നെസ് ലെയുടെ സെറിലാക് ‘ചതി’

ലോകത്തെ ഏറ്റവും ജനപ്രിയ ഉൽപന്നങ്ങളുടെ നിർമാതാക്കളാണെങ്കിലും ബഹുരാഷ്​​ട്ര സ്ഥാപനമായ നെസ് ലെ ഇടക്കിടെ വാർത്തകളിലിടം പിടിക്കുന്നത് അവരുടെ അധാർമിക പ്രവർത്തനങ്ങളിലൂടെയാണ്. കഴിഞ്ഞാഴ്ച പുറത്തുവന്ന ഏറ്റവും പുതിയ വാർത്ത കുഞ്ഞുങ്ങൾക്കുള്ള സെറിലാക്, നിഡോ പോലുള്ള ഉൽപന്നങ്ങളിൽ അനുവദിച്ചതിലും കൂടുതൽ അളവിൽ പഞ്ചസാര ​േചർത്തു എന്നതാണ്.

എന്നാൽ എല്ലാവരെയും ഞെട്ടിച്ചത് കുഞ്ഞുങ്ങളുടെ ആരോഗ്യം വെച്ച് കളിക്കുന്നതിലും അവർ വിവേചനം കാട്ടി എന്നതാണ്. അമേരിക്കയിലും യൂറോപ്പിലും എല്ലാ അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ച് അവർ കുഞ്ഞുങ്ങൾക്ക് കഴിക്കാനുള്ള ഉൽപന്നങ്ങളിറക്കിയപ്പോൾ ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര-ദരിദ്ര രാജ്യങ്ങളിലെ കുഞ്ഞുങ്ങൾക്ക് ആരോഗ്യത്തിന് ഹാനികരമായ ഉൽപന്നങ്ങൾ കഴിക്കാൻ നൽകുകയായിരുന്നു.

ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ വിൽക്കുന്ന 115​ നെസ് ലെ ഉൽപന്നങ്ങളിൽ സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളായ പബ്ലിക് ഐ, ബേബി ഫുഡ് ആക്ഷൻ നെറ്റ്‍വർക്ക് എന്നിവ നടത്തിയ പരിശോധനയിലാണ് മൂന്നാംലോക രാജ്യങ്ങളിലെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്ന കൃത്രിമം കണ്ടെത്തിയത്.

ഇന്ത്യയിൽ സെറിലാക് എന്നപേരിൽ വിൽക്കുന്ന ഭക്ഷ്യ ഉൽപന്നത്തിൽ ഒരു തവണ കഴിക്കുന്ന അളവിൽ മൂന്നു ഗ്രാമിലേറെ പഞ്ചസാരയുണ്ട്. എന്നാൽ യൂറോപ്പിൽ വിൽക്കുന്ന കുഞ്ഞുങ്ങളുടെ ഉൽപന്നങ്ങളിൽ നെസ് ലെ പഞ്ചസാരയേ ചേർക്കുന്നില്ല. വിവാദം കനത്തതോടെ നെസ് ലെ ഇന്ത്യ വിശദീകരണവുമായി രംഗത്തുവന്നു.

കഴിഞ്ഞ അഞ്ചു വർഷമായി കുഞ്ഞുങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കളിൽ കൂട്ടിച്ചേർക്കുന്ന പഞ്ചസാരയുടെ അളവ് 30 ശതമാനത്തോളം കുറച്ചുവെന്നാണ് വിശദീകരണം. ഇതേക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിർദേശം നൽകിയിരിക്കുകയാണ്.

ഇതേത്തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്ന് സെറിലാക് സാമ്പിൾ ശേഖരിച്ചു​കൊണ്ടിരിക്കുകയാണെന്നും ഇതിന് മൂന്നാഴ്ചയോളം സമയമെടുക്കുമെന്നും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) സി.ഇ.ഒ കമല വർധന റാവു കഴിഞ്ഞദിവസം അറിയിച്ചു.

ലോകത്തെ ഏറ്റവും വലിയ ഉപഭോക്തൃ ഭക്ഷ്യ, പാനീയ കമ്പനിയായ നെസ് ലെ ഇത്തരം വിവാദങ്ങളിൽപ്പെടുന്നത് ഇതാദ്യമായല്ല. 2021ൽ പുറത്തുവന്ന കമ്പനിയുടെ തന്നെ രഹസ്യരേഖയിൽ പറയുന്നത് തങ്ങളുടെ വലിയൊരു വിഭാഗം ഉൽപന്നങ്ങളും ആരോഗ്യത്തിന് ഗുണമുള്ളതല്ല എന്നാണ്.

