ഇനി ഫ്ലിപ്കാർട്ട് നിങ്ങൾക്ക് ഭക്ഷണവും വിതരണം ചെയ്യും

മുംബൈ: രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസ് തുടങ്ങുന്നു. ഒരു വർഷം മുമ്പ് 10 മിനിറ്റിൽ പലചരക്ക് സാധനങ്ങൾ വിതരണം ചെയ്യാനുള്ള ബിസിനസ് ‘മിനിട്ട്സ്’ തുടങ്ങിയതിന് പിന്നാലെയാണ് പുതിയ നീക്കം. ഫ്ലിപ്കാർട്ട് ഓൺലൈൻ ഫുഡ് ഡെലിവറി തുടങ്ങുന്നെന്ന വാർത്തയുടെ പശ്ചാത്തലത്തിൽ സൊമാറ്റോ, സ്വിഗ്ഗി ഓഹരികൾ വ്യാഴാഴ്ച മൂന്ന് ശതമാനത്തോളം ഇടിഞ്ഞു.

മേയ്-ജൂൺ മാസങ്ങളിൽ ബംഗളൂരുവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ ഫുഡ് ഡെലിവറിക്ക് തുടക്കം കുറിക്കാനാണ് ഫ്ലിപ്കാർട്ട് ആലോചിക്കുന്നത്. ഈ വർഷം അവസാനത്തോടെ അല്ലെങ്കിൽ അടുത്ത വർഷം ആദ്യത്തോടെ രാജ്യം മുഴുവൻ പദ്ധതി വ്യാപിപ്പിക്കും. രണ്ട് വർഷം മുമ്പ് ഫ്ലിപ്കാർട്ട് സർക്കാർ പിന്തുണയുള്ള ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒ.എൻ.ഡി.സി) വഴി ഭക്ഷണ വിതരണത്തിൽ ഏർപ്പെടാനുള്ള പദ്ധതികൾ തയാറാക്കിയിരുന്നു. എന്നാൽ, ഈ പദ്ധതി യാഥാർഥ്യമായില്ല.

2025 സാമ്പത്തിക വർഷത്തെ കണക്ക് പ്രകാരം ഒമ്പത് ബില്ല്യൻ ഡോളറിന്റെതാണ് (81,540 കോടി രൂപ) രാജ്യത്തെ ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസ് വിപണി. അഞ്ച് വർഷത്തിനുള്ളിൽ 25 ബില്ല്യൻ ഡോളറിന്റെതായി വിപണി വളരുമെന്നാണ് നിക്ഷേപ വിദഗ്ധരായ ജെഫ്രീസ് പ്രതീക്ഷിക്കുന്നത്. നിലവിൽ സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ചുരുക്കം കമ്പനികൾ ആധിപത്യം പുലർത്തുന്ന വിപണിയാണ് ഓൺലൈൻ ഫുഡ് ഡെലിവറി. 

പദ്ധതിക്ക് ഒ.എൻ.ഡി.സിയുടെ സാ​ങ്കേതിക സഹായം ഉപയോഗിക്കണോ അതോ സ്വന്തം പ്ലാറ്റ്ഫോം തുടങ്ങണോ എന്ന കാര്യം ഫ്ലിപ്കാർട്ട് പരിഗണിക്കുന്നുണ്ട്. പദ്ധതി തുടങ്ങാൻ വേണ്ടി പ്രത്യേക സംഘത്തെ തന്നെ കമ്പനി നിയോഗിച്ചിട്ടുണ്ട്. ഫ്ലിപ്കാർട്ടിന്റെ വരവോടെ ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിൽ മത്സരം കൂടുതൽ ശക്തമാകുമെന്നാണ് സൂചന. ഈ വർഷം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ പദ്ധതിയിട്ട ഫ്ലിപ്കാർട്ട്, പത്ത് മിനിറ്റിൽ പലചരക്ക് സാധനങ്ങൾ വിതരണം ചെയ്യുന്ന ‘മിനുട്ട്സ്’ പ്ലാറ്റ്ഫോമിൽ നിക്ഷേപം വർധിപ്പിക്കുകയും ചെയ്യും. നിലവിൽ വിവിധ നഗരങ്ങളിൽ 800 ലേറെ വൻകിട വെയർഹൗസുകളാണ് ‘മിനുട്ട്സ്’ നുള്ളത്. ഈ വെയർഹൗസുകളുടെ എണ്ണം വർധിപ്പിക്കാനും പദ്ധതിയുണ്ട്. 

Tags:    
News Summary - E-Commerce company Flipkart plans to foray into food delivery business

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.