മുംബൈ: ഇന്ത്യൻ വിപണിയെ പ്രതിസന്ധിയിലാക്കി ക്രൂഡ് ഓയിൽ വിലയിലെ വർധനവും വിദേശനിക്ഷേപകരുടെ വിൽപ്പന സമ്മർദ്ദവും രൂപയുടെ ഇടിവും. വ്യാപാരം തുടങ്ങി രാവിലെ 10.58ഓടെ സെൻസെക്സ് 1215.91 പോയന്റ് (1.54ശതമാനം) ഇടിഞ്ഞ് 76,280.45 ലെത്തി. നിഫ്റ്റി 366.70 (1.51ശതമാനം) ഇടിഞ്ഞ് 23,811.25ലുമെത്തി. എല്ലാ പ്രധാന മേഖലകളിലും ഇടിവ് രേഖപ്പെടുത്തുകയും മുൻനിര ഓഹരികൾ ഉൾപ്പെടെ താഴേക്ക് പോകുകയും ചെയ്തു.
ഇറാനെതിരായ നാവിക ഉപരോധം നീണ്ടുനിന്നേക്കാമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ക്രൂഡ് ഓയിൽ വിലയിലെ കുത്തനെയുള്ള വർധനവിന് ഇത് കാരണമായി. ബാരലിന് 120 ഡോളറിന് മുകളിലാണ് ക്രൂഡ് ഓയിൽ വില. പ്രധാനമായും ഇന്ത്യ ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ ഉയർന്ന എണ്ണവില നിക്ഷേപകർക്കിടയിൽ ആശങ്കക്കിടയാക്കിയിട്ടുണ്ട്. കൂടാതെ എണ്ണവിലയിലെ ഈ കുതിച്ചുചാട്ടം പണപ്പെരുപ്പ ആശങ്കകൾ വർധിപ്പിക്കുകയും നിക്ഷേപകരെ ജാഗ്രത പാലിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
വിദേശ നിക്ഷേപകരുടെ വിൽപ്പന സമ്മർദ്ദമാണ് മറ്റൊരു കാരണം. കഴിഞ്ഞ സെഷനിൽ ഏകദേശം 2468 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. കൂടാതെ രൂപയുടെ വില 95ന് അടുത്തെത്തിയതും നിക്ഷേപകരെ പ്രതിസന്ധിയിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.