ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ട് ഐ.ഒ.സി. ഡിസംബറിൽ ഉപരോധമില്ലാത്ത കമ്പനികളിൽ നിന്ന് എണ്ണ വാങ്ങാനുള്ള നീക്കങ്ങളുമായാണ് ഐ.ഒ.സി മുന്നോട്ട് പോവുന്നത്. ഉപരോധത്തിന് ശേഷവും റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഐ.ഒ.സി ഫിനാൻസ് വിഭാഗം തലവൻ അനുജ് ജെയിൻ പറഞ്ഞു. ഡിസംബറിൽ 3.5 ബാരൽ എണ്ണ റഷ്യയിൽ നിന്നും വാങ്ങാനാണ് ഐ.ഒ.സി ഒരുങ്ങുന്നത്. റോസ്നെഫ്റ്റ്, ലുകോയിൽ തുടങ്ങിയ കമ്പനകൾക്കാണ് നേരത്തെ യു.എസ് വിലക്കേർപ്പെടുത്തിയത്
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ പോവുകയാണെന്ന് വീണ്ടും അവകാശപ്പെട്ട് നിരവധി തവണ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചക്കിടെ ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങില്ലെന്ന് ട്രംപ് സെലൻസ്കിക്ക് ഉറപ്പ് നൽകി. അതേസമയം, റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന ഹംഗറിയേയും അയർലാൻഡിനേയും ട്രംപ് ന്യായീകരിച്ചു.
ഹംഗറിയിലേക്ക് എണ്ണയെത്തിക്കാൻ ഒരൊറ്റ പൈപ്പ്ലെൻ മാത്രമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. അയർലാൻഡിന് കടൽത്തീരമില്ലാത്തതിനാൽ മറ്റ് സ്ഥലങ്ങളിൽ നിന്നും എണ്ണ വാങ്ങുന്നതിന് പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് ഉള്ളതെന്നും ട്രംപ് പറഞ്ഞു. നേരത്തെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് നരേന്ദ്രമോദി ഉറപ്പുനൽകിയെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. യുക്രെയ്നെതിരെ യുദ്ധം തുടരുന്ന റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതിലേക്കുള്ള വലിയ ചുവടുവെപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് മറുപടിയായി രാജ്യത്തെ ഊർജ ഉപഭോഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ, ഉപയോക്താക്കളുടെ താൽപര്യങ്ങൾക്കാണ് എപ്പോഴും മുൻഗണന നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഊർജരംഗത്ത് യു.എസുമായും നാം സഹകരിച്ചുവരുന്നുണ്ടെന്നും, നിലവിലെ ഭരണകൂടത്തിന് കൂടുതൽ സഹകരണത്തിന് താൽപര്യമുണ്ടെന്നും വിദേശകാര്യ വക്താവിന്‍റെ പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.