മാഗി നൂഡ്ൽസ് ഇന്ത്യയിൽ നിരോധിച്ചത് ഓർക്കുക. 2015 ജൂണിനും സെപ്റ്റംബറിനുമിടയിൽ 38,000 ടൺ മാഗി നൂഡ്ൽസാണ് ഇന്ത്യൻ വിപണിയിൽ നിന്ന് തിരിച്ചെടുത്ത് നശിപ്പിച്ചത്. നെസ് ലെയുടെ ഇന്ത്യയിലെ ഏറ്റവും വിൽപനയുള്ള ഉൽപന്നമായിരുന്നു മാഗി.

2014ൽ യു.പിയിലെ ഒരു ഭക്ഷ്യസുരക്ഷ ഇൻസ്​പെക്ടർ നടത്തിയ പതിവ് പരിശോധനയിലാണ് മാഗിയിൽ​ മോണോസോഡിയം ഗ്ലൂറ്റമേറ്റ് കണ്ടെത്തിയത്. കൊൽക്കത്തയിലെ കേന്ദ്ര ഭക്ഷ്യ ​ലബോറട്ടറിയിൽ കൂടുതൽ പരിശോധന നടത്തിയപ്പോൾ ഈയത്തിന്റെ അംശവും കണ്ടെത്തി.

കമ്പനി പറഞ്ഞ അളവിന്റെ ആയിരം മടങ്ങായിരുന്നു ഈയത്തിന്റെ സാന്നിധ്യം. 2014 ജൂണിൽ പരിശോധനക്ക് നൽകിയതിന്റെ ഫലം വന്നത് 2015 ഏപ്രിലിൽ. ഇതിനിടയിൽ ആയിരക്കണക്കിന് ടൺ മാഗി ഇന്ത്യൻ വിപണിയിൽ വിറ്റുകഴിഞ്ഞിരുന്നു.

20,000 കോടി രൂപയാണ് ഇന്ത്യയിൽ നെസ് ലെയുടെ വാർഷിക വിറ്റുവരവ്. 2024 മാർച്ചിലെ ഏറ്റവും പുതിയ പാദവർഷ കണക്കനുസരിച്ച് നെസ് ലെ ഇന്ത്യയുടെ അറ്റാദായം 934 കോടി രൂപയാണ്. ​കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ 27 ശതമാനത്തിന്റെ വർധന. 191 രാജ്യങ്ങളിലായി 2000ത്തിലേറെ ബ്രാൻഡ് ഉൽപന്നങ്ങൾ കമ്പനി ഇറക്കുന്നുണ്ട്.

തങ്ങളുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാനായി മുലയൂട്ടൽ നിരുത്സാഹപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടർന്ന് 1977ൽ അമേരിക്കയിൽ നെസ് ലെ ഉൽപന്നങ്ങൾക്കെതിരെ വലി​യതോതിൽ ബഹിഷ്‍കരണ കാമ്പയിൻ നടന്നിരുന്നു. പിന്നീടത് യൂറോപ്പിലേക്കും വ്യാപിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച മാർക്കറ്റിങ് പെരുമാറ്റച്ചട്ടം പാലിക്കാമെന്ന് സമ്മതിച്ചതിനെത്തുടർന്ന് 1984ലാണ് ആ ബഹിഷ്‍കരണം പിൻവലിച്ചത്.

തങ്ങളുടെ ഫാക്ടറികളിലും ഫാമുകളിലും കുട്ടിക​െളക്കൊണ്ട് പണിയെടുപ്പിക്കുന്നെന്ന ​ആരോപണവും നെസ് ലെക്ക് എതിരെ ഉയരുന്നുണ്ട്. ഐവറി കോസ്റ്റിലെ ​കൊക്കോ ഫാമുകളിൽ കുട്ടികളെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നെന്ന ആരോപണം 2021ൽ വലിയ ചർച്ചയായിരുന്നു. ജലമൂറ്റൽ, പ്ലാസ്റ്റിക് മലിനീകരണം തുടങ്ങിയവയും നെസ് ലെക്കെതിരെ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും ഉയരുന്ന ആരോപണങ്ങളാണ്.

Tags:    
News Summary - Nestle's Cerelac cheat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.