ജപ്പാൻ കാർ കമ്പനികൾ ചൈന വിടുന്നു; ആകർഷിക്കുന്നത് ഇന്ത്യയുടെ ഒരോയൊരു പ്രത്യേകത

ടോക്യോ: ജപ്പാനിലെ വൻകിട കാർ കമ്പനികൾ ചൈന വിടുന്നു. ടൊയോട്ട, ഹോണ്ട, സുസുകി തുടങ്ങിയ കമ്പനികളാണ് ​ലോകത്തെ ഏറ്റവും വലിയ കാർ വിപണിയെ ഉപേക്ഷിക്കുന്നത്. ചൈനക്ക് പകരം ഇന്ത്യയിൽ ഉത്പാദനവും കയറ്റുമതിയും വർധിപ്പിക്കാനാണ് കമ്പനികളുടെ പദ്ധതി. കോടിക്കണക്കിന് രൂപയുടെ നിക്ഷേപ നിർദേശങ്ങളാണ് മൂന്ന് കാർ കമ്പനികളും ഇതിനായി തയാറാക്കിയിരിക്കുന്നത്.

ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ കാർ കമ്പനിയാണ് മാരുതി സുസുകി. നിലവിൽ 40 ശതമാനത്തോളം വിപണി പങ്കാളിത്തമുണ്ട്. രാജ്യത്ത് ഉത്പാദനം വർധിപ്പിക്കാൻ 11 ബില്ല്യൻ ഡോളർ അതായത് 97,449 കോടി രൂപ നിക്ഷേപിക്കുമെന്നാണ് സുസുകി പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കാർ വിപണിയായ ഇന്ത്യയെ ഇലക്ട്രിക് കാറുകളുടെ ഉത്പാദന, കയറ്റുമതി ആസ്ഥാനമാക്കി മാറ്റുമെന്ന് ഹോണ്ട കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.

ബംഗളൂരുവിലെ ഫാക്ടറിയിൽ കാർ ഉൽപാദനം പ്രതിവർഷം ഒരു ലക്ഷമാക്കി ഉയർത്താനും മഹാരാഷ്ട്രയിൽ 2030 ഓടെ പുതിയ ഫാക്ടറി നിർമിക്കാനും ടൊയോട്ട പദ്ധതിയിട്ടിട്ടുണ്ട്. ഇതിനായി 26,577 കോടി രൂപ നിക്ഷേപിക്കാനാണ് ആലോചിക്കുന്നത്.

ഹൈബ്രിഡ് കാറുകൾക്ക് വേണ്ടിയുള്ള ഘടകങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും ചെലവ് കുറക്കാനുമുള്ള പദ്ധതി ടൊയോട്ട തുടങ്ങിക്കഴിഞ്ഞു. ഹൈബ്രിഡ് കാറുകൾക്ക് ഈ വർഷം മികച്ച ഡിമാൻഡുണ്ടായിരുന്നെങ്കിലും ഘടകങ്ങളുടെ ലഭ്യത കുറഞ്ഞത് തിരിച്ചടിയായിരുന്നു.

രണ്ട് കാരണങ്ങളാണ് ജപ്പാന്റെ കാർ നിർമാതാക്കളെ ഇന്ത്യൻ വിപണിയിലേക്ക് ആകർഷിക്കുന്നത്. ചൈനയെ അപേക്ഷിച്ച് ഉത്പാദന ചെലവ് കുറവാണ്. ​വൈദഗ്ധ്യമുള്ള തൊഴിലാളികൾ ആവശ്യത്തിന് ലഭ്യമാണെന്നുള്ളതും രാജ്യത്തിന്റെ നേട്ടമാണ്. ഇതിനെല്ലാം പുറമെ, ചൈനയുടെ ഇലക്ട്രിക് കാറുകളോട് മത്സരിക്കേണ്ടി വരില്ലെന്നതും ആശ്വാസമാണ്.

ശതകോടീശ്വരനും വ്യവസായിയുമായ ഇലോൺ മസ്കിന്റെ ടെസ്‍ല കാറിന്റെ ഏക എതിരാളിയായ ബി.വൈ.ഡിയുടെ തട്ടകമാണ് ചൈന. കുറഞ്ഞ വിലയ്ക്ക് ചൈനീസ് കമ്പനികൾ ഇലക്ട്രിക് കാറുകൾ വിൽക്കുന്നത് കാരണം ജപ്പാന്റെ നിർമാതാക്കൾക്ക് പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. മാത്രമല്ല, ഏഷ്യയിലെ മറ്റു രാജ്യങ്ങളിലേക്ക് ചൈനീസ് നിർമാതാക്കൾ കാർ കയറ്റുമതി ചെയ്തു തുടങ്ങിയതും തിരിച്ചടിയാണ്.​

Tags:    
News Summary - japanies car companies turn India into car production hub

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.