കോഴിക്കോട്: ന്യൂജൻ ട്രെൻഡായ ബോഡിവാഷ് വിപണിയിലറക്കി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയിൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ (കെ.എസ്.ഐ.ഇ) യൂനിറ്റായ കേരള സോപ്സ്. ഉൽപന്നങ്ങളുടെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കേരള സാൻഡൽ ത്രിൽ ബോഡി വാഷ് (നോർമൽ സ്കിൻ, ഓയിലി സ്കിൻ), ടോയ്ലറ്റ് ക്ലീനർ, ബാത്റൂം ക്ലീനർ എന്നിവയാണ് പുതുതായി വിപണിയിലിറക്കിയത്.
വ്യാഴാഴ്ച കോഴിക്കോട് കേരള സോപ്സ് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ബി.പി.ടി (ബോർഡ് ഫോർ പബ്ലിക് ട്രാൻസ്ഫൊർമേഷൻ) ചെയർമാൻ അജിത്കുമാർ വിപണനോദ്ഘാടനവും കെ.എസ്.ഐ.ഇയുടെ കോർപറേറ്റ് വിഡിയോ റിലീസിങ്ങും നിർവഹിച്ചു. കേരള സോപ്സ് ഉൽപന്നങ്ങൾ കേരള സാൻഡൽ എന്ന ബ്രാൻഡ് നാമത്തിലാണ് വിപണിയിലെത്തുക. സാധാരണ ചർമത്തിനും എണ്ണമയമുള്ള ചർമത്തിനും ഉപയോഗിക്കാൻ വ്യത്യസ്തമായ ബോഡിവാഷ് ആണ് വിപണിയിൽ ഇറക്കിയതെന്ന് മാനേജിങ് ഡയറക്ടർ ഡോ.ബി. ശ്രീകുമാർ വ്യക്തമാക്കി.
കേരള സോപ്സിന്റെ ജനപ്രിയ ഉൽപന്നങ്ങൾ വീണ്ടും പൊതുവിപണയിൽ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുകയാണെന്നും ആറുമാസത്തിനകം സാധ്യമാവുമെന്നാണ് കരുതുന്നതെന്നും അധികൃതർ അറിയിച്ചു. കെ-സ്റ്റോറുകളിൽ കേരള സോപ്സ് ഉൽപന്നങ്ങൾ വിപണം ചെയ്യുന്നതിന് ധാരണയായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
മികവിലേക്കുയർന്ന്...
എട്ടു വർഷത്തോളമായി സർക്കാർ സഹായമില്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന കേരള സോപ്സ് ഓരോ വർഷവും 10 ശതമാനം വളർച്ച കൈവരിക്കുന്നതായി മാർക്കറ്റിങ് വിഭാഗം അസി. ജന. മാനേജർ കെ. രാജേഷ് കുമാർ അറിയിച്ചു. 2024-25 സാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദം വരെ 13.75 കോടി രൂപയുടെ വിപണം നടത്തി. ഇതിൽ 1.33 കോടി രൂപ മിച്ചമാണ്. 2023-24 സാമ്പത്തിക വർഷം 20 കോടിയിലധികം രൂപയുടെ സോപ് ഉൽപന്നങ്ങൾ വിപണനം ചെയ്തതായും അദ്ദേഹം അറിയിച്ചു.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും പ്രധാന സൂപ്പർമാർക്കറ്റുകളിൽ കേരള സോപ്സ് ഉൽപന്നങ്ങൾ ലഭ്യമാണ്. കയറ്റുമതി മേഖലയിലും നിർണായകമായ ചുവടുവെപ്പാണ് നടപ്പുസാമ്പത്തിക വർഷം കേരള സോപ്സ് നടത്തിയിരിക്കുന്നത്. സൗദി, യു.എ.ഇ, ഖത്തർ, ലബനാൻ, കുവൈത്ത്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലേക്കും കേരള സോപ്സ് കയറ്റുമതി ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.