മുംബൈ: ഒരു വായ്പയെടുക്കാനാണ് ആലോചിക്കുന്നതെങ്കിൽ ഇനി നിങ്ങൾക്ക് ബാങ്കിൽ പോകേണ്ടി വരില്ല. ആമസോണിന്റെയോ ഫ്ലിപ്കാർട്ടിന്റെയോ ആപുകളിൽ ഒരു ക്ലിക്ക് ചെയ്താൽ മതി. കാരണം ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ആപുകളിലൂടെ വിവിധ സാമ്പത്തിക സേവനങ്ങൾ നൽകാനുള്ള പദ്ധതിയിലാണ് ഇരു കമ്പനികളും. ചെറുകിട കച്ചവടക്കാർക്ക് വായ്പ നൽകുന്നതിനാണ് ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ കമ്പനിയായ ആമസോണിന്റെ നീക്കം. എന്നാൽ, ഉത്പന്നങ്ങൾ വാങ്ങി പണം പിന്നീട് നൽകുന്ന ബൈ നൗ, പേ ലേറ്റർ (ബി.എൻ.പി.എൽ) സേവനമാണ് യു.എസ് റീട്ടെയിൽ ഭീമനായ വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ മുന്നോടിയായി ഈ വർഷം ആദ്യത്തിൽ ബംഗളൂരു ആസ്ഥാനമായ ബാങ്കിതര വായ്പ സ്റ്റാർട്ട് അപ് ആക്സിയോയെ ആമസോൺ ഏറ്റെടുത്തിരുന്നു. നിലവിൽ വ്യക്തഗത വായ്പകളും ബി.എൻ.പി.എൽ സേവനവുമാണ് ആക്സിയോ നൽകുന്നത്. ഇന്ത്യയിലെ വായ്പ വിതരണ രംഗത്ത്, പ്രത്യേകിച്ച് ഓൺലൈൻ ഉപഭോക്താക്കൾക്കും വൻകിട നഗരങ്ങൾക്ക് പുറത്തുള്ള ചെറുകിട കച്ചവടക്കാർക്കും ഇടയിൽ ശക്തമായ വളർച്ച സാധ്യതയുണ്ടെന്ന് ആമസോണിന്റെ പേയ്മെന്റ്സ് വിഭാഗം പ്രസിഡന്റ് മഹേന്ദ്ര നെറുർകർ പറഞ്ഞു. ചെറുകിട കച്ചവടക്കാർക്കും സംരംഭങ്ങൾക്കും യോജിച്ച വായ്പ പദ്ധതികൾ കമ്പനി തയാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്ലിപ്കാർട്ട് അവരുടെ ബാങ്ക് ഇതര വായ്പാ വിഭാഗമായ ഫ്ലിപ്കാർട്ട് ഫിനാൻസ് മാർച്ചിൽ രജിസ്റ്റർ ചെയ്തിരുന്നു. വായ്പ പദ്ധതികൾക്ക് റിസർവ് ബാങ്കിന്റെ അന്തിമ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് കമ്പനി. ഓൺലൈൻ ഷോപ്പിങ് നടത്തുന്നവർക്ക് പ്രതിമാസ തവണ വ്യവസ്ഥയിൽ രണ്ട് വർഷം വരെ ചെലവില്ലാത്ത വായ്പകളും ഉപഭോക്തൃ ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് 18 മുതൽ 26 ശതമാനം വരെ വാർഷിക പലിശ നിരക്കിലുള്ള വായ്പകളുമാണ് ഫ്ലിപ്കാർട്ടിന്റെ പദ്ധതികൾ. സാധാരണ ഉപഭോക്തൃ ഉത്പന്നങ്ങൾക്കുള്ള വായ്പക്ക് മറ്റു പല കമ്പനികളും 12 മുതൽ 22 ശതമാനം വരെയാണ് പലിശ ഈടാക്കുന്നത്. അടുത്ത വർഷത്തോടെ വായ്പ വിതരണം തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് ഫ്ലിപ്കാർട്ടുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
2020 മാർച്ചിൽ 80 ബില്ല്യൻ ഡോളറായിരുന്ന (7.14 ലക്ഷം കോടി രൂപ) ഇന്ത്യയുടെ ഉപഭോകൃത വായ്പ വിപണി ഈ വർഷം മാർച്ചോടെ 212 ബില്ല്യൻ ഡോളറായി (18.94 ലക്ഷം കോടി രൂപ) വളർന്നിട്ടുണ്ടെന്നാണ് ക്രെഡിറ്റ് ബ്യൂറോയായ സി.ആർ.ഐ.എഫ് ഹൈ മാർക്ക് രേഖ പറയുന്നത്. ഭവന, വാഹന, വിദ്യാഭ്യാസ, യാത്ര, വ്യക്തിഗത, ഇലക്ട്രോണിക്സ്, മെഡിക്കൽ എന്നിവയാണ് ഉപഭോകൃത വായ്പയിൽ ഉൾപ്പെടുന്നത്. ഉപഭോക്താക്കൾക്ക് നേരിട്ട് വായ്പ നൽകാൻ അനുബന്ധ സ്ഥാപനങ്ങൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയതോടെയാണ് ആമസോണും ഫ്ലിപ്കാർട്ടും വൻ പദ്ധതികൾ തയാറാക്കിയത്. യു.പി.ഐ ഇടപാട് നടത്താൻ ഏറ്റവും മികച്ച പത്ത് ആപുകളിൽ ഉൾപ്പെടുന്നത് ആമസോണിനും ഫ്ലിപ്കാർട്ടിനും നേട്ടമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.