ചൈനീസ് ആധിപത്യം; ഒടുവിൽ ഇലക്ട്രിക് വാഹനം വിൽക്കാൻ തന്ത്രം മാറ്റി വിദേശ കമ്പനികൾ

മുംബൈ: ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളുടെ ആധിപത്യം ശക്തമായതോടെ ഇന്ത്യയുടെ വിപണിയിൽ പിടിച്ചുനിൽക്കാൻ പുതിയ തന്ത്രവുമായി വിദേശ കാർ കമ്പനികൾ. മാരുതി സുസുകി, ഹ്യൂണ്ടായ് മോട്ടോർ കോർപറേഷൻ, ഫോക്സ്‍വാഗൺ ഗ്രൂപ്പ് തുടങ്ങിയവരാണ് ആഭ്യന്തര വിപണിയിൽ ചൈനീസ് കമ്പനികളുമായി കടുത്ത മത്സരം നേരിടുന്നത്. ഇന്ത്യയിൽനിന്ന് കുറഞ്ഞ ചെലവിൽ കാർ ഉത്പാദിപ്പിച്ച് പശ്ചിമേഷ്യ, ആഫ്രിക്ക, ​തെക്കേ അമേരിക്ക തുടങ്ങിയ വളർന്നു വരുന്ന വിപണിയിലേക്ക് കയറ്റുമതി ചെയ്യാനാണ് കമ്പനികളുടെ പദ്ധതി.. പശ്ചിമേഷ്യയുടെയും ആഫ്രിക്കയുടെയും ​തെക്കേ അമേരിക്കയുടെയും ഇലക്ട്രിക് വാഹന വിപണി വളർച്ചയുടെ തുടക്കത്തിലാണ്. ചൈനീസ് കമ്പനികൾക്ക് ഈ മേഖലയിൽ സ്വാധീനമില്ലെന്നതാണ് സുസുകിയെയും ഹ്യൂണ്ടായിയെയും ഫോക്സ്‍വാഗണിനെയും ആകർഷിക്കുന്നത്.

ഈ വർഷം ഇതുവരെ അരക്കോടിയിലേറെ കാറുകൾ കയറ്റുമതി ചെയ്ത ചൈനീസ് കമ്പനികൾ തുടർച്ചയായി മൂന്നാം വർഷവും ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടാൻ ഒരുങ്ങുന്നതിനിടയിലാണ് മറ്റു വാഹന നിർമാതാക്കളുടെ നീക്കം. ഹൈബ്രിഡ്, ഇലക്ട്രിക് മോഡലുകൾ കാരണം ചൈനയുടെ കയറ്റുമതിയിൽ കഴിഞ്ഞ വർഷത്തേക്കാൾ 16 ശതമാനത്തിന്റെ വളർച്ചയാണ് നേടിയത്.

ഇന്ത്യയെ ആഗോള കയറ്റുമതി കേന്ദ്രമാക്കാനാണ് സുസുകിയുടെ പദ്ധതി. ഇവിടെ നിന്ന് 100ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. നിലവിൽ ഏക ഇലക്ട്രിക് കാറായ ഇ-വിറ്റാര യൂറോപിലേക്ക് കയറ്റുമതി ചെയ്യുന്നത് ഇന്ത്യയിൽനിന്നാണ്. എന്നാൽ, യൂറോപ്യൻ വിപണി പിടിച്ചടക്കാനുള്ള ചൈനീസ് കമ്പനികളുടെ നീക്കം സുസുകിയെ ആശങ്കപ്പെടുത്തുന്നുണ്ട്. വില കുറച്ചാണ് ചൈനീസ് കമ്പനികൾ വാഹനങ്ങൾ വിൽക്കുന്നതെന്നും ഇങ്ങനെ പോയാൽ ഭാവിയിൽ അവർക്ക് ലാഭം നേടാൻ തന്നെ കഴിയാതാകുമെന്നും സുസുകി മോട്ടോർ പ്രസിഡന്റ് തൊഷിഹിറോ സുസുകി പറഞ്ഞു. ചൈനീസ് കമ്പനികളുടെ മത്സരം നേരിടാത്ത വിപണിയാണ് സുസുകിയുടെ ലക്ഷ്യമെന്നും ജപ്പാൻ മൊബിലിറ്റി ഷോയിൽ അദ്ദേഹം വ്യക്തമാക്കി.

ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, ചിലി, ജപ്പാൻ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഈ വർഷം സുസുകി 3.32 ലക്ഷം വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17 ശതമാനം വളർച്ച. ഫ്രോങ്ക്സ്, ജിംനി, ബലേനോ, സ്വിഫ്റ്റ് തുടങ്ങിയ ബെസ്റ്റ് സെല്ലിങ് ഇന്റേണൽ കംബസ്റ്റൻ എഞ്ചിൻ മോഡലുകൾക്കൊപ്പം ഇ-വിറ്റാരയുടെ കയറ്റുമതിയും 100ലധികം രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സുസുകി. ​

ചൈനീസ് കാർ നിർമാതാക്കൾ ഇലക്ട്രിക് വാഹന രംഗത്ത് ശക്തരാണെങ്കിലും പശ്ചിമേഷ്യ, ആഫ്രിക്ക, ​തെക്കേ അമേരിക്ക തുടങ്ങിയ വളർന്നുവരുന്ന വിപണിയിൽ സ്വാധീനം ചെലുത്താൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്ന് മിന്റ് മാഗസിന് നൽകിയ അഭിമുഖത്തിൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ അൻസൂ കിം പറഞ്ഞു. നിലവിൽ ഇന്റേണൽ കംബസ്റ്റൻ എഞ്ചിൻ മോഡലുകൾക്കാണ് ഹ്യൂണ്ടായ് പ്രധാന്യം നൽകുന്നത്. വളർന്നുവരുന്ന വിപണികൾ ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ സാങ്കേതികവിദ്യ വ്യാപകമാക്കിയാൽ ഇന്ത്യയിൽനിന്ന് കുറഞ്ഞ ചെലവിൽ കാർ ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യ, മെക്സിക്കോ, ചിലി, ദക്ഷിണാഫ്രിക്ക, പെറു എന്നിവയാണ് ഹ്യുണ്ടായി ഇന്ത്യയുടെ പ്രധാന കയറ്റുമതി രാജ്യങ്ങൾ.

ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി കമ്പനിയുടെ വളർച്ചയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഫോക്സ്‌വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യയിലെ മാർക്യൂ ബ്രാൻഡായ സ്കോഡയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക തുടങ്ങിയ മേഖലയിലെ വളർന്നു വരുന്ന രാജ്യങ്ങളിലേക്ക് ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യാമെന്നത് വലിയ അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൂണെയിലും ഔറംഗാബാദിലുമുള്ള ഫാക്ടറികളിൽനിന്ന് ഗ്രൂപ്പ് ഇതുവരെ ഏഴ് ലക്ഷത്തിലധികം വാഹനങ്ങൾ തെക്കേ അമേരിക്ക, ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, പശ്ചിമേഷ്യ തുടങ്ങിയ വിപണികളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്.

Tags:    
News Summary - global ev car makers want to increase exports from India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.