പാലിക്കുന്നതിൽ പേടിഎം പേയ്‌മെന്റ് ബാങ്ക് പരാജയപ്പെട്ടുവെന്ന് ആർ.ബി.ഐ പറയുന്നു. വെള്ളിയാഴ്ച പ്രവൃത്തി സമയം അവസാനിക്കുന്നതോടെ ലൈസൻസ് റദ്ദാക്കിയതായി ആർ.ബി.ഐ അറിയിക്കുകയായിരുന്നു. പേടിഎം പേയ്‌മെന്റ്സ് ബാങ്കിന്റെ മുഴുവൻ നിക്ഷേപ ബാധ്യതയും തിരിച്ചടക്കാനുള്ള പണലഭ്യത/ആസ്തി ഉണ്ടെന്നും ആർ.ബി.ഐ വ്യക്തമാക്കി. ബാങ്കിങ് താൽപര്യങ്ങൾക്കും നിക്ഷേപകർക്കും ഹാനികരമായാണ് ബാങ്കിന്റെ പ്രവർത്തനങ്ങൾ. 1949ലെ ബാങ്കിങ് റെഗുലേഷൻ ആക്ടിലെ ചില മാനദണ്ഡങ്ങൾ പേടിഎം പേയ്‌മെന്റ്സ് ബാങ്ക് പാലിക്കുന്നില്ലെന്നും ​റിസർബ് ബാങ്ക് പറയുന്നു. ബാങ്കിങ് ലൈസൻസ് റദ്ദാക്കിയതോടെ പേടിഎം പേയ്മെന്റ്സ് ബാങ്കിന് ബാങ്കിങ് പ്രവർത്തനങ്ങളിലോ ബാങ്കിങ് റെഗുലേഷൻ നിയമത്തിന് കീഴിലോ വരുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയില്ല. ഇതിൽനിന്ന് ഉടൻ പ്രാബല്യത്തിൽ വിലക്കുകയുമാണ് ചെയ്തിരിക്കുന്നത്.

നേരത്തേയും നിയന്ത്രണ നടപടികൾ

പേടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെ വർഷങ്ങളായി നടന്നുവരുന്ന നിയന്ത്രണ നടപടിയുടെ ഭാഗമായാണ് ഈ നീക്കം. നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് വർഷങ്ങളായി പേടിഎം പേയ്മെന്റ് ബാങ്ക് റിസർവ് ബാങ്കിന്റെ നിരീക്ഷണത്തിലായിരുന്നു. ഉപഭോക്താക്കളുടെ കെവൈസി മാനദണ്ഡങ്ങളില്‍ ബാങ്ക് വലിയ വീഴ്ചകള്‍ വരുത്തിയതായി ആർ.ബി.​ഐ കണ്ടെത്തി. 2022 മാർച്ച് 11 മുതൽ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിൽ നിന്ന് ബാങ്കിനെ വിലക്കിയിരുന്നു. പിന്നീട് നിക്ഷേപങ്ങൾ, ക്രെഡിറ്റ്, വാലറ്റ് ടോപ്പ്-അപ്പുകൾ എന്നിവയിലും നിയന്ത്രണങ്ങൾ നേരിട്ടു. ഫാസ്ടാഗ്, ഓട്ടോപേ തുടങ്ങിയ സേവനങ്ങളെയും നിയന്ത്രണങ്ങൾ ബാധിച്ചിരുന്നു. 2024 ജനുവരിയിൽ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് നിർത്താൻ ആർ.ബി.ഐ ഉത്തരവിട്ടിരുന്നു. ഉപഭോക്തൃ വിവരങ്ങൾ വ്യാജമായി പ്രചരിപ്പിച്ചതും കള്ളപ്പണം വെളുപ്പിച്ചതും ഉൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ പേടിഎമ്മിനെതിരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരോപിച്ചിരുന്നു.

നിങ്ങളുടെ പേടിഎം അക്കൗണ്ടുകൾക്ക് എന്ത് സംഭവിക്കും?

നിങ്ങളുടെ പണം സുരക്ഷിതമായിരിക്കും. ബാങ്കിന് മുഴുവൻ ബാധ്യതകളും നി​ക്ഷേപവുമെല്ലാം തിരിച്ചടക്കാനുള്ള പണലഭ്യതയുണ്ടെന്ന് ആർ.​ബി.ഐ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യു.പി​.ഐ, റീചാർജുകൾ, പേയ്മെന്റുകൾ എന്നിവക്കായി മുമ്പത്തെപോലെ തന്നെ പേടിഎം ആപ്പ് ഉപയോഗിക്കാനും കഴിയും.

പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡിന്റെ ലൈസൻസ് റദ്ദാക്കിയെങ്കിലും പേടിഎം ആപ്പ്, പേടിഎം യു.പി.ഐ, പേടിഎം ക്യുആർ, സൗണ്ട്‌ബോക്‌സ്, കാർഡ് മെഷീനുകൾ, പേയ്‌മെന്റ് ഗേറ്റ്‌വേ എന്നിവയുൾപ്പെടെയുള്ള പ്രധാന സേവനങ്ങൾ തടസ്സമില്ലാതെ പ്രവർത്തിക്കുന്നത് തുടരുമെന്ന് മാതൃകമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് അറിയിച്ചിട്ടുണ്ട്. പേടിഎം ഗോൾഡ്, പേടിഎം മണി എന്നിവയുടെയും സാധാരണ പ്രവർത്തനങ്ങൾ തുടരുമെന്നും കമ്പനി വ്യക്തമാക്കി. പേടിഎം സി.ഇ.ഒയായ വിജയ് ശേഖര്‍ ശര്‍മക്ക് 51ശതമാനം ഓഹരിയും വണ്‍97 കമ്മ്യൂണിക്കേഷന്‍സിന് 49ശതമാനം ഓഹരിയുമാണ് ബാങ്കിലുള്ളത്.

Tags:    
News Summary - RBI revokes Paytm Payments Bank licence But what happens to your money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.