ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന സ്വർണശേഖരം ഇന്ത്യയിലേക്ക് തിരികെയെത്തിച്ച്, ആഭ്യന്തര നിക്ഷേപം ഉയർത്തി റിസർവ് ബാങ്ക്. റിസർവ് ബാങ്ക് വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025-26 സാമ്പത്തിക വർഷത്തിന്റെ രണ്ടാംപകുതിയിൽ 104.23 മെട്രിക് ടൺ സ്വർണമാണ് ഇന്ത്യയിലേക്ക് എത്തിച്ചത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഫോർ ഇന്റർനാഷനൽ സെറ്റിൽമെന്റ്സിലും (ബി.ഐ.എസ്) സൂക്ഷിച്ചിരുന്ന സ്വർണമാണിത്. വർഷത്തിന്റെ ആദ്യപകുതിയിൽ 63.83 മെട്രിക് ടൺ സ്വർണമാണ് ഇന്ത്യയിലേക്കെത്തിച്ചതെന്നും കണക്കുകൾ പറയുന്നു.
2025-26 സാമ്പത്തിക വർഷത്തിൽ ആർ.ബി.ഐ 168.06 മെട്രിക് ടൺ സ്വർണം രാജ്യത്തേക്ക് തിരികെയെത്തിച്ചു. 2023-24ൽ ഇത് 107.21 മെട്രിക് ടണ്ണും 2024-25ൽ 103.68 മെട്രിക് ടണ്ണുമായിരുന്നു. നിലവിൽ 880.52 മെട്രിക് ടൺ സ്വർണത്തിന്റെ 77 ശതമാനമാണ് (680 മെട്രിക് ടൺ) ആർ.ബി.ഐ ഇന്ത്യയിൽ സൂക്ഷിച്ചിരിക്കുന്നത്. ഒരു വർഷം മുമ്പ് ഇത് 59.2 ശതമാനമായിരുന്നു. 197.67 മെട്രിക് ടൺ സ്വർണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഫോർ ഇന്റർനാഷനൽ സെറ്റിൽമെന്റ്സിലുമുണ്ട്. 2.80 മെട്രിക് ടൺ സ്വർണ്ണം നിക്ഷേപമായും ഇന്ത്യക്കുണ്ട്.
ആഗോള വിപണിയിൽ സ്വർണ്ണവിലയിലുണ്ടായ വർധനവ് ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിലും പ്രതിഫലിച്ചു. 2026 മാർച്ച് അവസാനത്തോടെ ഇത് ഏകദേശം 16.70 ശതമാനമായി ഉയർന്നു. നിലവിലെ ആഗോള പ്രതിസന്ധി പരിഗണിച്ച് കരുതൽ ശേഖരം കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് സ്വർണം രാജ്യത്തേക്ക് എത്തിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. 2022ൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെയാണ് ആഭ്യന്തരമായി കൂടുതൽ സ്വർണം കൈവശം വെക്കാൻ ആർ.ബി.ഐ തീരുമാനിച്ചത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ് ആഭ്യന്തരമായി സ്വർണം സൂക്ഷിക്കാൻ കേന്ദ്രബാങ്കുകളെ പ്രേരിപ്പിച്ചത്.
ഇന്ത്യയുടെ മൊത്തം വിദേശനാണ്യ ശേഖരം കൈകാര്യം ചെയ്യുന്നതിൽ സ്വർണത്തിനാണ് പ്രധാന പങ്ക്. 2026 റിസർവ് ബാങ്കിന്റെ വിദേശ കറൻസി ആസ്‌തി ഏകദേശം 552 ബില്യൺ ഡോളറിനടുത്തായിരുന്നു. ഇതിൽ ഭൂരിഭാഗവും കടപ്പത്രങ്ങളിലും ബാക്കി തുക കേന്ദ്ര ബാങ്കുകൾ, ബി.ഐ.എസ്, വിദേശ വാണിജ്യ ബാങ്കുകൾ എന്നിവിടങ്ങളിലെ നിക്ഷേപങ്ങളായുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ സാഹചര്യത്തിൽ വിദേശ നാണ്യ കരുതൽ ശേഖരത്തിന്റെ വൈവിധ്യവൽക്കരണവും നിർബന്ധിതമാക്കുന്നുണ്ട്.
ആഭ്യന്തരമായി സൂക്ഷിക്കുന്ന സ്വർണത്തിന്റെ അളവ് ആർ.ബി.ഐ വർധിപ്പിക്കുന്നുണ്ടെങ്കിലും മൊത്തത്തിലുള്ള സ്വർണശേഖരത്തിൽ വലിയ വർധന വരുത്തിയിട്ടില്ല. മൂന്നുവർഷത്തിനുള്ളിൽ 86 മെട്രിക് ടൺ (10 ശതമാനം) മാത്രമാണ് ആർ.ബി.ഐ ഉയർത്തിയത്. വേൾഡ് ഗോൾഡ് കൗൺസിൽ ഡാറ്റ പ്രകാരം, 2026ലെ ആദ്യ മൂന്ന് മാസങ്ങളിൽ നാഷനൽ ബാങ്ക് ഓഫ് പോളണ്ടാണ് ഏറ്റവും കൂടുതൽ സ്വർണം വാങ്ങിയത്. തൊട്ടുപിന്നാലെ സെൻട്രൽ ബാങ്ക് ഓഫ് ഉസ്ബെക്കിസ്താൻ, പീപ്പിൾസ് ബാങ്ക് ഓഫ് ചൈന തുടങ്ങിയവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.