മുംബൈ: മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നതിന് സിം കാർഡ് നിർബന്ധമാക്കാനുള്ള നീക്കം ലക്ഷക്കണക്കിന് പ്രവാസികൾക്ക് തിരിച്ചടിയാകുമെന്ന് റിപ്പോർട്ട്. ആക്ടിവ് സിം കാർഡില്ലാതെ വാട്സ് ആപ്, ടെലിഗ്രാം, സ്നാപ്ചാറ്റ്, ഷെയർചാറ്റ്, ആറാട്ടെ തുടങ്ങിയ ചാറ്റിങ് ആപ്പുകൾ ഉപയോഗിക്കാനാവില്ലെന്ന മാർഗനിർദേശം കഴിഞ്ഞ ദിവസമാണ് ടെലികമ്യൂണിക്കേഷൻസ് വകുപ്പ് പുറപ്പെടുവിച്ചത്. ടെലികമ്യൂണിക്കേഷൻ നിയമഭേദഗതി പ്രകാരമായിരുന്നു കേന്ദ്ര സർക്കാർ നടപടി. വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരെയും ഇന്ത്യ സന്ദർശിക്കുന്ന നോൺ റെസിഡന്റ് ഇന്ത്യക്കാരെയുമാണ് (എൻ.ആർ.ഐ) പുതിയ ഉത്തരവ് ഏറ്റവും ഗുരുതരമായി ബാധിക്കുക. കാരണം, ഇന്റർനെറ്റ് ഡാറ്റ ലഭിക്കാൻ പ്രവാസികൾ യാത്ര ചെയ്യുന്ന രാജ്യത്തെ ലോക്കൽ സിം കാർഡാണ് ഉപയോഗിക്കുന്നത്. എന്നാൽ, ഇന്ത്യയിലെ പ്രൈമറി സിം കാർഡ് ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്ത മൊബൈൽ ആപ്പുകളിലൂടെയാണ് മെസേജ് അയക്കുന്നത്. പുതിയ നിയമം നിലവിൽ വരുന്നതോടെ കാലങ്ങളായി അവർ ഉപയോഗിക്കുന്ന ചാറ്റിങ് ആപ്പുകൾ മുഴുവൻ റദ്ദാകും.
സിം കാർഡ് ഇല്ലാതെ ചാറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നതിൽ അസ്വാഭാവികതയില്ലെന്നും സാധാരണയാണെന്നും ഗ്രേഹോണ്ട് റിസർച്ചിന്റെ സ്ഥാപകനും ചീഫ് അനലിസ്റ്റുമായ സഞ്ജിത് വിർ ഗോഗിയ പറഞ്ഞു. സിം കാർഡ് നിർബന്ധമാക്കുന്ന നിയമം നടപ്പാക്കിയാൽ നിയമാനുസൃതമായ പല ബിസിനസ് പ്രവർത്തനങ്ങളും തടസ്സപ്പെടും. മാത്രമല്ല, സിം കാർഡില്ലാത്തതിനാൽ അക്കൗണ്ട് റദ്ദാകുന്നതോടെ ആളുകൾക്ക് നിർണായകമായ ബിസിനസ് ചാറ്റുകളും ആശയവിനിമയങ്ങളും നടത്താൻ കഴിയാതെ വരുമെന്നും അദ്ദേഹം പറഞ്ഞു. സൈബർ സുരക്ഷ ഉറപ്പാക്കാൻ ആപ് ഉപയോഗത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ട കാര്യമില്ലെന്നും സഞ്ജിത് വ്യക്തമാക്കി.
പുതിയ ഉത്തരവ് പ്രഫഷനലുകളെയും ബിസിനസുകളെയും സാമ്പത്തിക ശേഷി കുറഞ്ഞ ഉപഭോക്താക്കളെയും പ്രതികൂലമായി ബാധിക്കുമെന്ന് സി.യു.ടി.എസ് ഇന്റർനാഷനൽ റിസർച്ച് ഡയറക്ടർ അമോൽ കുൽക്കർണി പറഞ്ഞു. കഴിഞ്ഞ വർഷം 3.089 കോടി ഇന്ത്യക്കാർ വിദേശ യാത്ര നടത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര വിനോദ സഞ്ചാര വകുപ്പിന്റെ കണക്ക്. നിയമം നടപ്പിൽ വരുന്നതോടെ അടുത്ത വർഷം വിദേശ യാത്ര നടത്തുന്ന 3.5 കോടിയിലേറെ പേർക്ക് ഇന്ത്യയിലെ പോലെ ആപ്പുകൾ ഉപയോഗിക്കാൻ കഴിയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ടെലികോം സൈബർ സുരക്ഷ ചട്ടങ്ങളിലെ പഴുത് ചൂഷണം ചെയ്ത് തട്ടിപ്പുകളും ദുരുപയോഗവും നടത്തുന്നത് തടയാൻ പുതിയ ഉത്തരവിലൂടെ കഴിയുമെന്ന് ഡൽഹി ഹൈകോടതിയിലെ ടെലികോം, ഐ.പി, ഡാറ്റ പ്രൊട്ടക്ഷൻ വിഭാഗം അഭിഭാഷകൻ പ്രത്തായ് ലോധ് പറഞ്ഞു. അതേസമയം, എല്ലാ പൗരന്മാരും നിരന്തരമായി വ്യക്തി വിവരം വെളിപ്പെടുത്തുന്നത് സ്വകാര്യത നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് സിം കാർഡുള്ളവർക്ക് ഒരു സിം കാർഡിൽനിന്ന് മറ്റൊന്നിലേക്ക് മെസേജുകൾ സമന്വയിപ്പിക്കാൻ കഴിയും. പക്ഷെ, ദീർഘകാല എൻ.ആർ.ഐകൾക്ക് സിം കാർഡ് റദ്ദായാൽ പിന്നെ തുടക്കം മുതൽ ഉപയോഗിക്കുന്ന വാട്സ്ആപ് വീണ്ടും റജിസ്റ്റർ ചെയ്യേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സിം നിർബന്ധമാക്കിയത് കൊണ്ട് സൈബർ സുരക്ഷ ദുരപയോഗം പൂർണമായും തടയാൻ കഴിയില്ലെന്നും ലോധ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.